ഖത്തറില്‍ ഡ്രൈവര്‍ ജോലി: അഭിമുഖത്തിനിടെ സംഘർഷം
text_fieldsകൽപറ്റ: ഖത്തറില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്ത് സ്വകാര്യ ഏജന്‍സി നടത്തിയ കൂടിക്കാഴ്ചക്കിടെ സംഘര്‍ഷം. അഭിമുഖം തട്ടിപ്പാണെന്ന് ആരോപിച്ച് ഒരു വിഭാഗം ഉദ്യോഗാര്‍ഥികള്‍ രംഗത്തെത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. ഉദ്യോഗാർഥികളും ഇൻറര്‍വ്യൂ നടത്താന്‍ എത്തിയവരും തമ്മില്‍ കൈയാങ്കളിയുമുണ്ടായി. കല്‍പറ്റ പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. വിസക്ക് പണം വേണ്ടെന്ന് പരസ്യത്തില്‍ പറഞ്ഞിരുന്നുവെങ്കിലും ഇടനിലക്കാര്‍ 50,000 രൂപ ആവശ്യപ്പെട്ടുവെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആരോപണം. കല്‍പറ്റയിലെ സമസ്ത ജില്ല കാര്യാലയത്തില്‍ നടന്ന അഭിമുഖമാണ് വിവാദത്തില്‍ കലാശിച്ചത്.
കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നായി ആയിരത്തിലധികം പേരാണ് എത്തിയത്. തിരുവനന്തപുരം, കൊല്ലം തുടങ്ങിയ വിദൂര ജില്ലകളില്‍നിന്നുവരെ ഉദ്യോഗാർഥികള്‍ എത്തിയിരുന്നു. ഖത്തര്‍, ജി.സി.സി ഡ്രൈവിങ് ലൈസൻസുള്ളവര്‍ക്ക് ഖത്തറിലേക്ക് പോകാന്‍ സുവര്‍ണാവസരം എന്ന് കോഴിക്കോട് വെസ്റ്റ് നടക്കാവിലെ ലോയല്‍ ആന്‍ഡ് ഓസ്‌കാര്‍ ഏജന്‍സി നല്‍കിയ പരസ്യം കണ്ടാണ് ആളുകള്‍ എത്തിയത്.
തിങ്കളാഴ്ച രാവിലെ അഭിമുഖം ആരംഭിച്ചപ്പോൾ തെരഞ്ഞെടുക്കപ്പെട്ടവരുടെ പാസ്‌പോര്‍ട്ട് ഇൻറര്‍വ്യൂ ബോര്‍ഡ് വാങ്ങിവെച്ചു. അടുത്ത ദിവസം കൊച്ചിയില്‍ മറ്റൊരു ടെസ്റ്റ് നടക്കുമെന്നും ഉദ്യോഗാർഥികളെ അറിയിച്ചു. കൂടിക്കാഴ്ച പുരോഗമിക്കുന്നതിനിടെയാണ് വിസക്ക് 50,000 രൂപ ഇടനിലക്കാർ ആവശ്യപ്പെട്ടതായി ചിലർ ആക്ഷേപമുയര്‍ത്തിയത്.
പറഞ്ഞതിലും കുറവ് ശമ്പളമാണ് ഇൻറര്‍വ്യൂ സമയത്ത് അറിയിച്ചതെന്നുള്ള ആക്ഷേപവും ഉദ്യോഗാർഥികള്‍ ഉയര്‍ത്തി. ഇൻറര്‍വ്യൂ നടത്തിയവര്‍ക്ക് അതിനുള്ള അനുമതിയുണ്ടോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 25ഓളം ഉദ്യോഗാർഥികള്‍ കല്‍പറ്റ പൊലീസില്‍ പരാതി നല്‍കി. അനുമതിയില്ലെന്ന് വ്യക്തമായാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. നിലവില്‍ ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ല. രജിസ്‌ട്രേഷന്‍ ഫീസായി 150ഓളം ഉദ്യോഗാർഥികളില്‍നിന്ന് സംഘാടകര്‍ 200 രൂപ വീതം ഈടാക്കിയിരുന്നു. ഇത് തിരിച്ചുകൊടുപ്പിക്കാന്‍ നടപടി സ്വീകരിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, റിക്രൂട്ടിങ് പരിപാടിക്കിടെ ചിലർ പ്രശ്നങ്ങളുണ്ടാക്കുകയായിരുന്നെന്നാണ് ലോയല്‍ ആന്‍ഡ് ഓസ്‌കാര്‍ ഏജന്‍സി നൽകുന്ന വിശദീകരണം. കോഴിക്കോട് വെസ്റ്റ് നടക്കാവിൽ 28 വർഷമായി നിയമാനുസൃതം പ്രവർത്തിക്കുന്ന സ്ഥാപനമാണ് ലോയല്‍ ആന്‍ഡ് ഓസ്‌കാര്‍ ഏജന്‍സിയെന്ന് പാർടണർ ആസാദ് അബൂബക്കർ പറഞ്ഞു. കൽപറ്റയിൽ നടത്തിയ ഇന്‍റർവ്യൂ നിയമപരമായ എല്ലാ അനുമതികളോടെയുമായിരുന്നു. ചിലർ മന:പ്പൂർവം പ്രശ്നങ്ങളുണ്ടാക്കുകയായിരുന്നെന്നും സംശയകരമായ ചി വ്യക്തികളുടെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നുവെന്നും അതിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ആസാദ് അബൂബക്കർ അറിയിച്ചു.
കൂടിക്കാഴ്ച: സമസ്തക്ക് ബന്ധമില്ല
കല്‍പറ്റ: കോഴിക്കോട് നടക്കാവിലെ ലോയല്‍ ആൻഡ് ഓസ്‌കാര്‍ ഏജന്‍സി സംഘടിപ്പിച്ച കൂടിക്കാഴ്ചയുമായി ഒരു ബന്ധവുമില്ലെന്ന് സമസ്ത ജില്ല കാര്യാലയം അറിയിച്ചു. കാര്യാലയത്തിലെ ഹാള്‍ മറ്റ് ആളുകള്‍ക്ക് പരിപാടികള്‍ സംഘടിപ്പിക്കാന്‍ നല്‍കാറുണ്ട്. കൂടിക്കാഴ്ച നടത്താനുള്ള പൊലീസ് അനുമതിയടക്കം കാണിച്ചാണ് അവര്‍ ഹാള്‍ ആവശ്യപ്പെട്ടത്. സാധാരണപോലെ ഹാള്‍ പരിപാടി നടത്താനായി കൊടുക്കുക മാത്രമാണ് ഓഫിസുമായി ബന്ധപ്പെട്ടവര്‍ ചെയ്തത്. കൂടിക്കാഴ്ച നടക്കുന്ന വേദി എന്ന നിലയിലാണ് പരസ്യങ്ങളില്‍ സമസ്ത ജില്ല കാര്യാലയം എന്ന് അവര്‍ എഴുതിച്ചേര്‍ത്തതെന്നും ജില്ല ഭാരവാഹികള്‍ വാര്‍ത്തകുറിപ്പില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.