വിജയ് പി. നായർക്കെതിരെ നടപടി വേണമെന്ന് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അസോസിയേഷൻ
text_fieldsകോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെ സ്ത്രീകൾക്ക് എതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയ വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജമാണെന്നും ഇയാൾക്കെതിരെ നടപടിയെടുക്കണമെന്നും ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്‌സ് ആവശ്യപ്പെട്ടു. 'ക്ലിനിക്കൽ സൈക്കോളജിസ്റ്റ്' എന്ന പേര് ഇയാൾ ദുരുപയോഗം ചെയ്തുവെന്നാണ് പരാതി. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.എച്ച്.ഡി ഉണ്ടെന്നും ഡോക്ടറാണെന്നുമാണ് അശ്ലീല വീഡിയോകള്‍ക്കു വിശ്വാസ്യത കൂട്ടാനായി ഇയാൾ പറയുന്നത്.
സംഭവത്തിൽ റിഹാബിലിറ്റേഷൻ കൗൺസിലിനും സംസ്ഥാന സർക്കാരിനും പരാതി നൽകുമെന്നും ഇതിൽ നടപടിയുണ്ടായില്ലെങ്കിൽ മറ്റു നിയമവഴികൾ തേടുമെന്നും ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കേരളാ ചാപ്റ്റർ അധികൃതർ പറഞ്ഞു. ഇത്തരത്തിലുള്ള തട്ടിപ്പുകാരുടെ പ്രവർത്തികൾ അംഗീകൃത ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ പ്രഫഷനെ തന്നെ ബാധിക്കുന്നതാണ്. നിരവധി പേരാണ് അംഗീകാരമില്ലാതിരുന്നിട്ടും ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളാണെന്ന് അവകാശപ്പെട്ട് ജനങ്ങളെ വഞ്ചിക്കുന്നതെന്നും ഇവർ പറഞ്ഞു.
അതേസമയം, സ്ത്രീകളെ അപമാനിച്ചുകൊണ്ടുള്ള വിജയ് പി. നായരുടെ അശ്ലീല വിഡിയോ യൂട്യൂബിൽനിന്ന് നീക്കാൻ പൊലീസ് ഇതുവരെ നടപടി എടുക്കാത്തതിൽ പ്രതിഷേധം ഉയരുന്നുണ്ട്. ഇയാൾക്കെതിരെ കേസെടുത്തിട്ടും വിവാദ വിഡിയോ ആയിരക്കണക്കിനാളുകളാണ് കണ്ടുകൊണ്ടിരിക്കുന്നത്. ആഗസ്റ്റ് മാസം അപ് ലോഡ് ചെയ്ത വിഡിയോ ഏഴ് ലക്ഷത്തോളം പേരാണ് ഇതുവരെ കണ്ടത്.
കഴിഞ്ഞ ദിവസമാണ് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ സ്ത്രീകൾ വിജയ് പി. നായരെ കൈയേറ്റം ചെയ്യുകയും ദേഹത്ത് കരിഒായിൽ ഒഴിക്കുകയും ചെയ്തത്. കൈയേറ്റം ചെയ്തതിന് ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കുമെതിരെയും സ്ത്രീകളെ അപമാനിച്ചതിന് വിജയ് പി. നായർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. വീട് കയറി ആക്രമിച്ച് മൊബൈൽ, ലാപ്‌ടോപ്പ് എന്നിവ അപഹരിച്ചെന്ന പരാതിയിലാണ് ഭാഗ്യലക്ഷ്മിക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്. ദേഹോപദ്രവമേൽപ്പിക്കൽ, അസഭ്യം പറയൽ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. സംഭവത്തിൽ നേരത്തെ വിജയ് പി നായർക്ക് എതിരെ നേരത്തേ കേസ് എടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.