സ്കൂൾ കലോത്സവത്തിനിടെ സംഘർഷം: മൂന്ന് ജീവനക്കാർക്ക് പരിക്ക്
text_fieldsകഴക്കൂട്ടം: ആക്കുളം എം.ജി.എം സ്കൂളിൽ നടന്ന സഹോദയ കലോത്സവത്തിനിടെ വിധിനിർ ണയവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് സംഘർഷം. മൂന്ന് സ്കൂൾ ജീവനക്കാർക്ക് പരിക്കേറ്റു. ബ്ലൂ മൗണ്ട് സ്കൂളിലെ ജീവനക്കാരായ അരുൺ, അൻസിൽ, സുബിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
സെപ്റ്റംബർ 29,30, ഒക്ടോബർ 1 തിയതികളിലാണ് ട്രിവാൻഡ്രം സഹോദയ കലോത്സവം നടന്നത്. അവസാന ദിവസമായ ഒക്ടോബർ 1ന് വൈകീട്ട് ആറ് മണിയോടുകൂടിയാണ് സംഘർഷം നടന്നത്. ആദ്യ രണ്ട് ദിവസം തോന്നയ്ക്കൽ ബ്ലൂ മൗണ്ട് സ്കൂളാണ് മുന്നേറിയിരുന്നത്. അവസാന ദിവസം എം.ജി.എം സ്കൂൾ ഗ്രേഡ് പോയിന്റിൽ തിരിമറി നടത്തിയെന്നാരോപിച്ച് ബ്ലൂ മൗണ്ട് സ്കൂൾ ചോദ്യം ചെയ്തു. ഇതാണ് സംഘർഷത്തിൽ കലാശിച്ചത്.
സംഭവത്തിൽ ബ്ലൂ മൗണ്ട് സ്കൂൾ അധികൃതരുടെ പരാതിയിൽ തുമ്പ പൊലീസ് കേസെടുത്തു. അതേസമയം, തങ്ങളെ മർദിച്ചുവെന്ന് ചൂണ്ടിക്കാട്ടി എം.ജി.എം സ്കൂൾ അധികൃതരും പൊലീസിനെ സമീപിച്ചിട്ടുണ്ട്.
സംഘർഷത്തിനുശേഷം സ്കൂളിൻറെ ലോഗോ ദുരുപയോഗം ചെയ്ത് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതായി ബ്ലൂ മൗണ്ട് സ്കൂൾ സൈബർ പൊലീസിൽ പരാതി നൽകി. നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് ചെയർമാൻ അഡ്വ. കെ. വിജയൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.