യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; രണ്ട് പൊലീസുകാർക്കും ആറ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും പരിക്ക്
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ആറ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. സമരക്കാർക്കുനേരെ പൊലീസ് ലാത്തി വീശുകയും ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിക്കുകയും ചെയ്തു. പൊലീസിനുനേരെ സമരക്കാർ കല്ലെറിഞ്ഞു. സെക്രട്ടേറിയറ്റിനുള്ളിലേക്ക് കുപ്പിയേറും നടന്നു. ഒന്നര മണിക്കൂർ സെക്രട്ടേറിയറ്റ് പരിസരത്ത് തെരുവുയുദ്ധത്തിന് സമാനമായ സംഘർഷമാണ് നടന്നത്. എം.ജി റോഡിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ഗ്രനേഡ് എറിഞ്ഞെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചെങ്കിലും പൊലീസ് നിഷേധിച്ചു.
യൂത്ത് കോൺഗ്രസ് സമരം സംഘർഷത്തിലേക്ക് നീങ്ങാനുള്ള സാധ്യത മനസ്സിലാക്കി പൊലീസ് മുന്നൊരുക്കം നടത്തിയിരുന്നു. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ ഉദ്ഘാടന പ്രസംഗം അവസാനിച്ചതിനുപിന്നാലെ ബാരിക്കേഡ് തള്ളിനീക്കി സമരക്കാർ പ്രകോപനം തുടങ്ങി. ആദ്യം സംയമനം പാലിച്ചെങ്കിലും വൈകാതെ പൊലീസ് സമരക്കാരെ തുരത്താൻ നടപടി തുടങ്ങി.
ജലപീരങ്കി പ്രയോഗിച്ചപ്പോൾ സമരക്കാർ കമ്പും കല്ലും കുപ്പിയുമായി പൊലീസിനെ നേരിട്ടു. തുടർന്ന് പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി. 56 കണ്ണീർവാതക ഷെല്ലുകളാണ് പ്രയോഗിച്ചത്.കന്റോൺമെന്റ് എസ്.എച്ച്.ഒ മുഹമ്മദ് ഷാഫി, എസ്.ഐ ദിൽജിത്ത് എന്നിവർക്കും സജ്ന വി. സാജൻ, ഷമീർ ഖാൻ, എസ്.കെ. അനു, അരുൺ, റിയാസ്, ബുഷ്റ എന്നീ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുമാണ് പരിക്കേറ്റത്. കാസർകോട് ജില്ല സെക്രട്ടറി സ്വരാജ് കാനത്തൂർ, തിരുവനന്തപുരത്തെ പ്രവർത്തകൻ ശ്യാംലാൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചു. സംഘർഷം തുടരുമെന്ന ഘട്ടത്തിൽ സമരം അവസാനിപ്പിക്കുന്നതായി ഷാഫി പറമ്പിൽ പ്രഖ്യാപിച്ചതോടെ പ്രവർത്തകർ പിരിഞ്ഞുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.