വരൾച്ച മുന്നിൽകണ്ട് കേരളം ആദ്യ കൃത്രിമമഴ പരീക്ഷണത്തിലേക്ക്
text_fieldsതിരുവനന്തപുരം: തുലാവർഷത്തിന് പിന്നാലെ ഇടവപ്പാതിയിലും സംസ്ഥാനത്തിന് അടിതെറ്റിയതോടെ കൃതിമമഴക്കായുള്ള പരീക്ഷണങ്ങളിലേക്ക് സംസ്ഥാന സർക്കാർ കടക്കുന്നു. സെപ്റ്റംബർ അവസാനവാരത്തോടെ ‘ക്ലൗഡ് സീഡിങ്ങി’ലൂടെ മഴപെയ്യിക്കാനാണ് ശ്രമം. പത്തനംതിട്ടയിലെ കക്കി ഡാമിെൻറ പരിസരത്തായിരിക്കും ആദ്യഘട്ട പരീക്ഷണം. ഇതിെൻറ ഭാഗമായി അനിയോജ്യമായ മഴമേഘങ്ങളെ ശാസ്ത്രജ്ഞർ വി.എസ്.എസ്.സിയുടെ റഡാറുകൾ ഉപയോഗിച്ച് നിരീക്ഷിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും വി.എസ്.എസ്.സി മുൻ ഡയറക്ടറുമായ എം.സി. ദത്തെൻറ നേതൃത്വത്തിൽ കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലും കെ.എസ്.ഇ.ബിയും സംയുക്തമായാണ് അടുത്ത ഒരു വർഷത്തേക്കുള്ള പരീക്ഷണങ്ങൾക്ക് തുടക്കമിടുന്നത്. മഹാരാഷ്ട്ര, കർണാടക, ആന്ധ്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിനോടകംതന്നെ ക്ലൗഡ് സീഡിങ് നടത്തിയിട്ടുണ്ടെങ്കിലും ചരിത്രത്തിലാദ്യമായാണ് കേരളം ഇത്തരത്തിലൊരു പരീക്ഷണത്തിന് മുതിരുന്നത്.
മൂന്നുവർഷമായി തുടരുന്ന കൊടുംവരൾച്ചക്ക് പരിഹാരമായി രണ്ടാഴ്ചമുമ്പ് കർണാടക കൃത്രിമമഴ പരീക്ഷണം നടത്തിയിരുന്നു. അമേരിക്കയിൽ നിെന്നത്തിച്ച ബി.ക്യൂ 100 വിമാനം വഴിയാണ് മേഘങ്ങളിൽ രാസപദാർഥങ്ങൾ തളിച്ചത്. ഏകദേശം 30 കോടിയോളം രൂപയാണ് ഇതിനായി ചെലവായത്. എന്നാൽ വിമാനം വഴിയുള്ള സീഡിങ്ങിലെ വൻ ചെലവ് കണക്കിലെടുത്ത് സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ ഭൂമിയിൽ നിന്നുകൊണ്ടുള്ള ക്ലൗഡ് സീഡിങ്ങിനാണ് ശാസ്ത്രജ്ഞർ പദ്ധതി ഇട്ടിരിക്കുന്നത്.
കക്കി ഡാമിെൻറ പരിസരത്ത് പെയ്യാതെനിൽക്കുന്ന മേഘങ്ങളിലേക്ക് സോഡിയം ക്ലോറൈഡോ, പൊട്ടാസ്യം ക്ലോറൈഡോ ഉപയോഗിച്ചുള്ള പുകപടലങ്ങൾ കടത്തിവിടാനാണ് പദ്ധതി. കൃത്രിമമഴക്കായി കെ.എസ്.ഇ.ബി ഈ സാമ്പത്തികവർഷം ഇന്നവേഷൻ ആൻഡ് എക്സോട്ട് പദ്ധതിയിൽ ഉൾപ്പെടുത്തി 25.14 കോടി വകയിരുത്തിട്ടുണ്ടെങ്കിലും പ്രാഥമികപരീക്ഷണത്തിന് അഞ്ച് കോടിയിൽ താഴെ മാത്രമേ ചെലവ് വരൂ.
ഈ പരീക്ഷണം പരാജയപ്പെട്ടാൽ മാത്രമേ വിമാനം വഴിയുള്ള ക്ലൗഡ് സീഡിങ്ങിലേക്ക് കടക്കൂ. ഒരുപക്ഷേ കക്കി ഡാമിൽ അനിയോജ്യമായ മഴ മേഘങ്ങൾ കണ്ടെത്താൻ സാധിക്കാതിരുന്നാൽ തിരുവനന്തപുരം പേപ്പാറ ഡാമായിരിക്കും പരീക്ഷണത്തിന് തെരഞ്ഞെടുക്കുന്ന മറ്റൊരുകേന്ദ്രം.
സംസ്ഥാനത്ത് ലഭിക്കുന്ന മഴയുടെ 70 ശതമാനവും ജൂൺ ഒന്നുമുതൽ സെപ്റ്റംബർ 30 വരെ ലഭിക്കുന്ന ഇടവപ്പാതിയെ ആശ്രയിച്ചാണ്. എന്നാൽ കഴിഞ്ഞ രണ്ടുവർഷമായി തെക്ക് പടിഞ്ഞാറൻ മൺസൂൺ (ഇടവപ്പാതി) കേരളത്തെ അനുഗ്രഹിച്ചിട്ടില്ല. ഈവർഷം ജൂൺ ഒന്നുമുതൽ ആഗസ്റ്റ് 25 വരെ 25.59 ശതമാനം മഴയുടെ കുറവാണുണ്ടായത്. കഴിഞ്ഞവർഷമുണ്ടായ മഴക്കുറവും വരൾച്ചയിലും 45,399 ഹെക്ടർ കൃഷി നശിച്ചിരുന്നു.
ഇതുവഴി 875 കോടിയുടെ നാശനഷ്ടമാണ് സംസ്ഥാനത്തുണ്ടായതെന്നാണ് സർക്കാർ കണക്കുകൾ. ഇതിെൻറയൊക്കെ അടിസ്ഥാനത്തിലാണ് ഇടവപ്പാതി അവസാനിക്കുന്ന ഘട്ടത്തിൽ കൃത്രിമമഴക്കുള്ള സാഹചര്യം സർക്കാർ ഒരുക്കുന്നത്.
എന്താണ് ‘ക്ലൗഡ് സീഡിങ്’?
കൃത്രിമമഴ പെയ്യിക്കാന്‍ ഇന്ന് ലോകമെമ്പാടും പ്രയോഗിക്കപ്പെടുന്നത് ‘ക്ലൗഡ് സീഡിങ്’ (cloud seeding) എന്ന വിദ്യയാണ്. അക്ഷരാര്‍ഥത്തില്‍ മേഘങ്ങളില്‍ നടത്തുന്ന ഒരുതരം ‘വിത്തുവിതയ്ക്കല്‍’. മേഘങ്ങള്‍ മഴ ചൊരിയണമെങ്കില് അവയിലെ ജലകണികകള്‍ക്ക് വലുപ്പവും ഭാരവും കൂടണം. എന്നാല്‍, പലപ്പോഴും മഴപെയ്യാതെ മേഘങ്ങള്‍ അന്തരീക്ഷത്തില്‍ തങ്ങിനില്ക്കും. ഈ അവസ്ഥയിലാണ് ക്ലൗഡ് സീഡിങ് നടത്തുന്നത്. മേഘങ്ങളുടെ ഉള്ളിലേക്ക് സില്‍വര്‍ അയഡൈഡ്, കറിയുപ്പ്, സോളിഡ് കാര്‍ബണ്‍ ഡയോക്സൈഡ് തുടങ്ങിയവയുടെ സൂക്ഷ്മകണങ്ങള്‍ (എയ്റോസോൾസ്) വിതറി അവയെ മഴത്തുള്ളിയാക്കി മാറ്റുന്നു.
വിജയം എത്രശതമാനം?
കൃത്രിമമഴ വിജയിക്കണമെങ്കില്‍ അന്തരീക്ഷത്തില്‍ ചാരനിറത്തിലുള്ള മേഘങ്ങള്‍ ഉണ്ടായിരിക്കണം. താഴെനിന്ന് സംവഹനക്കാറ്റും ഉണ്ടാകണം. 2500-4000 മീറ്റര്‍ ഉയരത്തിലുള്ള ആള്‍ട്ടോ ക്യുമുലസ്, നുബോ സ്രാറ്റസ്, സിറോക്യുമുലസ് മേഘങ്ങളിലാണ് ക്ലൗഡ് സീഡിങ് ഫലപ്രദമാകാന്‍ സാധ്യത. ഉദ്ദിഷ്ടസ്ഥാനത്തുതന്നെ മഴ പെയ്യാനുള്ള സാധ്യത 20--25 ശതമാനം മാത്രമേയുള്ളൂ. ചിലപ്പോള്‍ മഴ മറ്റിടങ്ങളിലായിരിക്കും ഉണ്ടാകുക. കൂടാതെ കോടികൾ മുടക്കിയാലും എത്രശതമാനം മഴ ലഭിക്കുമെന്ന കാര്യത്തിൽ ആർക്കും ഒരുറപ്പും നൽകാനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.