കാലിയാകുന്ന കടലും ബോട്ടും വി.െഎ.പി മത്തിയും
text_fields''ആകെ അറിയാവുന്നത് മീൻപിടിത്തം മാത്രമാണ്. തീരക്കടലിൽ മീൻ പിടിച്ച് മക്കളെ പോറ്റാനാണ് ദുരിതം സഹിച്ചും കടലിലേക്കിറങ്ങുന്നത്. ബോട്ടുകളെപ്പോലെ ആഴക്കടലിൽ ചെന്ന് മീൻ പിടിക്കാൻ ഞങ്ങൾക്ക് കഴിയില്ല. വലയിട്ടാലും മീനില്ലാത്ത സ്ഥിതിയാണ്. ഓരോ കൊല്ലം കഴിയുംതോറും മത്സ്യലഭ്യത കുറയുന്നതാണ് കാരണം.
ഒരു സുരക്ഷയുമില്ലാതെ ജീവൻ പണയംവെച്ച് കടലിലിറങ്ങുമ്പോഴും വല്ലതും കിട്ടുമെന്ന പ്രതീക്ഷയാണുണ്ടായിരുന്നത്. എന്നാലിപ്പോൾ അതും അസ്തമിച്ചിരിക്കുകയാണ്'' -പൊന്നാനിയിലെ 'അൽ ഷബാബ്' വള്ളം ഉടമ ജമാലിെൻറ വാക്കുകളിലുണ്ട് പരമ്പരാഗത മത്സ്യബന്ധനത്തിനിറങ്ങുന്നവരുടെ ചങ്കിടിപ്പ്. പൊന്നാനി, താനൂർ, കൂട്ടായി, പടിഞ്ഞാറെക്കര, ചാപ്പപ്പടി, തേവർ കടപ്പുറം തുടങ്ങിയ ഫിഷ് ലാൻഡിങ് സെൻററുകളിൽ നിന്നായി 3,000ത്തോളം ഇൻബോർഡ്, ഔട്ട്ബോർഡ് വള്ളങ്ങളാണ് കടലിലേക്കിറങ്ങുന്നത്. 12 നോട്ടിക്കൽ മൈൽ വരെ മത്സ്യ ബന്ധനം നടത്തുന്ന ഇൻബോർഡ് വള്ളങ്ങളും മൂന്ന് നോട്ടിക്കൽ മൈൽ പരിധിയിൽ മാത്രം വലയെറിയുന്ന ചെറുവള്ളങ്ങളും മീനില്ലാതെ വെറുംകൈേയാടെയാണ് മിക്ക ദിവസവും മടങ്ങുന്നത്.
'വി.െഎ.പി' മത്തി
2012ൽ സംസ്ഥാനത്തിന്
ലഭിച്ച മത്തി 3.9 ലക്ഷം ടൺ
2018ൽ ലഭിച്ചത് 77,093 ടൺ
2020ൽ ലഭിച്ചത് 44,320 ടൺ
മത്തിയെ കാണാനില്ല
ആഴക്കടലിലെന്ന പോലെ തീരക്കടലിലും യഥേഷ്ടം മീൻ കിട്ടിയിരുന്ന കാലത്തിൽനിന്ന് മാറി, ദിവസങ്ങളോളം കടലിൽ വലവിരിച്ചാൽ കുറച്ചെങ്കിലും കിട്ടിയാലായി എന്ന തരത്തിലായി മത്സ്യബന്ധന മേഖല. മുമ്പെങ്ങുമില്ലാത്ത വിധം മത്സ്യക്കുറവ് രൂക്ഷമായതിനെ തുടർന്ന് നഷ്ടം സഹിച്ച് കടലിലിറങ്ങാൻ മടിക്കുകയാണ് പലരും. ചെറുവള്ളങ്ങൾക്ക് രണ്ടുവർഷം മുമ്പുവരെ ധാരാളം ലഭിച്ചിരുന്ന മത്തി ഇന്ന് വല്ലപ്പോഴും കാണുന്ന 'വി.ഐ.പി'യായി. കേരളീയരുടെ ഇഷ്ടമീനായ മത്തിയുടെ ലഭ്യത 20 വർഷത്തിനിടെയുണ്ടായ ഏറ്റവും താഴ്ന്ന നിലയിലാണിന്ന്.
വെറും 44,320 ടൺ മത്തി മാത്രമാണ് കഴിഞ്ഞവർഷം സംസ്ഥാനത്ത് ലഭിച്ചത്. 2018ൽ 77,093 ടൺ ആയിരുന്നു. 2012ൽ 3.9 ലക്ഷം ടൺ കേരളത്തിൽനിന്ന് പിടിച്ചിരുന്നു. അതിനുശേഷമുള്ള ഓരോ വർഷങ്ങളിലും മത്തി കുറഞ്ഞുവന്നെങ്കിലും 2017ൽ ചെറിയ തോതിൽ കൂടി. എന്നാൽ, കഴിഞ്ഞ രണ്ടുവർഷങ്ങളിലും വീണ്ടും താഴോട്ടാണ്. സമുദ്ര ആവാസ വ്യവസ്ഥയിലെ മാറ്റങ്ങൾ മത്തിയുടെ വളർച്ചയെ കാര്യമായി ബാധിക്കുന്നതാണ് കാരണം. ഈ കണ്ടെത്തലിനെ തുടർന്ന്, കഴിഞ്ഞവർഷം കേരളത്തിൽ മത്തി കുറയുമെന്ന് സി.എം.എഫ്.ആർ.ഐ നേരത്തേ തന്നെ പ്രവചിച്ചിരുന്നു.
അയല മുൻവർഷത്തേക്കാൾ 50 ശതമാനമാണ് കേരളത്തിൽ കുറഞ്ഞത്. കഴിഞ്ഞ വർഷം ലഭിച്ചത് 40,554 ടൺ മാത്രം. 2018ൽ ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യമായിരുന്നു അയല. മത്സ്യലഭ്യതയിൽ കുറവുണ്ടായെങ്കിലും രാജ്യത്തെ സമുദ്രമത്സ്യോൽപാദനത്തിൽ കേരളം മൂന്നാം സ്ഥാനം നിലനിർത്തി. തമിഴ്നാട്, ഗുജറാത്ത് സംസ്ഥാനങ്ങളാണ് മുന്നിലുള്ളത്. ഇത്തവണ കൊഴുവയാണ് കേരളത്തിൽ ഏറ്റവും കൂടുതൽ കിട്ടിയത് (74,194 ടൺ). മത്സ്യം കടലിലില്ലെങ്കിലും വിപണിയിൽ സുലഭമാണ്. അതിെൻറ മായാജാലം എന്താണെന്ന് മത്സ്യത്തൊഴിലാളികൾ പറയും. അതേക്കുറിച്ച് നാളെ... (തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.