നാളെ തന്നിലേക്കും അന്വേഷണം വരുമോയെന്ന് മുഖ്യമന്ത്രി ഭയക്കുന്നു- ചെന്നിത്തല
text_fieldsതിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെ മുഖ്യമന്ത്രി ന്യായീകരിക്കുന്നത് നാളെ അന്വേഷണം തന്നിലേക്കോ തന്‍റെ ഓഫീസിലേക്കോ വരുമെന്ന ഭയം കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജലീലിനോട് മുഖ്യമന്ത്രി രാജി ആവശ്യപ്പെടാതിരിക്കുന്നത് നാളെ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് വരുമ്പോള്‍ അദ്ദേഹത്തിനും രാജി വെക്കേണ്ടി വരുമോ എന്ന ഭയത്തിലാണെന്നും ചെന്നിത്തല ആരോപിച്ചു.
കെ ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നത് അതീവ ഗൗരവതരമാണ്. ജലീൽ അധികാരത്തിൽ തുടരുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ജലീൽ മന്ത്രി സ്ഥാനം രാജിവയ്ക്കണം. ജലീൽ സ്വയം രാജിവച്ചില്ലെങ്കിൽ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചോദ്യം ചെയ്യലിന് വിധേയമാകുന്നത് കുറ്റകരമല്ല എന്ന് മുഖ്യമന്ത്രി ഇപ്പോഴും പറയുന്നത് തീര്‍ത്തും അബദ്ധജനകമാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി കെ.ടി ജലീലിനെ പൂര്‍ണമായും സംരക്ഷിക്കുകയാണ്.
സംസ്ഥാന ചരിത്രത്തിൽ സമാനമായ ഒരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ല. ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനമെന്നും ചെന്നിത്തല പറഞ്ഞു.
ഇന്ന് പുലർച്ചെ ആറുമണിയോടെയാണ് ചോദ്യം ചെയ്യലിനായി മന്ത്രി കെ.ടി ജലീൽ എൻ.ഐ.എ ഓഫീസിൽ എത്തിയത്. മുൻ എം.എൽ.എ എ.എം യൂസഫിന്റെ കാറിലാണ് മന്ത്രി എത്തിയത്. നേരത്തേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ജലീലിനെ ചോദ്യം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.