ക്ലിനിക്കൽ ഫാർമസിസ്റ്റ്: എം.ഫാമുകാരെ ഒഴിവാക്കിയ നടപടി ഫാർമസി കൗൺസിൽ തിരുത്തി
text_fieldsകോഴിക്കോട്: ക്ലിനിക്കൽ ഫാർമസിസ്റ്റ് തസ്തികയിൽനിന്ന് എം.ഫാമുകാരെ ഒഴിവാക്കിയ നടപടി ഫാർമസി കൗൺസിൽ തിരുത്തി. ഫാം. ഡി യോഗ്യതയുള്ളവർക്ക് മാത്രമേ ക്ലിനിക്കൽ ഫാർമസിസ്റ്റ് തസ്തികയിൽ ജോലി ചെയ്യാൻ പാടുള്ളൂ എന്ന ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയുടെ 'ഫാർമസി പ്രാക്ടീസ് െറഗുലേഷൻസ് ഭേദഗതി 2021' ആണ് തിരുത്തിയത്. ഫെബ്രുവരി ഒന്നിനാണ് പുതിയ സർക്കുലർ പുറത്തിറങ്ങിയത്. ഇനി മുതൽ പഴയപോലെ എം. ഫാമുകാർക്ക് ക്ലിനിക്കൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യാം.
രാജ്യത്തെ പതിനായിരത്തിലധികം ഉദ്യോഗാർഥികളെ ബാധിക്കുന്ന വിഷയമായിരുന്നു ഇത്. കേരളമുൾപ്പെടെ സംസ്ഥാനങ്ങളിലാണ് കൂടുതൽ പേരെ ഇതു ബാധിച്ചത്.
2002 മുതലാണ് എം. ഫാം. ഫാർമസി പ്രാക്ടീസ് ബിരുദകോഴ്സുകൾ ആരംഭിച്ചത്. കേരളത്തിൽ കോഴിക്കോട്, തിരുവനന്തപുരം മെഡി.കോളജുകളിൽനിന്ന് ഉൾപ്പെടെ 150ൽ പരം എം. ഫാം വിദ്യാർഥികളാണ് വർഷം തോറും കോഴ്സ് കഴിഞ്ഞ് പുറത്തിറങ്ങുന്നത്. 12 സ്വകാര്യ കോളജുകളിലും എം. ഫാം കോഴ്സുണ്ട്.
2021ലെ ഭേദഗതിക്കെതിരെ എം. ഫാം ഫാർമസി പ്രാക്ടീസുകാരുടെ സംഘടനയായ പി.എ.സി.പി കേരള ഹൈകോടതിയെ സമീപിച്ചിരുന്നു. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഫാർമസി കൗൺസിൽ എക്സിക്യൂട്ടിവ് കമ്മിറ്റി പുതിയ സർക്കുലർ പുറപ്പെടുവിച്ചത്.
രോഗികൾക്ക് കൗൺസലിങ് നൽകൽ, മരുന്നുകളുടെ പാർശ്വഫലങ്ങൾ, മരുന്നുകൾ സൂക്ഷിക്കേണ്ട വിധം എന്നിവ ബോധവത്കരിക്കൽ, മരുന്നിന്റെ ഡോസ് കണക്കാക്കൽ തുടങ്ങിയ ജോലികളാണ് ക്ലിനിക്കൽ ഫാർമസിസ്റ്റുകളുടേത്. ഈ ജോലിക്കായി രൂപകൽപന ചെയ്ത കോഴ്സാണ് എം.ഫാം. 2010ൽ ഫാം.ഡി കോഴ്സുകൾ ആരംഭിച്ചപ്പോൾ ആ വിഭാഗക്കാർക്കും ക്ലിനിക്കൽ ഫാർമസിസ്റ്റ് ആവാൻ അനുമതിയായി. സ്വകാര്യ കോളജുകളിൽ മാത്രമാണ് ഫാം.ഡി കോഴ്സ് ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.