റേഷൻ വ്യാപാരികൾക്ക് അടി, ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ്; കെ.ആർ.ഒ പരിഷ്കരണം അന്തിമഘട്ടത്തിൽ
text_fieldsതിരുവനന്തപുരം: റേഷൻ ഭക്ഷ്യധാന്യങ്ങൾ കട്ടുമുടിക്കുന്ന ഉദ്യോഗസ്ഥർക്കും കരാറുകാർക്കും സംരക്ഷണമൊരുക്കി കേരള ടി.പി.ഡി.എസ് (കൺട്രോൾ) ഓർഡർ അന്തിമഘട്ടത്തിലേക്ക്.
റേഷൻ സാധനങ്ങൾ തിരിമറി നടത്തുന്ന വ്യാപാരികൾക്കെതിരെ മാത്രം ശിക്ഷാനടപടികൾ സ്വീകരിച്ചുകൊണ്ടും എന്നാൽ ഇതിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥ -കരാർ ലോബിക്ക് 'ക്ലീൻ ചിറ്റ്' നൽകിയുമുള്ള ഭേദഗതികളാണ് കേരള ടാർജറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റത്തിലുള്ളത്. കരട് ഭേദഗതിയിന്മേലുള്ള പരിഷ്കരണനടപടികൾ പൂർത്തിയാക്കി, അന്തിമ ഭേദഗതി മൂന്നാഴ്ചക്കുള്ളിൽ സിവിൽ സപ്ലൈസ് ഡയറക്ടർ ഭക്ഷ്യവകുപ്പിന് സമർപ്പിക്കും.
കേന്ദ്ര ഭക്ഷ്യഭദ്രതാ നിയമം സംസ്ഥാനത്ത് നടപ്പാക്കിയതിെൻറ പശ്ചാത്തലത്തിലാണ് 1966ലെ കേരള റേഷനിങ് ഓഡറിൽ മാറ്റംവരുത്തി പി.ഡി.എസ് മാതൃകയിൽ പുതിയ നിയമം കൊണ്ടുവരാൻ തീരുമാനിച്ചത്. സിവിൽ സപ്ലൈസ് ഡയറക്ടറേറ്റിനായിരുന്നു നിയമഭേദഗതി തയാറാക്കാനുള്ള ചുമതല.
എന്നാൽ, ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തയാറാക്കിയ ഭേദഗതികളിൽ കരിഞ്ചന്തക്ക് ചുക്കാൻപിടിക്കുന്ന ഉദ്യോഗസ്ഥ- കരാർ ലോബിക്കെതിരെ യാതൊരു ശിക്ഷാനടപടിയും ഉൾക്കൊള്ളിച്ചിട്ടില്ല.
കഴിഞ്ഞ മൂന്നുവർഷത്തിനിെട മാത്രം റേഷൻ തിരിമറിയുമായി ബന്ധപ്പെട്ട് 150ഓളം ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടിയെടുത്തത്. നിരവധി കരാറുകാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. എന്നിട്ടും ഇവർക്കെതിരായ യാതൊരു നടപടിയും ഭേദഗതിയിൽ ഉൾപ്പെടുത്താത്തത് നീതീകരിക്കാനാകില്ലെന്ന് വ്യാപാരികൾ പറയുന്നു.
പരിശോധനവേളയിൽ സാധനങ്ങളിൽ കുറവ് കണ്ടെത്തിയാൽ വ്യാപാരിയെ ശിക്ഷിക്കാൻ വ്യവസ്ഥ ചെയ്യുമ്പോൾതന്നെ എൻ.എഫ്.എസ്.എ- സ്വകാര്യ ഗോഡൗണുകളിൽ സാധനങ്ങളുടെ കുറവിന് ആരൊക്കെ ഉത്തരവാദിയായിരിക്കുമെന്ന് ഭേദഗതിയിലില്ല.
ഗോഡൗണുകളിൽനിന്ന് ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നതിന് മുമ്പ്, റേഷനിങ് ഇൻസ്പെക്ടറുടെയും ക്വാളിറ്റി കൺട്രോളറുടെയും നേതൃത്വത്തിൽ ഗുണനിലവാരം ഉറപ്പാക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, മോശം അരി കടയിലെത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടിയെടുക്കുമെന്ന കാര്യത്തിലും മൗനം പാലിക്കുന്നു.
താലൂക്ക്, ജില്ല സപ്ലൈ ഓഫിസർമാർ മാസംതോറും റേഷൻ കടകൾ പരിശോധിക്കണമെന്ന് നിർദേശമുണ്ടെങ്കിലും ഈ നിർദേശം പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരായ എന്ത് നടപടിയെന്നതിലും അവ്യക്തതയാണ്. ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും നേതൃത്വത്തിൽ നടക്കുന്ന വാതിൽപ്പടി വിതരണത്തെ സംബന്ധിച്ചും തട്ടിപ്പിെൻറ കേന്ദ്രങ്ങളായി മാറുന്ന എൻ.എഫ്.എസ്.എ-സ്വകാര്യ ഗോഡുകളിലെ പരിശോധനകളെ സംബന്ധിച്ചും കെ.ആർ.ഒയിൽ പരാമർശിക്കുന്നില്ല.
കട നടത്താൻ 10 ജയിക്കണം
തിരുവനന്തപുരം: പത്താം ക്ലാസ് ജയിക്കാത്തവർക്ക് ഇനി റേഷൻകട അനുവദിക്കില്ല. കേരള റേഷനിങ് ഓഡർ പരിഷ്കരണവുമായി ബന്ധപ്പെട്ടാണ് ഇത്തരമൊരു ഭേദഗതി ഭക്ഷ്യവകുപ്പ് കൊണ്ടുവരുന്നത്. നിലവിൽ കട നടത്തുന്നവർക്ക് നിയമം പ്രശ്നമാകില്ല.
കാർഡിൽ ഉൾപ്പെട്ട ആരെങ്കിലും മരിച്ചാൽ 30 ദിവസത്തിനകം താലൂക്ക് സപ്ലൈ ഓഫിസിൽ വിവരമറിയിക്കണം. വീട്ടിലെ ഏതെങ്കിലും അംഗത്തിന് റേഷൻകടയുണ്ടെങ്കിൽ മറ്റൊരാൾക്ക് കട നടത്താനാകില്ല.
ലൈസൻസിയുടെ മരണത്തെതുടർന്ന് മക്കൾക്ക് അനന്തരാവകാശമായി ലൈസൻസിന് അപേക്ഷിക്കാനാകില്ല. 21-62 വയസ്സിന് ഇടയിലുള്ളവർക്ക് മാത്രം കട നടത്താം. കടകളിൽ കുറഞ്ഞത് രണ്ടുമാസത്തെ ഭക്ഷ്യധാന്യം സംഭരിക്കാനുള്ള ശേഷിയുണ്ടാകണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.