തിരുവനന്തപുരം നഗരസഭാ യോഗത്തിനിടെ സംഘര്‍ഷം: മേയറടക്കം അഞ്ചു പേർക്ക് പരിക്ക്
text_fieldsതിരുവനന്തപുരം: നഗരത്തിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയം അംഗീകരിക്കാത്തതിൽ പ്രകോപിതരായ ബി.ജെ.പി അംഗങ്ങൾ കൗൺസിൽ ഹാളിൽ അതിക്രമം അഴിച്ചുവിട്ടു. കൗൺസിൽ യോഗം കഴിഞ്ഞ് ഒാഫിസിലേക്ക് കയറാൻ ശ്രമിച്ച മേയർ വി.കെ. പ്രശാന്തിനെ ബി.ജെ.പി കൗൺസിലർമാർ കോണിപ്പടിയിൽനിന്ന് കാലിൽ വലിച്ച് നിലത്തിട്ടു. കാലിലും നെഞ്ചിലും പരിക്കേറ്റ മേയറെ മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
കൈയേറ്റത്തിനിടെ മേയറുടെ സുരക്ഷ ജീവനക്കാരൻ മോഹനൻ, പി.എ ജിൻരാജ്, കളിപ്പാൻകുളം കൗൺസിലർ റസിയാബീഗം, മെഡിക്കൽ കോളജ് കൗൺസിലർ സിന്ധു എന്നിവർക്കും പരിക്കേറ്റു. ഇവരും ചികിത്സയിലാണ്. മേയർക്ക് നേരെയുള്ള ബി.ജെ.പി അതിക്രമത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് കൗൺസിലർമാരും കോർപറേഷൻ ജീവനക്കാരും കോർപറേഷന് മുന്നിൽ കുത്തിയിരിപ്പുസമരം നടത്തി. സംഭവമറിഞ്ഞ് വൻ പൊലീസ് സന്നാഹവുമെത്തി.
രാവിലെ ചേർന്ന കൗൺസിൽ യോഗ നടപടികൾക്ക് ശേഷമാണ് കോർപറേഷന് തന്നെ നാണക്കേടായ സംഭവവികാസങ്ങൾ അരങ്ങേറിയത്. ഭരണം മൂന്നാംവർഷത്തിലേക്ക് കടക്കുന്ന ദിനത്തിലാണ് അനിഷ്ടസംഭവങ്ങൾ അരങ്ങേറിയത്. കൗൺസിൽ യോഗം കഴിഞ്ഞ് ഒാഫിസിലേക്ക് പോയ മേയറെ പ്രതിപക്ഷ പാർട്ടി നേതാവ് ഗിരികുമാറിെൻറ നേതൃത്വത്തിലെത്തിയ ബി.ജെ.പി കൗൺസിലർമാർ വഴിയിൽ തടഞ്ഞു. സംഭവമറിഞ്ഞ് ഭരണകക്ഷി കൗൺസിലർമാർ എത്തുംമുമ്പ് തന്നെ ൈകയേറ്റം നടന്നു.
ഭരണകക്ഷി കൗൺസിലർമാർ കൂടി എത്തിയതോടെ പ്രശ്നം രൂക്ഷമായി. പിടിവലി നടത്തിയ ബി.ജെ.പിക്കാർ സുരക്ഷ ജീവനക്കാർക്കിടയിലൂടെ ഓഫിസിലേക്ക് കയറാൻ ശ്രമിച്ച മേയറുടെ ഷർട്ട് വലിച്ചുകീറി. വീണ്ടും കോണിപ്പടിവഴി മുകളിലേക്ക് കയറവേയാണ് കാലിൽ വലിച്ച് നിലത്തിട്ടത്. അടിതെറ്റി പടിക്കെട്ടിൽ വീണ മേയറെ കൗൺസിലർ ഐ.പി. ബിനുവും മറ്റുള്ളവരും ചേർന്നാണ് എഴുന്നേൽപിച്ച് ഓഫിസിലേക്ക് കൊണ്ടുപോയത്. ഓഫിസിൽ എത്തിയ മേയർക്ക് ദേഹാസ്വാസ്ഥ്യവും തളർച്ചയും അനുഭവപ്പെതിനെ തുടർന്ന് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
അറ്റകുറ്റപ്പണിക്ക് അമിത കൂലിയാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനാവശ്യപ്പെട്ട് മേയർ എം.പിമാർക്കും എം.എൽ.എമാർക്കും കത്തയച്ചിരുന്നു. ഇത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷപാർട്ടി നേതാവ് ഗിരികുമാർ പ്രമേയം നൽകിയിരുന്നു. ഇത് നിയമവിരുദ്ധമാണെന്നും മേയർ അയച്ച കത്ത് പിൻവലിക്കണമെന്ന് കൗൺസിലർക്ക് ആവശ്യപ്പെടാൻ സാധിക്കില്ലെന്നും മേയർ റൂളിങ് നൽകി. ഇതിന് പിന്നാലെയാണ് ബി.ജെ.പി പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയത്. ബഹളത്തിനിടെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റികൾ പാസാക്കിയ വിഷയങ്ങൾ അവതരിപ്പിച്ച് മേയർ കൗൺസിൽ യോഗം അവസാനിച്ചതായി അറിയിച്ചു. ഇതിനുശേഷം ഓഫിസിലേക്ക് പോകുമ്പോഴാണ് മേയറെ ബി.ജെ.പി കൗൺസിലർമാർ ആക്രമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.