കൊച്ചിയില്‍ മേഘവിസ്‌ഫോടനം; ഒരു മണിക്കൂറിനുള്ളില്‍ പെയ്തത് 100 മില്ലിമീറ്റര്‍ മഴ
text_fieldsഎറണാകുളം നഗരത്തിലെ കനത്തമഴക്ക് കാരണം മേഘവിസ്‌ഫോടനമാണെന്ന് കൊച്ചി സര്‍വകലാശാല ശാസ്ത്രജ്ഞര്‍. രാവിലെ 9.10 മുതല്‍ 10.10 വരെയുള്ള സമയത്ത് കൊച്ചി സര്‍വകലാശാല മഴമാപിനിയില്‍ 100 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്തകാലത്ത് ആദ്യമായാണ് കുറഞ്ഞ സമയത്ത് ഇത്രയുമധികം മഴ ലഭിച്ചിരിക്കുന്നത്. ഇത് മേഘവിസ്‌ഫോടനത്തിന്റെ ഫലമാകാമെന്ന് അസോ. പ്രഫ. ഡോ എസ്. അഭിലാഷ് അഭിപ്രായപ്പെട്ടു.
കൂമ്പാര മേഘങ്ങളുടെ സാന്നിധ്യമാണ് ശക്തമായ മഴക്ക് വഴിവെച്ചത്.14 കിലോമീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മേഘങ്ങളാണിവ. കൂമ്പാര മേഘങ്ങളില്‍ നിന്നുള്ള ശക്തമായ കാറ്റാണ് മരങ്ങള്‍ കടപുഴകി വീഴാനും മറ്റും കാരണമായിരിക്കുന്നത്. റിമല്‍ ചുഴലിക്കാറ്റിന്റെ അറബിക്കടലിന്റെ മധ്യഭാഗത്ത് നിലനില്‍ക്കുന്ന വലിയ മേഘക്കൂട്ടങ്ങളുമാണ് കൊച്ചിയില്‍ ശക്തമായ മഴക്ക് കാരണമായത്. വലിയ നീരാവിയും വഹിച്ച് കാറ്റ് തീരപ്രദേശത്തേയ്ക്ക് വരുന്നത് ശക്തമായ മഴക്ക്ത്‍വഴിയൊരുക്കുകയായിരുന്നു.
റിമല്‍ ചുഴലിക്കാറ്റിന്റെ ഫലമായി പശ്ചിമ തീരത്തെ കാറ്റിന്റെ വേഗം വര്‍ധിച്ചിട്ടുണ്ട്. ഇതും ശക്തമായ മഴയെ സ്വാധീനിച്ചു. ഇപ്പോള്‍ പെയ്യുന്നത് പ്രീ മണ്‍സൂണ്‍ മഴയാണ്. പ്രീ മണ്‍സൂണ്‍ സമയത്താണ് ഇടിമിന്നലോടും കാറ്റോടും കൂടിയ ശക്തമായ മഴ ലഭിക്കുന്നത്. കൂമ്പാര മേഘങ്ങളാണ് ശക്തമായ മഴക്ക് കാരണം. സാധാരണഗതിയില്‍ മണ്‍സൂണ്‍ കാലത്ത് ഇത്തരത്തില്‍ കൂമ്പാര മേഘങ്ങള്‍ ഉണ്ടാവാറില്ല. എന്നാല്‍, അടുത്തകാലത്തായി മണ്‍സൂണ്‍ കാലത്തും കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം കണ്ടുവരുന്നുണ്ട്. അതിനാല്‍ വരുന്ന മണ്‍സൂണ്‍ കാലത്തും കരുതിയിരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മഴ കനത്തതോടെ ജനജീവിതം ദുരിതത്തിലായിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.