‘നാല് വോട്ടിന് വേണ്ടി ആരെയും സ്വീകരിക്കാമെന്ന കോൺഗ്രസ്, ലീഗ് നിലപാട് അപകടകരം’; വിമർശനവുമായി മുഖ്യമന്ത്രി
text_fieldsമലപ്പുറം: നാല് വോട്ടിന് വേണ്ടി ആരെയും സ്വീകരിക്കാമെന്ന കോൺഗ്രസിന്റെയും ലീഗിന്റെയും നിലപാട് അപകടകരമാണെന്നും ഭൂരിപക്ഷ വർഗീയതക്ക് ന്യൂനപക്ഷ വർഗീയതയല്ല മരുന്നെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷതയാണ് വർഗീയതക്കുള്ള മറുമരുന്ന്. കോൺഗ്രസും ലീഗും ജമാഅത്തെ ഇസ്‌ലാമിയുമായി ചേർന്ന് പ്രവർത്തിക്കുന്നത് അപകടകരമാണ്. കോൺഗ്രസും ബി.ജെ.പിയും യോജിപ്പോടെ സർക്കാരിനെ എതിർക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
“കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസർക്കാറിന്റെ പൂർണ സഹകരണത്തോടെയും നിസ്സംഗതയോടെയും മസ്ജിദ് തകർക്കാൻ സംഘപരിവാറിന് കഴിഞ്ഞു. അന്ന് കാശിയും മഥുരയും ബാക്കിയുണ്ട് എന്നായിരുന്നു സംഘപരിവാറുകാർ പറഞ്ഞത്. ഇപ്പോൾ കാശിയും മഥുരയും മാത്രമല്ല, മറ്റിടങ്ങളിലും അവകാശവാദവുമായി അവർ പുറപ്പെട്ടിരിക്കുകയാണ്. രാജ്യം അംഗീകരിച്ചുവച്ച ഒരു നിയമമുണ്ട്. 1947 ആഗസ്റ്റ് 15ന് ആരാധനാലയങ്ങളുടെ അവസ്ഥ എന്തായിരുന്നോ അത് തുടരണമെന്നാണ് നിയമം. ആ നിയമം അനുസരിക്കാതെയാണ് പുതിയ അവകാശവാദവുമായി മുന്നിട്ടിറങ്ങുന്നത്.
സംഘർഷമുണ്ടാക്കുകയാണ് ലക്ഷ്യം. അത് ജനശ്രദ്ധ തിരിച്ചുവിടാൻ സഹായിക്കുമെന്നാണ് അവർ കരുതുന്നത്. സംഘപരിവാർ അക്രമങ്ങളിൽ മുസ്‌ലിം വിഭാഗങ്ങളാണ് ഏറ്റവുമധികം ഇരകളായത്. ക്രൈസ്തവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. എന്നാൽ വിട്ടുവീഴ്‌ചയില്ലാതെ വർഗീയതയെ നേരിടുന്ന പാർട്ടിയാണ് കോൺഗ്രസ് എന്ന് അവർക്ക് പറയാനാവുമോ? കോൺഗ്രസ് നേതാക്കളും അണികളും ബി.ജെ.പിക്ക് ഒപ്പം പോകുന്നു. ആ അനുഭവത്തിൽനിന്നും കോൺഗ്രസ് പഠിക്കുന്നുണ്ടോ? വർഗീയതുടെ ആടയാഭരണങ്ങൾ അണിഞ്ഞ ഒരുപാട് കോൺഗ്രസ് നേതാക്കളുണ്ട്. സംഘപരിവാറിനൊപ്പം ചേർന്ന് പരസ്യ നിലപാട് എടുക്കുന്ന കോൺഗ്രസ് നേതാക്കളുമുണ്ട്.
ഭൂരിപക്ഷ വർഗീയതക്ക് ന്യൂനപക്ഷ വർഗീയതയല്ല മരുന്ന്. ഭൂരിപക്ഷ വർഗീയതയും ന്യുനപക്ഷ വർഗീയതയും പരസ്പരപൂരകങ്ങളാണ്. ന്യുനപക്ഷ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. എന്നാൽ അതിന് വർഗീയതയോട് കീഴ്പ്പെടുകയല്ല വേണ്ടത്. മതനിരപേക്ഷതയാണ് വർഗീയതക്കുള്ള മറുമരുന്ന്. എന്നാൽ കേരളത്തിൽ കോൺഗ്രസും ബി.ജെ.പിയും യോജിപ്പോടെ സർക്കാരിനെ എതിർക്കുകയാണ്. നാല് വോട്ടിന് വേണ്ടി ആരെയും സ്വീകരിക്കാമെന്ന കോൺഗ്രസിന്റെയും ലീഗിന്റെയും നിലപാട് അപകടകരമാണ്.
സുന്നി വിഭാഗം എക്കാലവും അകറ്റി നിർത്തിയവരാണ് ജമാഅത്തെ ഇസ്‌ലാമി. ഇവർ യു.ഡി.എഫിനൊപ്പം ഇപ്പോൾ ചേർന്ന് പ്രവർത്തിക്കുന്നുവെന്ന് പറഞ്ഞു. മുസ്‌ലിം ലീഗിന് അവരോട് വല്ലാത്ത പ്രതിപത്തിയാണ്. ഇത് അപകടകരമാണ്. മുസ്‌ലിം ലീഗ് വർഗീയ ശക്തികളോട് കീഴ്‌പ്പെടുന്ന നിലയാണ്. ഭാവിയിൽ വർഗീയ ശക്തികൾ ലീഗിനെ തന്നെ വിഴുങ്ങുന്ന സ്ഥിതി വരും. ഈ രാഷ്ട്രീയം അപകടകരമെന്ന് മുസ്‌ലിം ലീഗ് മനസിലാക്കിയില്ലെങ്കിൽ വൻ ദുരന്തമുണ്ടാകും” -മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.