'മുഖ്യമന്ത്രി മരംമുറി കേസ് പ്രതികളെ കണ്ടു': ചിത്രം പുറത്തുവിട്ട് പി.ടി. തോമസ്
text_fieldsകൊച്ചി: മുഖ്യമന്ത്രി മരംമുറി കേസ് പ്രതികളുമായി കൂടിക്കാഴ്ച നടത്തിയെന്ന് പി.ടി. തോമസ് എം.എൽ.എ. മുഖ്യമന്ത്രിയെ പ്രതി ഹസ്തദാനം ചെയ്യുന്ന ചിത്രവും പി.ടി. തോമസ് പുറത്തുവിട്ടു. ഇന്‍റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് എറണാകുളത്ത് മാംഗോ മൊബൈൽ വെബ്സൈറ്റ് ഉദ്ഘാടനചടങ്ങിൽ നിന്ന് വിട്ടുനിന്ന മുഖ്യമന്ത്രിയാണ് ഒന്നര മാസത്തിനു ശേഷം കോഴിക്കോട്ട് ഹസ്തദാനം നടത്തിയതെന്ന് പി.ടി. തോമസ് ആരോപിച്ചു.
മാംഗോ മൊബൈൽ വെബ്സൈറ്റ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാമെന്നേറ്റ മുഖ്യമന്ത്രി താനല്ലെന്നും, 2016 ഫെബ്രുവരിയിൽ മറ്റൊരാളാണ് മുഖ്യമന്ത്രിയെന്നും പി.ടി. തോമസിന്‍റെ ആരോപണത്തോട് പ്രതികരിച്ച് പിണറായി വിജയൻ കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞിരുന്നു. ഈ വാദം തള്ളിയാണ് പി.ടി. തോമസ് രംഗത്തെത്തിയത്.
2017 ജനുവരി 22നാണ് പിണറായി വിജയൻ എറണാകുളം ഗസ്റ്റ് ഹൗസിലെ ഹാളിൽ മാംഗോ മൊബൈൽ ഓൺലൈൻ ഉദ്ഘാടനം ചെയ്യാമെന്നേറ്റത്. ചടങ്ങിനായി എറണാകുളത്ത് തലേന്ന് എത്തിയ മുഖ്യമന്ത്രി മുകേഷ് എം.എൽ.എയ്ക്കൊപ്പം ഉടമകളെ കണ്ടു. എന്നാൽ, നിരവധി തട്ടിപ്പു കേസുകളിലെ പ്രതികളാണ് സംഘാടകർ എന്നറിഞ്ഞ രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തെ തുടർന്നാണ് മുഖ്യമന്ത്രി അവസാന നിമിഷം ഒഴിഞ്ഞു മാറിയത്. ഇതിനും ഒന്നര മാസത്തിനു ശേഷമാണ് മുഖ്യമന്ത്രി മാംഗോ മൊബൈൽ ഉടമയുമായി കോഴിക്കോട്ട് ഹസ്തദാനം ചെയ്തത് -അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ വ്യക്തിപരമായ വിശദീകരണത്തിന് പി.ടി. തോമസ് എഴുതിക്കൊടുത്തെങ്കിലും സ്പീക്കർ അനുവദിച്ചില്ല. ധനവിനിയോഗ ബിൽ ചർച്ചക്കിടെ എൽദോസ് കുന്നപ്പള്ളിയുടെ പ്രസംഗത്തിലിടപെട്ടാണ് പി.ടി. തോമസ് തന്‍റെ വാദമുഖങ്ങൾ നിരത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.