പൊലീസുകാരെ കോടതിമുറിയിൽ പൂട്ടി; കൊല്ലം കോടതിയില്‍ പൊലീസ്- അഭിഭാഷക സംഘര്‍ഷം, പൊലീസ് ജീപ്പിന്‍റെ ചില്ല് തകർത്തു
text_fieldsകൊല്ലം: കോടതി വളപ്പിൽ അഭിഭാഷകരും പൊലീസും തമ്മിൽ സംഘർഷം. പൊലീസ് ജീപ്പിന്‍റെ ചില്ല് തകർത്തു. ഉന്തിലും തള്ളിലും രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് നിസ്സാര പരിക്കേറ്റു. പ്രതികളുമായെത്തിയ രണ്ട് പൊലീസുകാർ കോടതിമുറിയിൽ കുടുങ്ങി. ഇവർ കോടതി മുറിക്കുള്ളിൽ കയറി കതക് അടച്ചതാണെന്നും പുറത്തുനിന്ന് അഭിഭാഷകർ പൂട്ടിയതാണെന്നും രണ്ടുപക്ഷമുണ്ട്. കുറ്റക്കാരായ പൊലീസുകാരെ അറസ്റ്റ് ചെയ്യുംവരെ കോടതികള്‍ ബഹിഷ്‌കരിക്കാൻ അഭിഭാഷകർ തീരുമാനിച്ചു.
തിങ്കളാഴ്ച രാവിലെ 11ഓടെയാണ് കൊല്ലം സിവിൽ സ്റ്റേഷൻ വളപ്പിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കരുനാഗപ്പള്ളിയിൽ അഭിഭാഷകനെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച കോടതികൾ ബഹിഷ്കരിച്ച് സമരം പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധ പ്രകടനത്തിനിടെയാണ് പൊലീസുമായി സംഘർഷമുണ്ടായത്. മദ്യപിച്ച് വാഹനമോടിച്ച് ഗതാഗതതടസമുണ്ടാക്കിയെന്ന് കാട്ടി അഭിഭാഷകനായ പനമ്പില്‍ എസ്.ജയകുമാറിനെ കഴിഞ്ഞദിവസം കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ വൈദ്യപരിശോധന നടത്താതെ അഭിഭാഷകനെ വിലങ്ങുവെച്ച് ലോക്കപ്പിലിട്ടു.
ജയകുമാറിന് പൊലീസ് കസ്റ്റഡിയില്‍വെച്ച് ക്രൂരമർദനമേറ്റെന്നും ഇതിന് ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ബാര്‍ അസോസിയേഷന്‍ സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കി.
പ്രതിഷേധത്തിന്‍റെ തുടർച്ചയായാണ് തിങ്കളാഴ്ച കോടതികള്‍ ബഹിഷ്‌കരിച്ച് സമരം പ്രഖ്യാപിച്ചത്. രാവിലെ പ്രതിഷേധത്തിനിടെ കോടതി വളപ്പിലെത്തിയ വനിതാ പൊലീസ് സ്‌റ്റേഷനിലെ ജീപ്പിന്‍റെ ഗ്ലാസാണ് തകർക്കപ്പെട്ടത്. സംഘർഷത്തിനിടെ പൊലീസുകാരായ മനോഹരന്‍ പിള്ള, സുരേന്ദ്രന്‍ എന്നിവര്‍ക്ക് നിസ്സാര പരിക്കേറ്റു.
ഇതിനിടെ തിരുവനന്തപുരത്തുനിന്ന് പ്രതിയുമായെത്തിയ രണ്ട് പൊലീസുകാർ ജൂനിയർ അഭിഭാഷകരെ പിടിച്ചു തള്ളി. കൂടുതൽ അഭിഭാഷകരെത്തിയതോടെ പൊലീസുകാർ പ്രതിയുമായി കോടതി മുറിക്കുള്ളിൽ ഓടിക്കയറി. ഇവർ മണിക്കൂറുകളോളം കോടതി മുറിക്കുള്ളിൽ കുടുങ്ങി. ഒടുവിൽ ജൂനിയർ അഭിഭാഷകരോട് മാപ്പ് പറഞ്ഞ ശേഷമാണ് പുറത്തുവന്നത്.
കുറ്റക്കാരായ പൊലീസുകാരെ സര്‍വിസില്‍നിന്ന് മാറ്റിനിര്‍ത്തി നീതിപൂര്‍വമായ അന്വേഷണം നടത്തണമെന്ന് കൊല്ലം ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. പൊലീസുകാരെ അറസ്റ്റ് ചെയ്യുംവരെ കോടതികള്‍ ബഹിഷ്‌കരിക്കുമെന്നും മര്‍ദനമേറ്റ അഭിഭാഷകന്റെ ചികിത്സച്ചെലവ് അസോസിയേഷന്‍ വഹിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
കരുനാഗപ്പള്ളി സംഭവത്തിൽ നിലവിലെ അന്വേഷണസംഘത്തെ മാറ്റുന്നതു വരെ കോടതി നടപടികളിൽനിന്ന് വിട്ടുനിൽക്കാനാണ് തീരുമാനം. തിങ്കളാഴ്ചയുണ്ടായ അക്രമ സംഭവങ്ങൾ അസോസിയേഷന്റെ അറിവോടെ നടന്നതല്ലെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.