ഫുട്ബാൾ കളിക്കിടെ കുസാറ്റിൽ സംഘർഷം; രണ്ട് വിദ്യാർഥികൾ അടക്കം മൂന്ന് പേർക്ക് പരിക്ക്
text_fieldsകളമശ്ശേരി: കുസാറ്റിൽ ഫുട്ബാൾ കളിക്കിടെ പന്ത് പിടിച്ചുവെച്ചതിനെ ചൊല്ലി പുറമെനിന്ന് എത്തിയവരും വിദ്യാർഥികളും തമ്മിൽ തർക്കം സംഘർഷത്തിൽ കലാശിച്ചു. മർദനത്തിൽ രണ്ട് വിദ്യാർഥികൾ അടക്കം മൂന്നുപേർക്ക് പരിക്കേറ്റു. പത്ത് കുസാറ്റ് വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. കൊച്ചി സർവകലാശാല എറീന ഗ്രൗണ്ടിൽ ഫുട്ബാൾ കളിക്കിടെ പന്ത് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
മൂലേപ്പാടത്ത് വാടകക്ക് താമസിക്കുന്ന കമ്പം സ്വദേശി സതീഷിന്‍റെ (25) പരാതിയിലാണ് വിദ്യാർഥികൾക്കെതിരെ കേസെടുത്തത്. രാത്രി എട്ടോടെ പുറമെനിന്നുള്ള പരാതിക്കാരൻ മറ്റ് മൂന്ന് പേർക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ പന്ത് വിദ്യാർഥികൾ പിടിച്ചെടുത്തു. ഇത് ചോദ്യം ചെയ്തപ്പോൾ മർദിച്ചതായാണ് പരാതി. സതീഷന്‍റെ കൈക്ക് പരിക്കേറ്റു. എന്നാൽ, കളിച്ചുകൊണ്ടിരിക്കെ ഗ്രൗണ്ടിൽ ഇരുന്ന പുറമെനിന്നുള്ളവർ പന്ത് കൈവശപ്പെടുത്തുകയും ചേദിച്ചപ്പോൾ മർദിക്കുകയായിരുന്നുവെന്നാണ് വിദ്യാർഥികൾ പറയുന്നത്.
വിവരമറിഞ്ഞ് കൂടുതൽ വിദ്യാർഥികൾ എത്തിയതോടെ പുറമെനിന്നുള്ള ഒരാൾ ഒഴികെ മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. ഇയാളെ തടഞ്ഞുവെക്കുന്നതിനിടെ പൊലീസെത്തി ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു. സംഘർഷത്തിൽ രണ്ട് ബി.ടെക് വിദ്യാർഥികൾക്കും പരിക്കേറ്റതായും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.