കാമ്പയിനുമായി ശുചിത്വ മിഷന്; ആറ്റുകാല്‍ പൊങ്കാലയില്‍ ഹരിതചട്ടം പാലിക്കണം
text_fieldsതിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയില്‍ ഹരിതചട്ടം പാലിക്കുന്നതിന് ശക്തമായ പ്രചാരണ പരിപാടികളുമായി ശുചിത്വ മിഷന്. ‘ഗ്രീന്‍ പൊങ്കാല സേഫ് പൊങ്കാല’, ‘ആരാധിക്കാം പ്രകൃതിയെ നോവിക്കാതെ’ എന്ന പ്രമേയത്തില്‍ ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റും തിരുവനന്തപുരം കോര്‍പറേഷനും ശുചിത്വ മിഷനുമായി ചേര്‍ന്നാണ് പ്രചാരണം സംഘടിപ്പിക്കുന്നത്.
നിരോധിത വസ്തുക്കള്‍ക്കൊപ്പം ഏകോപയോഗ വസ്തുക്കളേയും പൊങ്കാല സമയത്ത് ഒഴിവാക്കണമെന്നാണ് നിര്‍ദേശം. നിരോധിത വസ്തുക്കള്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് വലിയ പിഴ ഈടാക്കും. ആറ്റുകാല്‍ പൊങ്കാലയില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ അടങ്ങിയ കത്ത് ആറ്റുകാല്‍ ക്ഷേത്ര ഭാരവാഹികള്‍ക്ക് ജില്ല ശുചിത്വ മിഷന് നൽകിയിട്ടുണ്ട്. മന്ത്രി എം.ബി. രാജേഷിന്റെ ഓഫിസ്, ജില്ല കലക്ടറേറ്റ്, തിരുവനന്തപുരം കോര്പറേഷന് എന്നിവിടങ്ങളില്‍ നടന്ന യോഗങ്ങളുടെ അടിസ്ഥാനത്തിലാണ് മാര്‍ഗരേഖയും പ്രവര്‍ത്തന പദ്ധതിയും തയാറാക്കിയതെന്ന് ശുചിത്വ മിഷന്റെ ജില്ല കോഓഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.
ഭക്ഷണവിതരണത്തിന് സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസുകളും ഉപയോഗിക്കണം. കുടിവെള്ളം കൊണ്ടുവരുന്നതിനായി സ്റ്റീല്‍ കുപ്പികള്‍ കരുതണം. പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കണം. നിവേദ്യം തയാറാക്കുന്നതിനായി കൊണ്ടുവരുന്ന സാധനങ്ങളുടെ പ്ലാസ്റ്റിക് കവറുകള്‍ നീക്കം ചെയ്ത് വരണം. പ്ലാസ്റ്റിക് കവറുകള്‍ അടുപ്പുകളിലിട്ട് കത്തിക്കരുത്. ഏതെങ്കിലും സാഹചര്യത്തില്‍ പ്ലാസ്റ്റിക് കവറുകള്‍ കൊണ്ടു വന്നാല്‍ അവ തിരികെ കൊണ്ടുപോകണം. മാലിന്യം നഗരത്തില്‍ ഉപേക്ഷിക്കുന്ന സാഹചര്യമുണ്ടാവരുതെന്നും ഭാരവാഹികള്‍ അറിയിച്ചു.
ബോധവത്കരണത്തിന്റെ ഭാഗമായി നഗരത്തിലുടനീളം ഹരിതചട്ട വാഹന പ്രചാരണവും നടത്തുന്നുണ്ട്. വാഹന പ്രചാരണത്തിന്റെ ഫ്ലാഗ് ഓഫ് ചടങ്ങ് ശുചിത്വ മിഷന് എക്സിക്യൂട്ടിവ് ഡയറക്ടര്‍ യു.വി. ജോസ്, ആറ്റുകാല്‍ ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് വി. ശോഭ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.
പ്രചാരണത്തിന് ഹാഷ് ടാഗ് അടങ്ങിയ ചിത്രങ്ങളും പോസ്റ്ററുകളും സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നുണ്ട്. ‘പ്ലാസ്റ്റിക് രഹിത പൊങ്കാല’ കാമ്പയിനൊപ്പം ഭക്ഷണം വിതരണം ചെയ്യുന്നവര്‍, കച്ചവടക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള പ്രത്യേക നിര്‍ദേശവും ശുചിത്വമിഷന് നൽകിയിട്ടുണ്ട്. ഹരിതചട്ടം പാലിക്കുന്നതിനായി ജില്ല ശുചിത്വ മിഷന് ഗ്രീന്‍ ആര്‍മിക്ക് പരിശീലനവും നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.