ന്യൂനമർദം; സംസ്ഥാനത്ത് അതിജാഗ്രത നിർദേശം
text_fieldsതിരുവനന്തപുരം: കന്യാകുമാരിക്ക് തെക്ക് ശ്രീലങ്കക്ക് സമീപം രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതിജാഗ്രത. സംഭവം ഗൗരവമായി കണ്ട് മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ തിങ്കളാഴ്ച രണ്ടുതവണ യോഗം ചേർന്നു. ജാഗ്രതാ നിർദേശം നൽകിയ മേഖലകളിൽ മത്സ്യത്തൊഴിലാളികൾ ആരും കടലിൽ ഇല്ലെന്ന് ഉറപ്പുവരുത്താനും മത്സ്യബന്ധനത്തിന് പുറംകടലിൽ പോയവരെ തിരിച്ചെത്തിക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.
ശ്രീലങ്കക്ക് സമീപമുണ്ടായ ന്യൂനമർദം ചൊവ്വാഴ്ച ശക്തിപ്രാപിച്ച് വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് മാലദ്വീപിന് സമീപമെത്തുമെന്നാണ് കാലാവസ്ഥ വകുപ്പിെൻറ വിലയിരുത്തൽ. തെക്കൻ കേരളത്തിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. കടലിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയുള്ള കാറ്റിനും സാധ്യതയുണ്ട്. തിരമാലകളുടെ ഉയരം 3.2 മീറ്റർ വരെ ആകുമെന്നും മുന്നറിയിപ്പുണ്ട്. ശ്രീലങ്കക്ക് പടിഞ്ഞാറും ലക്ഷദ്വീപിന് കിഴക്കും കന്യാകുമാരിക്കും തിരുവനന്തപുരത്തിനും പടിഞ്ഞാറും മാലദ്വീപിന് സമീപവും ഉള്ള തെക്കൻ ഇന്ത്യൻ കടലിൽ നാളെ വരെ മത്സ്യബന്ധനം നടത്തരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്.
എന്നാൽ, മുന്നറിയിപ്പ് നൽകിയതിനുശേഷം 30 ബോട്ടുകൾ മത്സ്യബന്ധനത്തിന് പോയതായി സർക്കാറിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിൽ 25 എണ്ണം കൊല്ലത്തുനിന്നും അഞ്ചെണ്ണം തിരുവനന്തപുരത്തുനിന്നുമാണ്. കേരളത്തിനും ലക്ഷദ്വീപിനുമിടയിൽ മത്സ്യബന്ധനം നടത്തുന്ന ഇവരെ തിരിച്ചെത്തിക്കാൻ കോസ്റ്റ് ഗാർഡിെൻറയും നേവിയുടെയും സഹായം തേടിയിട്ടുണ്ട്.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച വീണ്ടും യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.
യോഗത്തിൽ ചീഫ് സെക്രട്ടറി പോൾ ആൻറണി, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി പി. എച്ച്. കുര്യൻ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ, പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ, സെക്രട്ടറി എം. ശിവശങ്കർ, ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി ബി. ശ്രീനിവാസ്, ഐ.ജി. മനോജ് എബ്രഹാം, ഡി.ഐ.ജി ഷഫീൻ അഹമ്മദ്, കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഡയറക്ടർ എസ്. സുദേവൻ, ഫിഷറീസ് ഡയറക്ടർ വെങ്കിടേസപതി, ദുരന്തനിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ശേഖർ കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.