സി.എ.ജിക്കെതിരെ മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സി.ആൻഡ്.എ.ജി കേരള ഫീൽഡ് ഓഫിസേഴ്‌സിന്റെ ഓഡിറ്റ് ദിനാചരണത്തിൽ സി.എ.ജിക്കെതിരെ പരോക്ഷ പരാമർശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭയമോ വിദ്വേഷമോ പ്രശസ്‌തിക്കുവേണ്ടിയുള്ള താൽപര്യമോ കൂടാതെയുള്ള കർത്തവ്യനിർവഹണത്തിന് സി.ആൻഡ്.എ.ജിക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സർക്കാറിന്റെ വരുമാനവും ചെലവും നിയമത്തിനും ചട്ടത്തിനും അനുസരിച്ചാണെന്ന് ഉറപ്പാക്കേണ്ട ചുമതലയാണ് സി.എ.ജിക്കുള്ളത്. സി.എ.ജി കണ്ടെത്തുന്ന കാര്യങ്ങളാണ് പാർലമെന്റും നിയമസഭയും പരിശോധിച്ച് തീരുമാനമെടുക്കുന്നത്. അതിനാൽ ഒരുവിധ താൽപര്യവും കർത്തവ്യനിർവഹണത്തെ സ്വാധീനിക്കരുത്.
സി.എ.ജി പദവിക്ക് ഭരണഘടന സംരക്ഷണമുണ്ട്. മറ്റു പല ഭരണഘടന സ്ഥാപനങ്ങളെയും പോലെ 'പ്രീതി'യുടെ അടിസ്ഥാനത്തിലല്ല അത്. ഈ സംരക്ഷണം നിഷ്‌പക്ഷമായും കാര്യക്ഷമമായും പ്രവർത്തിക്കാനുള്ള കവചമാണ്. സ്ഥിതിഗതികളുടെ ഗൗരവവും പ്രത്യേകതയും മനസ്സിലാക്കി പ്രവർത്തിക്കുന്ന നില ഓഡിറ്റിലുണ്ടാകണം. 2018ലെ പ്രളയകാലത്ത് എല്ലാവരും ഒത്തൊരുമിച്ചുള്ള രക്ഷാപ്രവർത്തനമാണ് നടത്തിയത്.
അന്ന് സന്ദർഭോചിതമായ തീരുമാനമെടുത്ത് പരമാവധി അപകടം കുറക്കാൻ മുൻകൈയെടുത്ത ഉദ്യോഗസ്ഥരെ കുറിച്ച് വർഷങ്ങൾക്കുശേഷം ചില എതിർ പരാമർശങ്ങളുണ്ടായി. ഇത്തരം പരാമർശങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കേണ്ടിവരുന്ന വകുപ്പുകളെയും ഉദ്യോഗസ്ഥരെയും എങ്ങനെ ബാധിക്കുമെന്ന് ഓർക്കണം.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അധ്യക്ഷത വഹിച്ചു. മന്ത്രി കെ.എൻ. ബാലഗോപാൽ, എം.എൽ.എമാരായ ഇ. ചന്ദ്രശേഖരൻ, സണ്ണി ജോസഫ്, പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ ഡോ. ബിജു ജേക്കബ്, പ്രിൻസിപ്പൽ എ.ജി ജി. സുധർമിണി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.