വെണ്ണിക്കുളത്തുനിന്ന് കാണാതായ വസ്ത്രവ്യാപാരി തിരൂരിൽ ട്രെയിൻതട്ടി മരിച്ചനിലയിൽ
text_fieldsകോഴഞ്ചേരി: പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളത്തുനിന്ന് കാണാതായ വസ്ത്രവ്യാപാരിയെ മലപ്പുറം തിരൂർ തുമരക്കാവിൽ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി. വെണ്ണിക്കുളത്ത് സിറ്റി ഫാഷൻസ് ഉടമയായ നാരങ്ങാനം കണമുക്ക് തൂളികുളത്ത് മാവുങ്കമണ്ണിൽ എം.എ. മുഹമ്മദ് നാസറിനെയാണ് (58) തിരൂരിലെ വിജനമായ സ്ഥലത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ആഗസ്റ്റ് 31ന് രാവിലെ 8.40ഓടെ കണ്ണൂർ- കോയമ്പത്തൂർ എക്സ്പ്രസ് തട്ടിത്തെറിപ്പിക്കുകയായിരുന്നു. തിരൂർ ഗവ. ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു. പോസ്റ്റ്മോർട്ടം നടത്തി നാരങ്ങാനം നോർത്ത് കെ.എൻ.ടി.പി ജമാഅത്ത് ഖബർസ്ഥാനിൽ തിങ്കളാഴ്ച രാത്രിയോടെ ഖബറടക്കം നടത്തി. തിരൂർ ജില്ല ആശുപത്രി മോർച്ചറിയിലെ ഫ്രീസർ കേടായതിനെത്തുടർന്ന് മൃതദേഹം അഴുകിയതായി ബന്ധുക്കൾ പരാതിപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും ബന്ധുക്കൾ പറഞ്ഞു. മകന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആറന്മുള പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവേയാണ് മൃതദേഹം കണ്ടെത്തുന്നത്.
30 വർഷമായി വസ്ത്ര വ്യാപാര രംഗത്തുണ്ട്. ആഗസ്റ്റ് 28ന് ഉച്ചകഴിഞ്ഞാണ് നാസറിനെ വെണ്ണിക്കുളത്തുനിന്ന് കാണാതായത്. അന്നേദിവസം രാവിലെ വീട്ടിൽനിന്ന് ഇറങ്ങിയ നാസർ വെണ്ണിക്കുളത്തെത്തി കട തുറന്നിരുന്നു. വൈകീട്ട് 3.30ഓടെ കടയടച്ച് താക്കോലുകൾ സമീപത്ത് ലോട്ടറി കച്ചവടം നടത്തുന്ന സുരേന്ദ്രനെ ഏൽപിച്ചു. തുടർന്ന് മൊബൈൽ സ്വിച്ഓഫ് ചെയ്ത നിലയിലായിരുന്നു.
സാധാരണയായി രാത്രി 8.30ഓടെ വീട്ടിലെത്താറുണ്ടായിരുന്ന നാസറിനെ കാണാതായതിനെത്തുടർന്ന് ബന്ധുക്കളും നാട്ടുകാരും അന്വേഷണം തുടങ്ങി. കട പ്രവർത്തിക്കുന്ന പരിധിയിലെ കോയിപ്രം പൊലീസ് സ്റ്റേഷനിലും വീടിരിക്കുന്ന പരിധിയിലെ ആറന്മുള പൊലീസ്സ്റ്റേഷനിലും ബന്ധുക്കൾ അന്ന് രാത്രിതന്നെ വിവരം അറിയിച്ചിരുന്നു. 29ന് രാത്രി പത്തോടെ ആറന്മുള പൊലീസ് കേസെടുത്തു. മൊബൈൽ ഫോൺ ലൊക്കേഷൻ ലഭിക്കാൻ സൈബർ പൊലീസിന്റെ സഹായത്തോടെ അന്വേഷണം തുടങ്ങി.
28ന് വൈകീട്ട് 4.45ഓടെ കോഴഞ്ചേരിയിൽനിന്ന് തിരുവല്ല ബസിൽ കയറുന്ന സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിനിടെ ഞായറാഴ്ച രാവിലെ എട്ടോടെ വിളിച്ചപ്പോൾ ഫോൺ ബെല്ലടിക്കുന്നതായി ശ്രദ്ധയിൽപെട്ട ബന്ധുക്കൾ ആറന്മുള പൊലീസുമായി ബന്ധപ്പെട്ട് തിരൂരിൽ ലൊക്കേഷൻ ലഭിക്കുന്നതായി മനസ്സിലാക്കി മലപ്പുറത്തിന് പുറപ്പെടുകയായിരുന്നു.
ഇടക്ക് ഫോൺ ഓണാകുകയും ഓഫാകുകയും ചെയ്തുകൊണ്ടിരുന്നു. 28ന് കാണാതായ വ്യാപാരിയെ രണ്ടുദിവസത്തിനു ശേഷമാണ് തിരൂരിൽ മരിച്ചനിലയിൽ കണ്ടെത്തുന്നത്. തിരുവല്ല ബസിൽ കയറിയ സി.സി ടി.വി ദൃശ്യങ്ങൾക്ക് പിന്നാലെ പൊലീസ് അന്വേഷണം നീങ്ങിയില്ലെന്നതും പാളിച്ചയായി ചൂണ്ടിക്കാട്ടപ്പെടുന്നു. പരേതരായ അബ്ദുറഹ്മാന്റെയും ജമീല ബീവിയുടെയും മകനാണ് നാസർ. ഭാര്യ: നസീറ. മക്കൾ: മുഹമ്മദ് അൻസൽ, അനീഷ. മരുമകൻ: അജാസ് മുഹമ്മദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.