ബി.ജെ.പിയിൽ പൊട്ടിത്തെറി തുടങ്ങി; സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കണമെന്ന് ആവശ്യം
text_fieldsകോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാകാത്തതിന് പിന്നാലെ ബി.ജെ.പിയിൽ കലാപക്കൊടി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ സ്ഥാനത്തു നിന്ന് നീക്കണമെന്ന ആവശ്യവുമായി ശോഭാ സുരേന്ദ്രൻ-കൃഷ്ണദാസ് പക്ഷങ്ങൾ രംഗത്തെത്തിക്കഴിഞ്ഞു. സുരേന്ദ്രനെതിരെ അമർഷമുള്ള നേതാക്കൾ പലരും കിട്ടിയ അവസരത്തിൽ ആഞ്ഞടിക്കാനുള്ള നീക്കത്തിലാണ്.
സുരേന്ദ്രനെ നീക്കണമെന്നും സംഘടനാ നേതൃത്വത്തിൽ പുന:സംഘടന വേണമെന്നും ശോഭാസുരേന്ദ്രൻ-കൃഷ്ണദാസ് പക്ഷങ്ങൾ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് വിവരം. ഇടഞ്ഞുനിൽക്കുന്നവരെയും മുതിർന്ന നേതാക്കളെയും ഒരുമിപ്പിച്ച് ഒറ്റക്കെട്ടായി കൊണ്ടുപോകുന്നതിൽ സുരേന്ദ്രൻ പരാജയപ്പെട്ടതാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
പ്രതീക്ഷിച്ച നേട്ടം ഈ തെരഞ്ഞെടുപ്പിലുണ്ടാക്കാൻ എൻ.ഡി.എക്ക് സാധിച്ചിരുന്നില്ല. ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ 2015നെക്കാൾ വർധനവുണ്ടായെങ്കിലും ബ്ലോക്, ജില്ല പഞ്ചായത്തുകളിൽ നേട്ടമുണ്ടാക്കാനായില്ല. തിരുവനന്തപുരം കോർപറേഷനിൽ വിജയിക്കുമെന്ന ഉറച്ച വിശ്വാസത്തിന് തിരിച്ചടിയേറ്റതും ബി.ജെ.പിക്ക് കനത്ത ക്ഷീണമുണ്ടാക്കി. ബി. ഗോപാലകൃഷ്ണൻ, എസ്. സുരേഷ് തുടങ്ങിയ നേതാക്കളുടെ പരാജയവും തിരിച്ചടിയായി.
തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ കാരണങ്ങൾ പരിശോധിച്ച് കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന നേതൃത്വം റിപ്പോർട്ട് നൽകും. യു.ഡി.എഫും എൽ.ഡി.എഫും ഒത്തുകളിച്ചുവെന്ന് കെ. സുരേന്ദ്രൻ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.