പൂട്ടിയ മദ്യശാലകൾ തുറന്നുതുടങ്ങി, ബാറുകൾക്കും അനുമതി നൽകും
text_fieldsകോട്ടയം: സംസ്ഥാനത്ത് പൂട്ടിയ മദ്യവിപണന ഔട്ട്ലറ്റുകൾ തുറന്നുതുടങ്ങി. പുതുതായി കൂടുതൽ ബാർ ലൈസൻസുകൾ അനുവദിക്കാനും നീക്കം. മുൻ യു.ഡി.എഫ് സർക്കാറിന്റെ മദ്യനയത്തെ തുടർന്നും ജനവാസ കേന്ദ്രങ്ങളിലും ദേശീയ പാതക്ക് സമീപത്തുള്ളവയും മാറ്റണമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലും പൂട്ടിയ മദ്യവിപണന ഔട്ട്ലറ്റുകൾ ഘട്ടംഘട്ടമായി തുറക്കുന്നതിന്റെ ഭാഗമായി പത്തെണ്ണം തുറന്നു. ബാക്കിയുള്ളവ എത്രയും പെട്ടെന്ന് തുറക്കാനുള്ള നീക്കങ്ങളാണ് അണിയറയിൽ നടക്കുന്നത്.
നഗരങ്ങളിലെ 91ഉം ഗ്രാമീണപ്രദേശങ്ങളിലെ 84ഉം ഔട്ട്ലറ്റുകൾ ഉൾപ്പെടെ 175 എണ്ണം വീണ്ടും തുറക്കണമെന്ന ആവശ്യമാണ് ബിവറേജസ് കോർപറേഷൻ സർക്കാറിന് മുന്നിൽവെച്ചിരുന്നത്. അത് സർക്കാർ അംഗീകരിച്ചിരുന്നു. എന്നാൽ, സ്ഥല ലഭ്യതയായിരുന്നു പ്രധാന പ്രശ്നം. പലയിടങ്ങളിലും വ്യാപക പ്രതിഷേധം ഉയർന്നു. അതിനൊടുവിലാണ് ഇപ്പോൾ പത്തെണ്ണം തുറന്നിട്ടുള്ളത്. 15 ഔട്ട്ലറ്റുകൾ ഈ വർഷം തന്നെ വീണ്ടും തുറക്കും.
ഈ വർഷം 40ഓളം ബാറുകൾക്കും സർക്കാർ ലൈസൻസ് അനുവദിച്ചിരുന്നു. ഇനിയും കൂടുതൽ ബാറുകൾക്കായുള്ള അപേക്ഷ സർക്കാറിന്റെ പരിഗണനയിലുമാണ്. അവക്കും വൈകാതെ ലൈസൻസ് നൽകേണ്ടിവരും. ബിവറേജസ് കോർപറേഷന്റെയും (ബെവ്കോ), കൺസ്യൂമർ ഫെഡിന്റെയും അഞ്ച് വീതം ഔട്ട്ലറ്റുകളാണ് തുറന്നിട്ടുള്ളത്. തിരുവനന്തപുരം വട്ടപ്പാറ, കൊല്ലം ചാത്തന്നൂർ, ആലപ്പുഴ ഭരണിക്കാവ്, കോഴിക്കോട് കല്ലായി, മലപ്പുറം പരപ്പനങ്ങാടി എന്നിവിടങ്ങളിലാണ് ബെവ്കോ ഔട്ട്ലറ്റുകൾ തുറന്നത്. പാലക്കാട് കപ്ലിപ്പാറ, വയനാട് മേപ്പാടി, തിരുവനന്തപുരം അമ്പൂരി, കോഴിക്കോട് ബാലുശ്ശേരി എന്നിവിടങ്ങളിൽ കൺസ്യൂമർ ഫെഡും ഷോപ്പുകൾ തുറന്നിട്ടുണ്ട്.
2016ൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഫോർ സ്റ്റാറും അതിന് മുകളിൽ പദവിയുമുള്ള 29 ബാറുകളും 309 ബിവറേജസ് ഔട്ട്ലറ്റുകളുമാണ് പ്രവർത്തിച്ചിരുന്നത്. തുടർന്ന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയ 440 ബാർ ലൈസൻസ് സർക്കാർ പുതുക്കി നൽകി. ഇതിന് പുറമെ ആറര വർഷത്തിനിടെ 250 പുതിയ ബാർ ലൈസൻസും നൽകി. ഇപ്പോൾ 720 ബാറുകളും 300ലേറെ ബിയർ-വൈൻ പാർലറുകളുമാണ് പ്രവർത്തിക്കുന്നതെന്നാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.