പുസ്തകവിവാദത്തിനു പിന്നിൽ മുഖ്യമന്ത്രിയും ശശിയും; ജയരാജനെ സി.പി.എമ്മിൽനിന്ന് പുറത്താക്കാനുള്ള നീക്കമെന്നും പി.വി. അൻവർ
text_fieldsമഞ്ചേരി: ഇ.പി. ജയരാജന്റെ പുസ്തകവിവാദത്തിനു പിന്നിൽ മുഖ്യമന്ത്രിയും പി. ശശിയുമാണെന്നും ഇ.പിയെ സി.പി.എമ്മിൽനിന്ന് പുറത്താക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും പി.വി. അൻവർ എം.എൽ.എ.
മഞ്ചേരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അൻവറിനു പിന്നിൽ അധോലോക സംഘമുണ്ടെന്ന് പി. ശശി ആരോപിക്കുകയും അൻവറിനെതിരെ അദ്ദേഹം അപകീർത്തിക്കേസ് ഫയൽ ചെയ്തതിനും പിന്നാലെയാണ് രൂക്ഷ വിമർശനവുമായി അൻവർ രംഗത്തെത്തിയത്. തനിക്കു പിന്നില്‍ ഉണ്ടെന്ന് ശശി പറയുന്ന കള്ളക്കടത്ത് സംഘം ആരാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ ഓഫിസാണ് കൊള്ളസംഘം. പി. ശശിയുടെ പരാതിയില്‍ ഒരു ആശങ്കയും ഇല്ലെന്നും അൻവർ കൂട്ടിച്ചേർത്തു.
പാർട്ടിയിൽനിന്ന് പുറത്താക്കാനാണ് ഇ.പിയുടെ സ്റ്റോറി ഉണ്ടാക്കിയത്. എന്തുകൊണ്ടാണ് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഡി.സി ബുക്‌സ് മിണ്ടാത്തത്. ഓര്‍ഗനൈസ്ഡ് ക്രൈം ആണ് ഇ.പിയുടെ പുസ്തക വിവാദം. പി. ശശിയും മുഖ്യമന്ത്രിയുടെ ഓഫിസുമാണ് ഇതിനു പിന്നില്‍. മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാന്‍ വേണ്ടിയാണ് ഇതെല്ലാം. മുഖ്യമന്ത്രിയുടെ അറിവോടെതന്നെയാണ് എല്ലാ കാര്യങ്ങളും നടക്കുന്നത്.
ഇ.പി. ജയരാജന്‍ വിവാദവുമായി ബന്ധപ്പെട്ട് തന്‍റെ പക്കല്‍ ചില തെളിവുകളുണ്ട്. ചില ഫോണ്‍ റെക്കോഡുകള്‍ ഉൾപ്പെടെ ഉണ്ട്. അതൊക്കെ പുറത്തുവിടുമെന്നും അൻവർ പറഞ്ഞു. തലശ്ശേരി, കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതികളിലാണ് അൻവർ എം.എൽ.എക്കെതിരെ ശശി ക്രിമിനൽ അപകീർത്തിക്കേസ് ഫയൽ ചെയ്തത്. സ്വർണക്കടത്ത്, ലൈംഗികാതിക്രമം, ആർ.എസ്.എസ് ബന്ധം എന്നിങ്ങനെ വിവിധ സമയങ്ങളിലായി ശശിക്കെതിരെ അൻവർ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
ഈ ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ട് ശശി അയച്ച വക്കീൽ നോട്ടീസിന് അൻവർ മറുപടി നൽകിയിരുന്നില്ല. തുടർന്നാണ് അൻവറിനെതിരെ ശശി കോടതിയിൽ നേരിട്ടെത്തി ക്രിമിനൽ കേസ് ഫയൽ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.