സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടനക്കുള്ളിൽ നേതാക്കൾ തമ്മിൽത്തല്ലി
text_fieldsതിരുവനന്തപുരം: വാക്പോരിനും പരസ്പരമുള്ള പുറത്താക്കലിനും പിന്നാലെ, സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടനക്കുള്ളിൽ നേതാക്കൾ തമ്മിൽ കൈയാങ്കളിയും. അസോസിയേഷനിൽ ഒരു വിഭാഗത്തിന്റെ ട്രഷററും സെക്രട്ടേറിയറ്റ് അസി. സെക്ഷൻ ഓഫിസറുമായ കെ.എസ്. ഹാരിസിനെ മറുപക്ഷം വളഞ്ഞിട്ട് മർദിച്ചു.
മർദനമേറ്റ ഹാരിസ് ചികിത്സയിലാണ്. സംഭവത്തിൽ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് ഹാരിസ് അനുകൂല വിഭാഗം ധർണ നടത്തി. ഇന്നലെ ഉച്ചക്ക് അസോസിയേഷൻ കെട്ടിടത്തിലെ സെക്രട്ടേറിയറ്റ് സ്റ്റാഫ് സൊസൈറ്റിയിൽ പണം അടക്കാനെത്തിയപ്പോഴാണ് മർദിച്ചതെന്ന് ഹാരിസ് പരാതിയിൽ പറയുന്നു.
സെക്രട്ടേറിയറ്റ് ജീവനക്കാരായ നെയ്യാറ്റിൻകര ഡി. അനിൽകുമാർ കെ. റെജി, എ. സുധീർ, എം.എം. ജസീർ, ജയകുമാർ, ജി.ആർ. ഗോവിന്ദ്, രഞ്ജീഷ്, കെ.എം. അനിൽകുമാർ, രാമചന്ദ്രൻ നായർ, രമേശൻ, സതീഷ് കുമാർ എന്നിവർ മർദിച്ചതായാണ് ആരോപണം. വായ്പ അടക്കാനെത്തിയ ഹാരിസിനെ ഡി. അനിൽകുമാർ അസോസിയേഷൻ ഹാളിലേക്ക് വരാൻ ആംഗ്യം കാണിച്ചു. ഹാളിലെത്തിയപ്പോൾ ഗോവിന്ദും അവിടെയുണ്ടായിരുന്നു.
അസോസിയേഷൻ കാര്യങ്ങൾ സംസാരിക്കുന്നതിനിടെ, അനിൽകുമാർ വാട്സ്ആപ് വഴി വിവരം അറിയിച്ചതിനെ തുടർന്ന് മറ്റുള്ളവർ ഹാളിലെത്തി. പിന്നാലെ, മർദിച്ചു. തറയിലിട്ട് ചവിട്ടി. -പരാതിയിൽ ആരോപിക്കുന്നു. കുറച്ചുകാലമായി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ഇരുവിഭാഗമായി ചേരിതിരിഞ്ഞ് പ്രവർത്തിക്കുകയാണ്. ഇക്കാര്യത്തിൽ കെ.പി.സി.സി നിയോഗിച്ച കമ്മിറ്റിയുടെ അന്വേഷണം നടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.