പരിപാടികൾ റദ്ദാക്കി; മുഖ്യമന്ത്രി തലസ്ഥാനത്ത് തുടരും
text_fieldsതിരുവനന്തപുരം: കാലവർഷക്കെടുതി തുടരുന്ന സാഹചര്യത്തിൽ ആഗസ്റ്റ് 12 വരെയുള്ള മുഖ്യമന്ത്രിയുടെ പൊതു പരിപാടികൾ റദ്ദാക്കി. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിന് മുഖ്യമന്ത്രി തലസ്ഥാനത്തു തന്നെ തുടരും.
ഇടുക്കി ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്നുവിടാൻ മുഖ്യമന്ത്രി നിർദേശം നൽകി. നിലവിലുള്ളതിനേക്കാള്‍ മൂന്നിരട്ടി വെള്ളം തുറന്നുവിടുകയാണ്. പെരിയാറിലും പെരിയാറിന്‍റെ കൈവഴികളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജനങ്ങളെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
കാലവർഷക്കെടുതി: സ്ഥിതിഗതികൾ മുഖ്യമന്ത്രി വിലയിരുത്തി
സംസ്ഥാനത്ത് കാലവർഷക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി വിലയിരുത്തി. കര - വ്യോമ - നാവിക സേനകളുടേയും എൻ ഡി ആർ എഫ്, കോസ്റ്റ് ഗാർഡ് എന്നിവയുടെയും നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനം ഊർജിതമാണെന്ന് വിലയിരുത്തി. ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച് കൂടുതൽ വെള്ളം തുറന്നു വിടേണ്ടി വരും. നിലവിലുള്ളതിനേക്കാളം മുന്നിരട്ടിയിലധികം വെള്ളം തുറന്നു വിടേണ്ടി വരുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ പെരിയാറിലും പെരിയാറിന്റെ കൈവഴിയിലും വെള്ളം ഉയരും. ജാഗ്രതാ നിർദ്ദേശം മൈക്ക് അനൗൺസ്മെന്റിലൂടെ ജനങ്ങളെ അറിയിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ആവശ്യമുള്ളവരെ അടിയന്തരമായി മാറ്റി പാർപ്പിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു
ഇടുക്കി: മഴ തുടരുന്ന സാഹചര്യത്തിൽ റോഡുകൾ തകരാൻ സാധ്യത മുന്നിൽ കണ്ട് ഇടുക്കി മലയോരമേഖലയിൽ വിനോദ സഞ്ചാരവും ചരക്കു വാഹനവും നിരോധിച്ചിരിക്കുകയാണ്. ഇനിയൊരുത്തരവുണ്ടാകും വരെ ഇവിെടക്ക് വിനോദ സഞ്ചാരികളേയോ ചരക്ക് വാഹനങ്ങളെയോ പ്രവേശിപ്പിക്കില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
മൂന്നാറില്‍ പള്ളിവാസലില്‍ സ്വകാര്യ റിസോര്‍ട്ടിന് സമീപം ഇന്നലെ പുലര്‍ച്ചെ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് വിദേശികള്‍ അടക്കം 50ല്‍ അധികം വിനോദ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുകയാണ്. പള്ളിവാസലിന് സമീപം പ്ലം ചൂടി റിസോര്‍ട്ടിന് സമീപത്താണ് ഉരുള്‍പൊട്ടിയത്. ജില്ലയില്‍ കനത്തമഴ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.