11 പഞ്ചനക്ഷത്ര ബാറുകൾ പൂട്ടി; കേരളത്തിൽ മദ്യമൊഴുക്ക് കുറയും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 31 പഞ്ചനക്ഷത്രബാറുകളിൽ 11 എണ്ണം സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പൂട്ടി. ദേശീയ, സംസ്ഥാന പാതയോരങ്ങളോട് ചേർന്ന് പ്രവർത്തിച്ചവയാണ് അടച്ചത്. ഇതോടെ ബാറുകളിലൂടെയുള്ള മദ്യവിൽപനയിൽ 35 ശതമാനത്തോളം കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആകെ 815 ബിയർ, വൈൻ പാർലറുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഇവയിൽ 557 എണ്ണത്തിനും താഴുവീണു. ഏപ്രിൽ ഒന്നു മുതൽ പുതിയ അബ്കാരി വർഷം ആരംഭിക്കുകയാണ്. ശനിയാഴ്ച ഡ്രൈ ഡേയാണ്. ഞായറാഴ്ച മുതൽ ഇവക്ക് നിലവിലെ ഹോട്ടലുകളിൽ പ്രവർത്തിക്കാനാകില്ല. ഇവ മാറ്റി മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കുന്നതും പ്രായോഗികമല്ല.
ബിവറേജസ് കോർപറേഷന് 270 ചില്ലറവിപണനകേന്ദ്രങ്ങളാണുള്ളത്. ഇതിൽ 180 എണ്ണമാണ് മാറ്റിസ്ഥാപിക്കേണ്ടത്. എന്നാൽ, 46 എണ്ണം മാത്രമേ മാറ്റാൻ സാധിച്ചിട്ടുള്ളൂ. 134 എണ്ണം മാറ്റാനുള്ള ശ്രമങ്ങളെല്ലാം വിഫലമാവുകയായിരുന്നു. ഈ സാഹചര്യത്തിൽ 134 ബെവ്കോ വിപണനശാലകളും ഞായറാഴ്ച മുതൽ അടച്ചിടേണ്ടി വരും. കൺസ്യൂമർഫെഡിന് 36 ചില്ലറവിപണനകേന്ദ്രങ്ങളാണുള്ളത് (മൂന്ന് ബിയർ, വൈൻ വിൽപനകേന്ദ്രങ്ങൾ ഉൾപ്പെടെ). ഇവയിൽ 30 എണ്ണമാണ് മാറ്റേണ്ടത്. എന്നാൽ, 11 എണ്ണം മാത്രമേ മാറ്റാനായിട്ടുള്ളൂ. ശേഷിക്കുന്ന 19 എണ്ണം പുതിയ സ്ഥലം ലഭ്യമാകുന്നതുവരെ പൂട്ടിയിടേണ്ടി വരും.
കോടതിവിധിയുടെ അടിസ്ഥാനത്തിൽ മദ്യലൈസൻസുള്ള 18 ഓളം ക്ലബുകളും മാറ്റണം. ആകെ 34 ക്ലബുകളാണ് കേരളത്തിലുള്ളത്. 1080ഒാളം കള്ളുഷാപ്പുകളും പൂേട്ടണ്ടി വരും. അതേസമയം, 20,000 ത്തിൽ താഴെ ജനസാന്ദ്രതയുള്ള ഇടങ്ങളിൽ ചില്ലറ മദ്യവിൽപനശാലകളുടെ ദൂരപരിധി 220 മീറ്ററായി കുറച്ചെങ്കിലും കേരളത്തിൽ ഇതു ബാധകമാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏറ്റവും ജനസാന്ദ്രതയേറിയ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഈ സാഹചര്യത്തിൽ മദ്യത്തിെൻറ ചില്ലറ വിപണനകേന്ദ്രങ്ങളുടെ കാര്യത്തിൽ വലിയ പ്രതീക്ഷയില്ലെന്ന് എക്സൈസ് വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, ചില്ലറവിപണനകേന്ദ്രങ്ങളുടെ ലൈസൻസ് പഞ്ചായത്ത് അടിസ്ഥാനത്തിൽ നൽകുന്നത് മാറ്റി താലൂക്ക് അടിസ്ഥാനത്തിലാക്കാൻ നീക്കങ്ങൾ സജീവമാണ്. നേരത്തേ ഇതുസംബന്ധിച്ച് എക്സൈസ് വകുപ്പ് സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും ജനരോഷം ഭയന്ന് നടപ്പാക്കാനായിരുന്നില്ല. സുപ്രീംകോടതിയിൽനിന്ന് പ്രതികൂല വിധിയുണ്ടായ സാഹചര്യത്തിൽ ഇതുനടപ്പാക്കാൻ നീക്കങ്ങൾ നടക്കുന്നതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.