സഹപാഠി ഐക്യം സിന്ദാബാദ്; അശോകൻ ‘ക്ലാസിൽ’ കേറി
text_fieldsഗുരുവായൂര്: വിവാഹ വേദിയാണെന്നത് മറന്ന് സുനിൽകുമാർ മുഷ്ടിചുരുട്ടി വിളിച്ചു ! സഹപാഠി ഐക്യം, സിന്ദാബാദ്. ഏറ്റുവിളിക്കാൻ ചാവക്കാട് എം.ആര്.ആര്.എം ഹൈസ്കൂളിലെ 1983-84 ബ ാച്ചിലെ ‘കുട്ടികൾ’ മൊത്തം ഉണ്ടായിരുന്നു. ‘കുട്ടിയുടെ’ കല്യാണം കൂടാനെത്തിയ ദിവാകരൻ മ ാഷും പ്രഭാകരൻ മാഷും ഭവാനി ടീച്ചറും സുന്ദരി ടീച്ചറുമൊക്കെ അതിൽ പങ്കുചേർന്നു. ജീവിതപ്രാരാബ്ധങ്ങളിൽ വിവാഹം മറന്നു പോയ അശോകനെ സഹപാഠികൾ ചേർന്ന് കുടുംബ ജീവിതത്തിെൻറ ക്ലാസിൽ കയറ്റിയ അപൂർവ മുഹൂർത്തം അങ്ങനെ അവിസ്മരണീയമായി. വധൂഗൃഹത്തിൽ നടന്ന വിവാഹച്ചടങ്ങിൽ മാലയെടുത്ത് നൽകിയത് പഴയ പ്രധാനാധ്യാപിക എൻ.ആർ. ശോഭ. ഇപ്പോഴത്തെ പ്രധാനാധ്യാപിക കെ.എസ്. സരിതകുമാരി സാക്ഷിയും.
അപൂർവ വിവാഹത്തിലെ നായകൻ അശോകനും നായിക അജിതക്കും ആശംസകൾ നേരാൻ കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ, ഗുരുവായൂർ നഗരസഭാധ്യക്ഷ വി.എസ്. രേവതി, നടൻ ജയരാജ് വാര്യർ, അശോകെൻറ അയൽവാസിയായിരുന്ന ചാവക്കാട് നഗരസഭാധ്യക്ഷൻ എൻ.കെ. അക്ബർ, അർബൻ ബാങ്ക് ഭരണ സമിതി അംഗങ്ങളായ വി. വേണുഗോപാൽ, പി. യതീന്ദ്രദാസ്, കെ.പി. ഉദയൻ തുടങ്ങി നിരവധി പേരെത്തി. ഖാദറും വാര്യരും ചേർന്ന് പാട്ടുകൾ പാടിയപ്പോൾ ബാച്ചിലെ ‘പെൺകുട്ടികളായ’ ഫെമിന, ഫൗസിയ, ജ്യോതി, ലത, ഷൈലജ, ബൽക്കീസുമൊക്കെ കൈകൊട്ടും നൃത്തച്ചുവടുകളുമായി രംഗം കൊഴുപ്പിച്ചതോടെ സദസ്സ് ഇളകി മറിഞ്ഞു.
ഷൈൻ, അബ്ദുൽ ഗഫൂർ, സുനിൽ, റഷീദ്, ബാബു, ഷാജി, റാഫി, ദിലീപ് എന്നിവരുടെ നേതൃത്വത്തിൽ 'ആൺകുട്ടികൾ’ അതിഥികളെ സത്കരിക്കാൻ ഓടിനടന്നു. ജീവിതത്തിെൻറ ‘ഹാഫ് സെഞ്ച്വറി’ തികച്ചവരുടെ ആട്ടവും പാട്ടും കാണാൻ മക്കളും പേരക്കുട്ടികളുമടങ്ങുന്ന സദസ്സും. ടി.എൻ. പ്രതാപൻ എം.പി ഫോണിലൂടെ ആശംസ നേർന്നു. തങ്ങൾക്കെല്ലാം കുടുംബ ജീവിതമായിട്ടും അശോകൻ ‘ബാച്ച്ലര്’ ആയി തുടരുന്നത് കണ്ടാണ് മൂന്ന് മാസം മുമ്പ് സഹപാഠിക്ക് വേണ്ടി പെണ്ണുകാണാനിറങ്ങിയത്.
ഗുരുവായൂരിലെ ഓട്ടോ ഡ്രൈവറായ അശോകൻ അർബൻ ബാങ്കിലെ രാത്രികാല കാവൽക്കാരനുമാണ്. ആഭരണങ്ങളും വസ്ത്രങ്ങളുമെല്ലാം ചെറുക്കനും പെണ്ണിനും സമ്മാനിച്ചതും ക്ഷണക്കത്തും വിവാഹ വിരുന്നുമെല്ലാം ഒരുക്കിയതും സഹപാഠികൾ തന്നെ. സഹപാഠികൾ കൂട്ടുകാരന് ജീവിതം നൽകുന്ന വാർത്ത ‘മാധ്യമ’ത്തിലൂടെ അറിഞ്ഞ് മലപ്പുറത്ത് നിന്ന് അഞ്ചംഗ സംഘം ആശംസ നേരാനെത്തിയതും കൗതുകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.