കോഴിക്കോട് ആവിക്കലിൽ സംഘർഷം; സമരക്കാർക്ക് പൊലീസ് മർദനം, ബാരിക്കേഡ് പുഴയിലെറിഞ്ഞു
text_fieldsകോഴിക്കോട്: വെള്ളയിൽ ആവിക്കൽ തോടിന്റെ കരയിൽ മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിൽ പ്രതിഷേധിച്ചുള്ള ഹർത്താലിനിടെ സംഘർഷവും കല്ലേറും ലാത്തിച്ചാർജും ഗ്രനേഡ് പ്രയോഗവും.
പൊലീസ് നാല് തവണ ഗ്രനേഡ് പ്രയോഗിച്ചു. ഗ്രനേഡ് പൊട്ടിയും ലാത്തിയടിയേറ്റും കല്ലേറ് കൊണ്ടും മറിഞ്ഞ് വീണും സ്ത്രീകളടക്കമുള്ള 17 ജനകീയ സമരസമിതി പ്രവർത്തകർക്കും എട്ട് പൊലീസുകാർക്കും രണ്ട് മാധ്യമ പ്രവർത്തകർക്കും പരിക്കേറ്റു.
ഗ്രനേഡ് ഏറിനും ലാത്തിച്ചാർജിനും ശേഷം ഇടക്കിടെയുണ്ടായ സംഘർഷത്തിലും റോഡ് തടയലിലും പകൽ മുഴുവൻ ബീച്ച് റോഡിൽ ഗതാഗതം സ്തംഭിച്ചു. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധിച്ച 250 പേർക്കെതിരെ കേസെടുത്തു. എം.കെ. രാഘവൻ എം.പി, മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി എം.എ. റസാഖ്, കെ.എം. അഭിജിത് തുടങ്ങി യു.ഡി.എഫ് നേതാക്കൾ സ്ഥലത്തെത്തി ചർച്ച ചെയ്തതോടെയാണ് ഉച്ചക്ക് ശേഷം സംഘർഷത്തിന് അയവുവന്നത്.
സാരമായി പരിക്കേറ്റ പുതിയ കടവ് തക്ബീർ ഹൗസിൽ ഹംസ (40), കോയ മോൻ (42), കോയ മോൻ (55), സൈനാസിൽ റജീഷ്(28), പന്നിയങ്കര സീനിയർ സിവിൽ പൊലീസ് ഓഫിസർ സി.പി. രമീഷ്, എം.എസ്.പിയിലെ പൊലീസുകാരായ മിഥിൻ ദാസ്, മുഹമ്മദ് സാലിഹ്, മീഡിയവൺ കാമറമാൻ സനോജ് കുമാർ ബേപ്പൂർ, ഡ്രൈവർ കെ.കെ. ഷാഫി എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ മെഡിക്കൽ കോളജ്, ഗവ. ബീച്ച് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയുള്ള ഹർത്താലിൽ രാവിലെ 9.30 ഓടെയാണ് സംഘർഷം തുടങ്ങിയത്.
തോടിന് കരയിലുള്ള പ്ലാന്റ് സൈറ്റിലേക്ക് ജനങ്ങൾ പ്രകടനമായി എത്തിയപ്പോൾ പൊലീസിന് നേരെ കല്ലേറും പട്ടികയേറുമുണ്ടായി. പുറമെ നിന്നുള്ളവരാണ് പ്രകടനത്തിനിടയിൽ കയറിക്കൂടി കല്ലെറിഞ്ഞതെന്ന് സമരസമിതി ഭാരവാഹികൾ കുറ്റപ്പെടുത്തി.
പൊലീസ് പട്ടികയും കല്ലും തിരിച്ചെറിഞ്ഞു. പ്രതിഷേധക്കാർ ഇരച്ചെത്തിയതോടെ അസി.കമീഷണർമാരായ പി. ബിജുരാജ്, കെ. സുദർശൻ, പി.കെ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ ക്യാമ്പ് ചെയ്ത വൻ പൊലീസ് സംഘം ലാത്തിച്ചാർജ് നടത്തി. എന്നിട്ടും പലയിടത്തായി ജനം കൂട്ടം കൂടിയെത്തിയതോടെ ഗ്രനേഡ് പ്രയോഗവും നടന്നു. ഇതിനിടെ ആവിത്തോട് നീന്തിക്കടന്ന് ചിലർ പ്ലാന്റ് സൈറ്റിലെത്തി.
പൊലീസിന്റെ ബാരിക്കേഡുകൾ ചിലത് തോട്ടിലെറിഞ്ഞു. പ്ലാന്റിനായി കുത്തിയ കമ്പികളും സൈറ്റിലുണ്ടായ കസേരകളും തകർത്തു. ഗ്രനേഡിന്റെ ചില്ല് തറച്ചാണ് പുതിയ കടവ് തക്ബീർ ഹൗസിൽ ഹംസക്ക് പരിക്കേറ്റത്. ലാത്തിച്ചാർജിൽ ഓടുന്നതിനിടെ നിലത്ത് വീണ സൈനാസിൽ റജീഷിനെ പൊലീസ് വളഞ്ഞിട്ട് തല്ലി. റജീഷിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മാതാവ് സൈനബിയടക്കം നോക്കി നിൽക്കെയായിരുന്നു റജീഷിനെ മർദിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.