ആയിരം യുവാക്കൾക്ക് പത്ത് യുവതികൾ മാത്രം; കണ്ണൂരിലെ മിശ്രവിവാഹ വേദിയിൽ സംഘർഷം
text_fieldsപയ്യന്നൂർ: മിശ്രവിവാഹത്തിനെത്തിയ നൂറുകണക്കിന് യുവാക്കൾ പങ്കാളികൾ ഇല്ലാത്തതിനാൽ നിരാശരായി മടങ്ങി. ‘ജാതിയും മതവും ജോലിയും സമ്പത്തും നോക്കാതെ ഒന്നിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീപുരുഷന്മാർക്ക് വിവാഹ വേദി ഒരുക്കുന്നു’ എന്ന സന്ദേശം സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിച്ചതിെൻറ അടിസ്ഥാനത്തിൽ സംസ്ഥാനത്തിെൻറ വിവിധഭാഗങ്ങളിൽനിന്നായി ആയിരത്തോളം യുവാക്കളാണ് പയ്യന്നൂർ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിലെത്തിയത്.
എന്നാൽ, സ്ത്രീകളുടെ സാന്നിധ്യമാകട്ടെ പത്തിൽ താഴെയായിരുന്നു. ഒടുവിൽ രസീത്പോലും നൽകാതെ യുവാക്കളിൽനിന്ന് സംഘാടകർ രജിസ്ട്രേഷൻ ഫീസ് എന്നപേരിൽ 100 രൂപവീതം വാങ്ങാൻ തുടങ്ങിയതോടെ മിശ്രവിവാഹവേദിയിൽ അപസ്വരമുയർന്നു. പത്ത് പെൺകുട്ടികളെ കാണിച്ച് ഇത്രയും േപരിൽനിന്ന് 100 രൂപവീതം വാങ്ങുന്നത് നിരവധി െചറുപ്പക്കാർ ചോദ്യംചെയ്തതോടെ േവദിയിൽ വാക്കേറ്റമായി.
വിവാഹ കമ്പോളത്തിലെ ഇന്നത്തെ അവസ്ഥയെ മുതലെടുത്ത് ചെറുപ്പക്കാരെ ആകർഷിച്ച് പണം തട്ടുന്ന നിലപാടാണ് സംഘാടകർ സ്വീകരിച്ചതെന്ന് മേളക്കെത്തിയ ചില യുവാക്കൾ ആരോപിച്ചു. പ്രശ്നം സംഘർഷത്തോടടുത്തതോടെ പൊലീസിന് ഇടപെടേണ്ടിവന്നു. രജിസ്ട്രേഷൻ ഇനത്തിൽ വാങ്ങിച്ച തുക തിരിച്ചുനൽകുമെന്ന് സംഘാടകർ അറിയിച്ചെങ്കിലും എത്രപേർക്ക് കിട്ടി എന്നതിൽ അവ്യക്തതയുണ്ട്.
അതേസമയം, ജാതിരഹിത സമൂഹത്തിനായി കേരള മിശ്രവിവാഹവേദിയുടെ നേതൃത്വത്തിൽ നടന്ന ജാതിമതസ്ത്രീധനരഹിത വൈവാഹികസംഗമം അലങ്കോലപ്പെടുത്താൻ ചിലർ ശ്രമം നടത്തിയതായി ബന്ധപ്പെട്ടവർ ആരോപിച്ചു. മുന്നൂറോളം പേരെ മാത്രമാണ് പ്രതീക്ഷിച്ചത്. രാവിലെ ഒമ്പതിനായിരുന്നു രജിസ്ട്രേഷൻ. എന്നാൽ, സംഘാടകരുടെ പ്രതീക്ഷ തെറ്റിച്ച് രക്ഷിതാക്കളടക്കം ആയിരത്തിലധികം പേരാണ് എത്തിച്ചേർന്നത്. ചില വാട്സ്ആപ് ഗ്രൂപ്പുകളിൽ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അവസരമുണ്ടാകും എന്ന രീതിയിൽ ചിലർ നടത്തിയ വ്യാജപ്രചാരണമാണ് ഇതിനിടയാക്കിയതെന്ന് മിശ്രവിവാഹവേദി സംസ്ഥാന സെക്രട്ടറി ശൂരനാട് ഗോപൻ പറഞ്ഞു.
ഭക്ഷണത്തിനും രജിസ്ട്രേഷനുമായി 100 രൂപയാണ് ഈടാക്കിയിരുന്നത്. എന്നാൽ, ജാതിമതരഹിത വിവാഹത്തിനെ എതിർക്കുന്ന ചിലർ ഇതിനിടയിൽ നുഴഞ്ഞുകയറി കുഴപ്പം സൃഷ്ടിക്കുകയായിരുന്നു. രജിസ്ട്രേഷൻ ആവശ്യമില്ലാത്തവർക്ക് തുക തിരിച്ചുനൽകാൻ തയാറായതോടെ ഇത്തരക്കാർ മുങ്ങുകയായിരുന്നെന്നും ശൂരനാട് ഗോപൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.