തിരുവനന്തപുരത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
text_fieldsതിരുവനന്തപുരം: ‘സംയമനത്തിൽനിന്ന് പ്രതിരോധത്തിലേക്ക്’ സമരലൈൻ മാറിയതിന്റെ നേർചിത്രമായിരുന്നു സെക്രട്ടേറിയറ്റിലേക്ക് നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിൽ പ്രകടമായത്. ‘വിജയൻ മുഖ്യമന്ത്രിയോ, മുഖ്യഗുണ്ടയോ’ എന്ന ബാനർ തന്നെ നിലപാടിലെ ചുവടുമാറ്റം വ്യക്തം. മാർച്ച് സെക്രട്ടേറിയറ്റിനടുത്തേക്ക് എത്തിയത് മുതൽ തന്നെ മുഖ്യമന്ത്രിയുടെ ചിത്രമുള്ള ഫ്ലക്സ് ബോർഡുകളടക്കം തകർത്തും റോഡിലേക്ക് വലിച്ചെറിഞ്ഞുമായിരുന്നു പ്രവർത്തകർ നീങ്ങിയത്.
പ്രതിപക്ഷനേതാവ് മുന്നിൽനിന്ന് നയിച്ച മാർച്ചിൽ, മുന്നിലെ ബാനറിനെ മറികടന്ന് രോഷത്തോടെ നീങ്ങിയ പ്രവർത്തകരെ നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിക്കുന്നതും ബാനറിലേക്ക് പിന്നിലേക്ക് മാറാൻ അനൗൺസ്മെന്റ് വാഹത്തിൽനിന്ന് ആവർത്തിച്ച് വിളിച്ച് പറയുന്നതും കാണാമായിരുന്നു. സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിപക്ഷനേതാവടക്കം അഭിസംബോധന ചെയ്യുന്നതിന് നിശ്ചയിച്ചിരുന്നെങ്കിലും പ്രവർത്തകർ വന്നയുടൻ ബാരിക്കേഡ് തള്ളിക്കടക്കാനാണ് ശ്രമിച്ചത്. നേതാക്കൾ ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചു. ഉദ്ഘാടനവും പ്രസംഗങ്ങളുമെല്ലാം കഴിഞ്ഞതോടെയാണ് പ്രക്ഷോഭം വീണ്ടും കൊടുമ്പിരികൊണ്ടത്. പ്രതിപക്ഷനേതാവിന്റെ സാന്നിധ്യവും ഉദ്ഘാടനത്തിലെ പരാമർശങ്ങളുമായപ്പോൾ പ്രവർത്തകർക്കും ആത്മവിശ്വാസം. ഇതോടെ സമീപകാലത്തില്ലാത്തവിധം സമരമുറകളിലേക്ക് പ്രവർത്തകർ കടന്നു.
ഒരേസമയം പലയിടങ്ങളിൽ പൊലീസിന് നേരെ തിരിഞ്ഞതോടെ പൊലീസും സമ്മർദത്തിലായി. സെക്രട്ടേറിയറ്റ് മതിൽ ചാടിക്കടക്കുന്നത് തടയാൻ ഷീൽഡുകളുമായി മതിൽക്കെട്ടിന് സമീപം നിന്ന പൊലീസുകാരുമായി പ്രവർത്തകർ നേർക്കുനേർ ഏറ്റുമുട്ടി. വടിയും തടിക്കഷണവും കൊണ്ടുള്ള അടിയിൽ പൊലീസ് ഷീൽഡുകൾ തകർന്നു. വനിത പ്രവർത്തകരടക്കം മതിൽ ചാടി ഉള്ളികൾ കടക്കാനും ശ്രമിച്ചു. ജലപീരങ്കി ഉപയോഗിച്ച് പ്രവർത്തകരെ നേരിടാനുള്ള ശ്രമവും വിഫലമായി. പ്രവർത്തകർ ജലപീരങ്കിക്ക് മുന്നിൽ വാഹനം മുന്നലേക്കെടുക്കുന്നത് തടസ്സപ്പെടുത്തി. ചിലർ ജലപീരങ്കി വാഹനത്തിന്റ മുന്നിലെ ഗ്ലാസിലേക്ക് തൂങ്ങിക്കയറി. ഈ ഭാഗത്തെ ഇരുമ്പ് ഷീൽഡുകൾ ഇളക്കിമാറ്റാനും ശ്രമിച്ചു.
ഒരു മണിക്കൂർ നീണ്ട സംഘർഷാവസ്ഥക്ക് ശേഷവും പ്രവർത്തകർ അയയുന്നില്ലെന്ന് വന്നതോടെയാണ് അറസ്റ്റ് നീക്കത്തിലേക്ക് പൊലീസ് കടന്നത്. പ്രവർത്തകരിലൊരാളെ ബലം പ്രയോഗിച്ച് ബസിനുള്ളിലാക്കിയായിരുന്നു തുടക്കം. എന്നാൽ ബസിന്റെ ജനാലയിലൂടെ ഇദ്ദേഹത്തെ സഹപ്രവർത്തകർ പുറത്തേക്കെത്തിച്ചു. മാത്രമല്ല, മറ്റൊരു ബസിന്റെ ഡ്രൈവർ കാബിൻ ഭാഗത്തെ ചില്ലുകളും തകർത്തു.
വനിത പ്രവർത്തകർക്കർക്ക് നേരെയുള്ള കൈയേറ്റത്തോടെ സാഹചര്യങ്ങൾ വീണ്ടും മാറി. പിടികൂടിയ പ്രവർത്തകയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി വനിത പ്രവർത്തകർ പൊലീസിന് നേരെ തിരിഞ്ഞത് കൈയാങ്കളിക്ക് ഇടയാക്കി. പ്രവർത്തകയുടെ വസ്ത്രം കീറുന്നതിലേക്കും കാര്യങ്ങളെത്തി.
പിന്നാലെ സമരം ഉദ്ഘാടനം ചെയ്ത് മടങ്ങിയ പ്രതിപക്ഷനേതാവും സമരമുഖത്തേക്കെത്തിയതോടെ പ്രവർത്തകർ വീണ്ടും സംഘടിച്ചു.
വനിത പ്രവർത്തകരെ തന്റെ വാഹനത്തിൽ കയറ്റി അയച്ചശേഷം പ്രതിപക്ഷനേതാവ് പ്രകടനമായി ഡി.സി.സി ഓഫിസിലേക്ക് പോയി.
കലാപകലുഷിതമാക്കിയത് പിണറായി -സുധാകരന്
തിരുവനന്തപുരം: തലസ്ഥാനത്തെ കലാപകലുഷിതമാക്കിയത് പിണറായി വിജയന്റെ ധാര്‍ഷ്ട്യവും ക്രിമിനല്‍ മനസ്സുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എംപി. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കല്യാശ്ശേരി മുതല്‍ കൊല്ലം വരെ മുഖ്യമന്ത്രിയുടെ ആശീര്‍വാദത്തോടെ ഗണ്മാന്മാരും പൊലീസുകാരും ഡി.വൈ.എഫ്.ഐക്കാരും തല്ലിച്ചതച്ചതിനോടുള്ള യുവജനങ്ങളുടെ അണപൊട്ടിയ വികാരമാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ പ്രതിഫലിച്ചത്. ആ മാര്‍ച്ചിനെപ്പോലും തല്ലിയൊതുക്കാനാണ് പിണറായി പൊലീസ് ശ്രമിച്ചത്.
കുട്ടികളെ അകാരണമായി തല്ലരുതെന്ന് താന്‍ നേരത്തേ പിണറായിക്ക് മുന്നറിയിപ്പ് നൽകിയതാണ്. കോണ്‍ഗ്രസിന്റെ യഥാർഥ സമരമുറകള്‍ പിണറായി കാണാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.