പാലക്കാട്ട് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
text_fieldsബി.ജെ.പി ജില്ല കമ്മിറ്റി ഓഫിസിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ ഭീഷണിപ്രസംഗം നടത്തിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി പാലക്കാട് ജില്ല കമ്മിറ്റി ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധക്കാർക്കെതിരെ പൊലീസ് ലാത്തിവീശി. പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയതോടെ ജലപീരങ്കി പ്രയോഗിച്ചു. സമരം ഉദ്ഘാടനംചെയ്ത കോൺഗ്രസ് വക്താവ് സന്ദീപ് വാരിയർ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രവർത്തകരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടും പൊലീസിനെതിരെയും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ നേതൃത്വത്തിൽ ടൗൺ സൗത്ത് സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സി.പി.എമ്മിന്റെ പൊലീസ് ബി.ജെ.പിയെ സഹായിക്കുകയാണെന്ന് സന്ദീപ് വാരിയർ ആരോപിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഓഫിസിലേക്ക് ബുധനാഴ്ച രാവിലെ ബി.ജെ.പി നടത്തിയ പ്രതിഷേധത്തിൽ കൊലവിളിപ്രസംഗം നടത്തിയതിൽ പ്രതിഷേധിച്ചാണ് വൈകീട്ട് യൂത്ത് കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചത്. അഞ്ചുവിളക്കിൽനിന്ന് ആരംഭിച്ച മാർച്ച് ബി.ജെ.പി ഓഫിസിനു സമീപം മാധവിയമ്മ മെമ്മോറിയൽ സഹകരണ ആശുപത്രിക്കു മുന്നിൽ പൊലീസ് തടഞ്ഞു. ഈസ്റ്റ് ജില്ല പ്രസിഡന്റ് പ്രശാന്ത് ശിവന്റെ നേതൃത്വത്തിൽ ബി.ജെ.പി പ്രവർത്തകരും ഓഫിസിനു മുന്നിൽ സംഘടിച്ചിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. വലിയ സംഘർഷമായതോടെ പൊലീസ് ലാത്തിവീശി. ജലപീരങ്കിയും പ്രയോഗിച്ചു. തുടർന്ന് വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് കെ.എസ്. ജയഘോഷ്, കൗൺസിലർ മൻസൂർ മണലാഞ്ചേരി, യൂത്ത് കോൺഗ്രസ് നേതാവ് സദ്ദാം ഹുസൈൻ തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്.
യൂത്ത് കോൺഗ്രസ് മാർച്ചിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്താൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ നേതൃത്വത്തിൽ ടൗൺ സൗത്ത് സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസിനെ പ്രവർത്തകർ കൈയേറ്റംചെയ്തു. രാത്രിയിലും പ്രതിഷേധം തുടർന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും തന്റെ സ്റ്റാഫിനെയും പൊലീസ് മർദിച്ചതായി രാഹുൽ ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.