കെ. സുധാകരന്റെ പരിപാടിക്ക് സമീപം ഡി.വൈ.എഫ്.ഐ - യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം VIDEO
text_fieldsമലപ്പുറം: മലപ്പുറം നഗരത്തില്‍ ഡി.വൈ.എഫ്.ഐ., കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇടുക്കി ഗവ. കോളേജിലെ എസ്.എഫ്.ഐ. പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ് പ്രവര്‍ത്തകര്‍ നടത്തിയ റാലി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ പങ്കെടുക്കുന്ന പരിപാടിയുടെ സമീപത്തേക്ക് എത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്.
ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് മലപ്പുറം ടൗണ്‍ഹാളിനു മുന്‍പിലെത്തിയപ്പോഴാണ് വാക്കേറ്റമുണ്ടായത്. ടൗണ്‍ഹാളില്‍ കോണ്‍ഗ്രസ് മേഖലാ കണ്‍വെന്‍ഷന്‍ നടക്കുകയായിരുന്നു. കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ ഈ സമയം ടൗണ്‍ഹാളിലുണ്ടായിരുന്നു. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ചു വിളിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയിയും കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തും തടഞ്ഞെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ സ്ഥലത്ത് നിന്ന് കുന്നുമ്മലിലേക്ക് നീങ്ങി. സംഭവമറിഞ്ഞ് ടൗണ്‍ഹാളിലേക്ക് പൊലീസ് എത്തിയപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിനു നേരെ തിരിഞ്ഞു. ഡി.വൈ.എഫ്.ഐ. നടത്തിയ മാര്‍ച്ചില്‍ യൂത്ത് കോണ്‍ഗ്രസിന്റെ കൊടിയും ബാനറുകളും നശിപ്പിച്ചതില്‍ നടപടി എടുത്തില്ലെന്നാരോപിച്ചാണ് പൊലീസിനു നേരെ തിരിഞ്ഞത്.
6.45 ന് തുടങ്ങിയ സംഘര്‍ഷം അര മണിക്കൂറോളം നീണ്ടു. നഗരത്തില്‍ ഈ സമയം ഗതാഗതക്കുരുക്ക് രൂക്ഷമായി. സംഘര്‍ഷം അവസാനിക്കാറായപ്പോഴാണ് കെ. സുധാകരന്‍ ടൗണ്‍ഹാളില്‍ നിന്ന് പോയത്.
യോഗം കഴിഞ്ഞ് കെ. സുധാകരന്‍ മടങ്ങുന്നു
ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് കുന്നുമ്മല്‍ ജങ്ഷനിലേക്ക് നീക്കി. ഈ സമയം ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും അവിടെ ഉണ്ടായിരുന്നു. വീണ്ടും ഇരു കൂട്ടരും പരസ്പരം പോര്‍വിളിച്ചതോടെ പൊലീസ് ഇടപെട്ട് തടഞ്ഞു. കൂടുതല്‍ പോലീസ് എത്തിയതോടെയാണ് എല്ലാവരേയും പിരിച്ചുവിട്ടത്. ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസ് സ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.