'പൊലീസ് കാവിൽ കയറി കളിക്കേണ്ട, കാര്യങ്ങൾ നോക്കാൻ ഞങ്ങളുണ്ട്'; തലശ്ശേരി മണോളിക്കാവിൽ പൊലീസിനെ ആക്രമിച്ച സി.പി.എം പ്രവർത്തകർക്കെതിരെ കേസ്
text_fieldsതലശ്ശേരി: ഇല്ലത്ത് താഴെ മണോളിക്കാവ് ക്ഷേത്രോത്സവത്തിനിടെ പൊലീസിനെ അക്രമിച്ച സി.പി.എം പ്രവർത്തകർക്കെതിരെ കേസ്. കണ്ടാലറിയുന്ന 20ഓളം പേർക്കെതിരെയാണ് കേസെടുത്തത്.
ക്ഷേത്രോത്സവത്തിനിടെയുണ്ടായ സി.പി.എം - ബി.ജെ.പി സംഘർഷം തടയാനെത്തിയതായിരുന്നു പൊലീസ്. തെയ്യം കെട്ടിയാടുന്നതിനിടെ സി.പി.എം പ്രവർത്തകർ ഇൻക്വിലാബ് സിന്ധാബാദ് മുദ്രാവാക്യം മുഴക്കി. ഇത് ബി.ജെ.പി പ്രവർത്തകർ ചോദ്യം ചെയ്തതോടെയാണ് ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടിയത്.
സംഘർഷം തടയാൻ എത്തിയ പൊലീസിന് നേരെയും കൈയേറ്റമുണ്ടായി. സി.പി.എം പ്രവർത്തകർ സംഘം ചേർന്ന് മർദിച്ചെന്നാണ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ഇല്ലത്ത് താഴെ മണോളിക്കാവിൽ തമ്പുരാട്ടിയെയും ചോമപ്പൻ തെയ്യത്തെയും കാവിൽ കയറ്റുന്നതിനിടെയാണ് സി.പി.എം പ്രവർത്തകർ മുദ്രവാക്യം മുഴക്കിയത്. ഇത് ബി.ജെ.പി പ്രവർത്തകർ ചോദ്യം ചെയ്തു. ഇതോടെ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റവും കൈയ്യാങ്കളിയുമുണ്ടായി.
രംഗം ശാന്തമാക്കുന്നതിനും സംഘർഷം ഒഴിവാക്കുന്നതിനുമായി സ്ഥലത്തുണ്ടായിരുന്ന തലശ്ശേരി എസ്.ഐ ടി.കെ. അഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇടപ്പെട്ടു. തെയ്യത്തെ കാവിൽ കയറ്റിയതിന് ശേഷവും ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടി. ഇവരെ പിടിച്ചു മാറ്റുന്നതിനിടയിൽ സി.പി.എം പ്രവർത്തകർ പൊലീസിന് നേരെ ഭീഷണി മുഴക്കുകയും ആക്രമിക്കുകയുമായിരുന്നു എന്നാണ് പരാതി.
പൊലീസ് കാവിൽ കയറി കളിക്കേണ്ട, കാവിലെ കാര്യങ്ങൾ നോക്കാൻ ഞങ്ങളുണ്ട്, കളിക്കാൻ നിന്നാൽ ഒരൊറ്റ യെണ്ണം തലശ്ശേരി സ്റ്റേഷനിലുണ്ടാവില്ല എന്ന് ഭീഷണി മുഴക്കിയാണ് സി.പി.എം പ്രവർത്തകർ പൊലീസിന് നേരെ തിരിഞ്ഞത്.
സി.പി.എം പ്രവർത്തകരായ ദിപിൻ രവീന്ദ്രൻ, ജോഷിത്ത്, ഷിജിൽ, ചാലി വിപിൻ, സിനീഷ് രാജ്, സന്ദേശ് പ്രദീപ്, ഷിബിൻ എന്നിവരും കണ്ടാലറിയാവുന്ന 20 ഓളം പേരും ചേർന്ന് കുറ്റം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ പൊലീസിൻ്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാണ് കേസ്.
എസ്.ഐ ടി.കെ. അഖിലിൻ്റെ പരാതി പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. എസ്.ഐ അഖിലിന്റെ യൂനിഫോം കോളറിൽ ദിപിൻ പിടിച്ചു വലിക്കുകയും ജോഷിത്ത് കഴുത്തിന് പിടിച്ച് അമർത്തുകയും ചെയ്തെന്നാണ് പരാതി. തടയാൻ ശ്രമിച്ച പൊലീസുകാരെ മറ്റുള്ളവർ സംഘം ചേർന്ന് മർദിച്ചതായും പരാതി ഉയർന്നു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തെ തുടർന്ന് സ്ഥലത്ത് സംഘർഷാന്തരീക്ഷം നിലനിൽക്കുകയാണ്. ഉത്സവസമയത്ത് മുൻ കാലങ്ങളിലും ഇവിടെ സി.പി.എം - ബി.ജെ.പി സംഘർഷം നിലനിന്നിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.