തെളിവില്ല; സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്ക് ക്ലീൻ ചിറ്റ്
text_fieldsതിരുവനന്തപുരം: സോളാർ പീഡനക്കേസിൽ മുന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ബി.ജെ.പി നേതാവ് എ.പി. അബ്ദുല്ലക്കുട്ടിക്കും സി.ബി.ഐയുടെ ക്ലീൻചിറ്റ്. ഉമ്മൻ ചാണ്ടി ക്ലിഫ്ഹൗസിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതി വാസ്തവവിരുദ്ധമാണെന്നും ഇതു തെളിയിക്കുന്ന വിവരങ്ങളൊന്നും ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടി തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സി.ബി.ഐ റിപ്പോർട്ട് നൽകി. അബ്ദുല്ലക്കുട്ടിക്കെതിരായ പരാതിയിലും സമാന റിപ്പോർട്ടാണ് സമർപ്പിച്ചത്.
ഇതോടെ സോളാർ പീഡനക്കേസുകളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എല്ലാകേസുകളിലെയും പ്രതികളെ സി.ബി.ഐ കുറ്റമുക്തരാക്കി. എ.ഐ.സി.സി. ജന.സെക്രട്ടറി കെ.സി. വേണുഗോപാൽ, അടൂർ പ്രകാശ് എം.പി, ഹൈബി ഈഡൻ എം.എൽ.എ, എ.പി. അനിൽകുമാർ എന്നിവർക്കാണ് സി.ബി.ഐ നേരത്തേ ക്ലീൻചിറ്റ് നൽകിയത്. പരാതിക്കാരിയുടെ നിലപാട് കൂടി കേട്ടശേഷം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി സി.ബി.ഐ റിപ്പോർട്ടുകളിൽ അന്തിമതീരുമാനം കൈക്കൊള്ളും. വർഷങ്ങളായി കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാർ പീഡന പരാതികൾ ഫലത്തിൽ അപ്രസക്തമായി.
പരാതിക്കാരിയും സി.പി.എമ്മും ഉൾപ്പെടെ ഉന്നയിച്ച ആക്ഷേപങ്ങളും പരാതികളും അപ്പാടെ തള്ളുകയാണ് സി.ബി.ഐ. മൊഴിയിൽ പറഞ്ഞ ദിവസം പരാതിക്കാരി ക്ലിഫ്ഹൗസിൽ എത്തിയിരുന്നില്ലെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. പീഡിപ്പിക്കുന്നത് മുൻ എം.എൽ.എ പി.സി. ജോർജ് കണ്ടെന്നും അദ്ദേഹത്തിന് എല്ലാം അറിയാമെന്നുമുള്ള പരാതിക്കാരിയുടെ മൊഴിയും തള്ളി. താൻ ദൃക്സാക്ഷിയാണെന്നത് കളവെന്നായിരുന്നു ജോർജ് അന്വേഷണ സംഘത്തിന് നൽകിയ മൊഴി.
പീഡന പരാതിയിൽ അബ്ദുല്ലക്കുട്ടിക്കെതിരെയാണ് സി.ബി.ഐ ആദ്യം കേസെടുത്തത്. തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ വെച്ച് അബ്ദുല്ലക്കുട്ടി പീഡിപ്പിച്ചെന്ന ആരോപണം വിശ്വസനീയമല്ലെന്ന് സി.ബി.ഐ കണ്ടെത്തി. ആറ് കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരുന്നത്. ആറ് കേസുകളിലും പരാതിക്കാരിയുടെ മുഴുവൻ വാദങ്ങളും ഹാജരാക്കിയ തെളിവുകളും തള്ളിയാണ് സി.ബി.ഐ റിപ്പോർട്ട്. സോളാർ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസുകളാണ് പരാതിക്കാരിയുടെ ആവശ്യപ്രകാരം പിണറായി സർക്കാർ സി.ബി.ഐക്ക് വിട്ടത്.
സി.ബി.ഐ റിപ്പോർട്ടുകൾ തള്ളണമെന്ന് കോടതിയിൽ ആവശ്യപ്പെടുമെന്ന് പരാതിക്കാരി പ്രതികരിച്ചു. നീതിക്കായി ഏതറ്റം വരെയും പോകും. ബി.ജെ.പി നേതാവ് അബ്ദുല്ലക്കുട്ടിയെ വെള്ളപൂശാനാണ് എല്ലാവരെയും കുറ്റമുക്തരാക്കിയത്. ഇത് അംഗീകരിക്കില്ല. തനിക്ക് നീതി ലഭിക്കും വരെ നിയമപോരാട്ടം തുടരുമെന്നും അവർ പ്രതികരിച്ചു.
ഉമ്മൻ ചാണ്ടിക്കെതിരെ ഇനി നിയമ നടപടിക്കില്ലെന്നാണ് ആദ്യം പരാതിക്കാരി പ്രതികരിച്ചത്. ഉമ്മൻചാണ്ടിയുടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് തീരുമാനമെന്നും അവർ കൂട്ടിച്ചേർത്തിരുന്നു. എന്നാൽ, നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് എല്ലാവർക്കുമെതിരായ റിപ്പോർട്ട് തള്ളണമെന്ന ആവശ്യം ഉന്നയിക്കാൻ തീരുമാനിച്ചതെന്ന് അവർ പിന്നീട് തിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.