സർക്കാർ-ഗവർണർ പോര്: സംസ്ഥാനത്തെ 14ാമത്തെ സർവകലാശാലക്കും വ്യാഴാഴ്ച വി.സിയില്ലാതാകും
text_fieldsതിരുവനന്തപുരം: അയഞ്ഞും മുറുകിയും തുടരുന്ന സർക്കാർ-ഗവർണർ പോരിലകപ്പെട്ട് സംസ്ഥാനത്തെ പതിനാലാമത്തെ സർവകലാശാലക്കും വ്യാഴാഴ്ച സ്ഥിരം വൈസ്ചാൻസലറില്ലാതാകുന്നു. ശേഷിക്കുന്ന രണ്ട് സ്ഥിരം വി.സിമാരിൽ ഡിജിറ്റൽ സർവകലാശാല വി.സി ഡോ. സജിഗോപിനാഥിന്റെ കാലാവധിയാണ് പൂർത്തിയാകുന്നത്.
സജി ഗോപിനാഥ് താൽക്കാലിക വി.സിയുടെ ചുമതല വഹിക്കുന്ന സാങ്കേതിക സർവകലാശാലക്കും ഇതോടെ പുതിയ വി.സിയെ കണ്ടെത്തേണ്ടിവരും. ഇനി ശേഷിക്കുന്ന ഏക സ്ഥിരം വി.സി ആരോഗ്യ സർവകലാശാല വി.സി ഡോ. മോഹനൻ കുന്നുമ്മലാണ്. അദ്ദേഹത്തിന്റെ കാലാവധി ഈ മാസം 29ന് അവസാനിക്കുന്നതോടെ കേരളത്തിലെ 15 സർവകലാശാലകൾക്കും സ്ഥിരം വി.സിയില്ലാതാകും. മോഹനൻ കുന്നുമ്മൽ തന്നെ താൽക്കാലിക വി.സിയായ കേരള സർവകലാശാലക്കും ഇതോടെ വി.സിയില്ലാതാകും.
നിലവിൽ സീനിയർ പ്രഫസർമാർക്ക് ഗവർണർ വി.സിയുടെ താൽക്കാലിക ചുമതല നൽകിയാണ് സർവകലാശാല ഭരണം മുന്നോട്ടുകൊണ്ടുപോകുന്നത്. രാഷ്ട്രപതിയായിരുന്ന രാംനാഥ് കോവിന്ദിന് ഓണററി ഡി.ലിറ്റ് ബിരുദം നൽകാനുള്ള ഗവർണറുടെ നിർദേശം സർക്കാർ താൽപര്യപ്രകാരം കേരള സർവകലാശാല തള്ളിയതോടെയാണ് സർക്കാർ-ഗവർണർ പോരിന് തുടക്കമാകുന്നത്.
പിന്നാലെ കണ്ണൂർ സർവകലാശാല വി.സിയായിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനവും കാലടി സർവകലാശാലയിൽ മൂന്നുപേരുടെ പാനൽ ഇല്ലാതെ ഡോ.എം.വി. നാരായണന്റെ പേര് വി.സി സ്ഥാനത്തേക്ക് നിർദേശിച്ചതും ഉൾപ്പെടെയുള്ളവയിൽ ഗവർണർ സർക്കാറുമായി ഇടഞ്ഞു.
ഒടുവിൽ സാങ്കേതിക സർവകലാശാല വി.സിയായിരുന്ന ഡോ. എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയത് ചൂണ്ടിക്കാട്ടി ഒമ്പത് വി.സിമാർക്ക് ഗവർണർ പിരിച്ചുവിടാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. ആറ് വി.സിമാർ കാലാവധി പൂർത്തിയാക്കുകയോ ഹൈകോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിക്കുകയോ ചെയ്തപ്പോൾ കണ്ണൂർ, ഫിഷറീസ് സർവകലാശാല വി.സിമാർ കോടതി വിധികളിലൂടെയും കാലടി വി.സി ഗവർണറുടെ ഉത്തരവിലൂടെയും പുറത്തായി.
സജി ഗോപിനാഥിന്റെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിൽ സാങ്കേതിക സർവകലാശാല വി.സി സ്ഥാനത്തേക്ക് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ.പി.ആർ. ഷാലിജ്, കോതമംഗലം എം.എ എൻജിനീയറിങ് കോളജ് പ്രഫസർ ഡോ. വിനോദ് കുമാർ ജേക്കബ് എന്നിവരുടെ പേരുകൾ സർക്കാർ ഗവർണർക്ക് സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇത് പരിഗണിക്കുമോ എന്ന് വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.