അന്ന് അനുനയം, പ്രതിപക്ഷത്തെക്കാൾ വിശ്വാസം ഗവർണറെ
text_fieldsതിരുവനന്തപുരം: ഗവർണർെക്കതിരെ ശക്തമായ നിലപാട് സ്വീകരിക്കേണ്ടതിന് പകരം സ്വന്തം താൽപര്യസംരക്ഷണാർഥം വഴങ്ങിയതിന്‍റെ ഫലമാണ് രാജ്ഭവനിൽനിന്ന് ഇപ്പോൾ അനുഭവിക്കുന്നതെന്ന അഭിപ്രായം ഇടതുപക്ഷത്ത് ഉയരുന്നു. ഗവർണറുമായി ഏറ്റുമുട്ടി പോകുന്ന തമിഴ്നാട്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രിമാരെ പോലെ നിലപാട് സ്വീകരിക്കണമെന്ന അഭിപ്രായം ചില നേതാക്കൾക്ക് എങ്കിലും ഉണ്ടായിരുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അനുനയ രാഷ്ട്രീയത്തിന്‍റെ പാതയാണ് തേടിയത്.
ഗവർണറുടെ സംസ്ഥാനവിരുദ്ധ നിലപാടുകൾക്കിടെ അദ്ദേഹത്തെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷത്തെക്കാൾ സർക്കാറിനും മുഖ്യമന്ത്രിക്കും വിശ്വാസം ആരിഫ് മുഹമ്മദ് ഖാനെ ആയിരുന്നു. രാജ്ഭവനിൽ ആർ.എസ്.എസ് ബന്ധമുള്ള മാധ്യമപ്രവർത്തകനെ പേഴ്സനൽ സ്റ്റാഫായി നിയമിച്ചതിൽ കുറിപ്പ് വെച്ച പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ കുരുതികൊടുത്താണ് പിണറായി വിജയൻ ഗവർണറുടെ കോപം തണുപ്പിച്ചത്. പകരം തങ്ങളുടെ നിയമനങ്ങൾക്ക് ലഭിക്കുന്ന കൈയൊപ്പിലായിരുന്നു കണ്ണ്. സി.പി.എം നിലപാടിനെ സി.പി.ഐ കൂടി സ്വന്തമായി ചേർത്തുവെച്ചതോടെ മുഖ്യമന്ത്രിയുടെ തീരുമാനം എൽ.ഡി.എഫിന്‍റെ പൊതുനിലപാടായി മാറി.
പൗരത്വ നിയമ ഭേദഗതിക്ക് എതിരായ ഭാഗം നിയമസഭയുടെ നയപ്രഖ്യാപന പ്രസംഗത്തിൽ വായിക്കില്ലെന്ന് ശഠിച്ചപ്പോഴും മയപ്പെടുത്തിയ നിലപാടായിരുന്നു. തന്‍റെ വിയോജിപ്പ് അറിയിച്ചാണ് ഗവർണർ അന്ന് ഒടുവിൽ ആ ഭാഗം വായിച്ചത്. കർഷക ബില്ലിന് എതിരായ പ്രമേയം ചർച്ച ചെയ്യാൻ നിയമസഭ വിളിക്കണമെന്ന ആവശ്യം പരിഗണിക്കാതിരുന്നപ്പോഴും സർക്കാർ വേണ്ടുവോളം ക്ഷമ കാട്ടിയെന്ന ആക്ഷേപം ശക്തമായിരുന്നു.
ലോകായുക്ത, സർവകലാശാല ഭേദഗതി ബില്ലുകളിലാണ് ഒടുവിൽ ഗവർണറുടെ ഉടക്ക്. സർക്കാറിന് എതിരായ വിമർശനം എന്ന നിലയിൽ നിന്ന് മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിക്കുന്നതിലേക്ക് ഗവർണർ കടന്നതോടെയാണ് 'തയാറെടുപ്പോടെ'യാണ് രാജ്ഭവൻ മുന്നോട്ട് പോകുന്നതെന്ന തിരിച്ചറിവ് സി.പി.എമ്മിനും എൽ.ഡി.എഫിനും ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.