ആഗ്രഹിച്ച സീറ്റ് ലഭിക്കില്ലെന്ന് വന്നതോടെ മുഖം കറുപ്പിച്ച് പ്രമുഖ ബി.ജെ.പി നേതാക്കൾ
text_fieldsതിരുവനന്തപുരം: ഇഷ്ടപ്പെട്ട സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ ‘പിണങ്ങി’ ബി.ജെ.പി നേതാക്കൾ. മുൻവർഷങ്ങളിൽ ഒരു ബുദ്ധിമുട്ടുമില്ലാതെ സീറ്റ് ലഭിച്ചിരുന്ന പല നേതാക്കൾക്കും ഇക്കുറി ഇഷ്ടപ്പെട്ട സീറ്റ് ലഭിക്കില്ലെന് ന് ഉറപ്പായി. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീകറുടെ നിര്യാണത്തെതുടര്‍ന്ന് ഡൽഹിയിൽ ചര്‍ച്ച മുടങ്ങിയതോടെ സ്ഥാനാർ ഥിപട്ടികയിൽ അന്തിമതീരുമാനം എടുക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. ചൊവ്വാഴ്ച വൈകീേട്ടാടെ പട്ടിക വരു മെന്ന പ്രതീക്ഷയിലാണ് കേരളഘടകം.
തൃശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ കാര്യത്തില്‍ തീരുമാനമായതോടെ മറ്റു മണ്ഡലങ്ങളിലെ ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥികളുടെ പട്ടികയുമായിട്ടുണ്ട്. തൃശൂർ ബി.ഡി.ജെ.എസിന് വിട്ടുകൊടുക്കാനുള്ള തീരുമാനത്തിൽ ബി.ജെ.പി ജില്ലകമ്മിറ്റി ഉൾപ്പെടെ കടുത്ത അതൃപ്തിയിലാണ്. തീരുമാനം ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനാണ് കനത്ത തിരിച്ചടിയായത്. പത്തനംതിട്ട, തൃശൂർ സീറ്റുകളിൽ ഏതെങ്കിലും ലഭിച്ചില്ലെങ്കിൽ മത്സരിക്കില്ലെന്ന നിലപാടിലായിരുന്നു സുരേന്ദ്രൻ.
എന്നാൽ, പത്തനംതിട്ടയും സുരേന്ദ്രന് നഷ്ടപ്പെടുമെന്ന നിലയിലാണ് കാര്യങ്ങൾ. സ്ഥാനാർഥിയാകാനില്ലെന്ന് പറഞ്ഞുനടന്ന സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ്. ശ്രീധരൻപിള്ള പത്തനംതിട്ടയിൽ വരാനാണ് സാധ്യത. മണ്ഡലത്തിൽ നിന്നുള്ള ഒന്നാം പേരുകാരനും പിള്ള തന്നെ. സുരേന്ദ്രന് ആറ്റിങ്ങൽ നൽകി തൃപ്തിപ്പെടുത്തുമെന്നാണ് കേൾവി. തര്‍ക്കമുള്ള സീറ്റുകളില്‍ അന്തിമ തീരുമാനം ദേശീയ അധ്യക്ഷന്‍ അമിത് ഷായുടേതാകും.
പത്തനംതിട്ടക്കുവേണ്ടിയായിരുന്നു നേതാക്കളുടെ ഇടി. സുരേന്ദ്രൻ, പിള്ള എന്നിവരുടെ പേരുകളാണ് ഡൽഹിയിലേക്ക് പോയതെങ്കിലും അവിടെയെത്തിയപ്പോൾ കേന്ദ്രമന്ത്രി അൽേഫാൻസ് കണ്ണന്താനം, എം.ടി. രമേശ് എന്നിവരും വന്നു. പത്തനംതിട്ട ലഭിക്കില്ലെന്ന് ഉറപ്പായതോടെ മെറ്റാരിടത്തും മത്സരിക്കില്ലെന്ന് കണ്ണന്താനം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
എറണാകുളത്ത് കണ്ണന്താനത്തെ സ്ഥാനാർഥിയാക്കാനും നീക്കം നടന്നിരുന്നു. ഇദ്ദേഹമില്ലെങ്കിൽ എറണാകുളത്ത് ടോം വടക്കനും അവതരിച്ചേക്കാം.ഇഷ്ട സീറ്റില്ലെങ്കില്‍ മത്സരിക്കില്ലെന്ന നിലപാടിലാണ് ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശും ശോഭാ സുരേന്ദ്രനും. രമേശ് പത്തനംതിട്ടയും ശോഭ പാലക്കാടുമാണ് ആഗ്രഹിച്ചത്. എന്നാൽ, രമേശിന് കോഴിക്കോടും ശോഭക്ക് ആറ്റിങ്ങലും നൽകാമെന്ന നിലയിലായിരുന്നു നേതൃത്വം. ഇരുവരും ഇവിടങ്ങളിൽ മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.