ശുചീകരണത്തിന് ജനം മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പനിയും മറ്റ് പകർച്ചവ്യാധികളും വ്യാപിക്കുന്നത് തടയാൻ ജനം ഒറ്റക്കെട്ടായി ശുചീകരണപ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ പാർട്ടികളും തദ്ദേശസ്ഥാപന പ്രതിനിധികളും സാമൂഹിക- സാംസ്‌കാരിക- സന്നദ്ധസംഘടനകളും ക്ലബുകളുമെല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ ശുചീകരണത്തിൽ പങ്കാളികളാകണമെന്നും മുഖ്യമന്ത്രി വാർത്തകുറിപ്പിൽ അഭ്യർഥിച്ചു.
മാലിന്യനിർമാർജനത്തിന് പൊതുജന സഹകരണത്തോടെ സർക്കാർ ആത്മാർഥമായ ശ്രമങ്ങൾ നടത്തിവരികയാണ്. അതിൽ പൂർണവിജയം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യമാണ് പകർച്ചപ്പനി വ്യാപിക്കാൻ ഇടയാക്കുന്നത്. മാലിന്യനിർമാർജനവും കൊതുക് നശീകരണവും ഫലപ്രദമായി നടത്തിയ പ്രദേശങ്ങളിൽ പനി വ്യാപിക്കുന്നതിൽ കുറവുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പനി വ്യാപിക്കുന്നത് തടയാനും രോഗംബാധിച്ചവർക്ക് അടിയന്തരചികിത്സ ലഭ്യമാക്കാനും സാധ്യമായ എല്ലാനടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ട്. എല്ലാ സർക്കാർ ആശുപത്രികളിലും ആവശ്യത്തിന് മരുന്നും ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. മാലിന്യനിർമാർജനം പൂർണമാക്കുകയും ശുചീകരണത്തിൽ ശ്രദ്ധിക്കുകയും ചെയ്തില്ലെങ്കിൽ പകർച്ചവ്യാധികളെ അകറ്റി നിർത്താൻ കഴിയില്ല. വ്യക്തിശുചിത്വം മാത്രം പോര, വീടും പരിസരവും പൊതുസ്ഥലങ്ങളുമെല്ലാം വൃത്തിയായി സൂക്ഷിക്കാൻ ഓരോവ്യക്തിക്കും ഉത്തരവാദിത്തമുണ്ട്. പ്രശ്നത്തിെൻറ ഗൗരവം ഉൾക്കൊണ്ട് ജനങ്ങളാകെ ഒറ്റമനസ്സോടെ ശുചീകരണ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.