പല മേഖലകളിലും സിയാൽ മോഡൽ സംരംഭങ്ങൾ ആരംഭിക്കും –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സിയാൽ മോഡൽ സംരംഭങ്ങൾ പല മേഖലകളിലും ആരംഭിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എച്ച്.എൽ.എല്ലിെൻറ സ്ഥലത്ത് റബർ പാർക്ക് ആരംഭിക്കുന്നത് ഈ രീതിയിലാണ്. വ്യവസായികളും വ്യവസായ സംഘടന പ്രതിനിധികളുമായി ആശയവിനിമയം നടത്തുകയായിരുന്നു മുഖ്യമന്ത്രി.
ഭൂമി തരംമാറ്റുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതാണെങ്കിലും ചില കാലതാമസം ഉണ്ടാകുന്നുണ്ട്. സർക്കാറിന് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടുണ്ട്. അതുമായി മുന്നോട്ടുപോകും. കാസർകോട്-തിരുവനന്തപുരം സിൽവർലൈൻ നാടിന് മാറ്റമുണ്ടാക്കുന്ന പദ്ധതിയായിരിക്കും. ടൂറിസം മേഖലക്ക് വ്യവസായ പദവി അനുവദിക്കണമെന്ന ആവശ്യം പരിശോധിക്കും.
വായ്പയെടുെത്തന്ന കാരണത്താൽ ഒരുസ്ഥാപനവും നശിക്കാൻ ഇടയാകരുത്. ഐ.ടി സ്ഥാപനങ്ങൾ നിലവിൽ ഷോപ്സ് ആൻഡ് എസ്റ്റാബ്ളിഷ്മെൻറിന് കീഴിലാണ് രജിസ്റ്റർ ചെയ്യുന്നത്. ഇതിന് മാറ്റംവരുത്തി അനുയോജ്യമായ മറ്റൊരുവിഭാഗത്തിൽ രജിസ്റ്റർ ചെയ്യുന്നത് പരിശോധിച്ച് തീരുമാനിക്കും.
നിലവിലെ വ്യവസായങ്ങളുടെ പ്രശ്നം പരിഹരിക്കാൻ സെക്രട്ടറിതല സ്റ്റാറ്റ്യൂട്ടറി കമ്മിറ്റി വേണമെന്ന നിർദേശം പരിശോധിക്കും. തുറമുഖ വികസനം സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. ബേപ്പൂർ, അഴീക്കൽ, കൊല്ലം തുറമുഖങ്ങൾ വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നു. വിവിധ തൊഴിൽ മേഖലയിലുള്ളവരുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി തൊഴിലാളികളുടെ പോർട്ടൽ ആരംഭിക്കുന്നത് ആലോചിക്കും.
വിവിധ വ്യവസായങ്ങൾക്കാവശ്യമായ ജീവനക്കാരെ സജ്ജമാക്കുംവിധം ഉന്നതവിദ്യാഭ്യാസ രംഗത്ത് മാറ്റംവരുത്തും. വ്യവസായ സ്ഥാപനങ്ങളുമായി ചർച്ച ചെയ്ത് കോഴ്സുകൾക്ക് അന്തിമരൂപം നൽകും. ഉന്നത വിദ്യാഭ്യാസ സമിതികളിൽ വ്യവസായികളെക്കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ മുഖ്യധാര വ്യവസായ സംരംഭകരുടെ വിജയഗാഥയുടെ പ്രകാശനം, നിക്ഷേപ സുഗമമാക്കൽ സെല്ലിെൻറ പ്രഖ്യാപനം, പ്രവാസി കേരളീയരുടെ ക്ഷേമത്തിനായി മുഖ്യമന്ത്രിയുടെ നൂറുകോടി പ്രത്യേക സഹായ പദ്ധതി പ്രഖ്യാപനം എന്നിവയും ചടങ്ങിൽ നടന്നു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, സെക്രട്ടറി മുഹമ്മദ് ഹനീഷ് എന്നിവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.