കേന്ദ്രത്തിനെതിരെ യോജിച്ച നീക്കം; പ്രതിപക്ഷവുമായി മുഖ്യമന്ത്രിയുടെ ചർച്ച തിങ്കളാഴ്ച
text_fieldsതിരുവനന്തപുരം: കേന്ദ്ര അവഗണനക്കെതിരെ പ്രതിപക്ഷവുമായി ചേർന്ന് യോജിച്ച നീക്കത്തിന് സര്ക്കാര് തയാറെടുക്കുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി മുഖ്യമന്ത്രി ചർച്ച നടത്തും. തിങ്കളാഴ്ച ഓൺലൈൻ വഴിയാണ് കൂടിക്കാഴ്ച. കേരളത്തോട് കാട്ടുന്ന അവഗണനയും തെറ്റായ സമീപനങ്ങളും സകല പരിധിയും ലംഘിച്ച് തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി തന്നെ ഇത്തരമൊരു ചർച്ചക്ക് മുൻകൈ എടുത്തത്. പ്രതിപക്ഷവും ഇതിനോട് അനുകൂലമായാണ് പ്രതികരിച്ചത്. കൂടിക്കാഴ്ചയിൽ യോജിച്ച പ്രക്ഷോഭത്തിന് തയാറായാൽ ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ പുതിയ രാഷ്ട്രീയ സാഹചര്യത്തിനാകും തുടക്കമാകുക.
കേന്ദ്ര അവഗണനയിലെ നിലപാടിന്റെ പേരിൽ പരസ്പരം പഴിചാരുകയും രാഷ്ട്രീയമായി ഏറ്റുമുട്ടുകയും ചെയ്യുന്നതാണ് സംസ്ഥാന രാഷ്ട്രീയത്തിലെ പതിവ്. ഇടവേളകളിൽ മുഖ്യമന്ത്രി കേരളത്തിലെ എം.പിമാരുടെ യോഗം വിളിക്കുമ്പോൾ പ്രതിപക്ഷം സഹകരിക്കുകയും കേന്ദ്രത്തിനെതിരായ പൊതുവികാരം പങ്കുവെക്കുകയും ചെയ്യും. എന്നാൽ, തുടർ നടപടികളൊന്നുമുണ്ടാകാറില്ല.
മാത്രമല്ല, ഇത്തരത്തിൽ എം.പിമാരുടെ യോഗത്തിൽ കേന്ദ്ര ധനമന്ത്രിയെ കാണാനുള്ള തീരുമാനവും അനന്തര സംഭവങ്ങളും നിയമസഭയിൽ രൂക്ഷമായ വാദപ്രതിവാദത്തിനും ഇറങ്ങിപ്പോക്കിലും കലാശിച്ചിരുന്നു. കേന്ദ്രത്തിനെതിരെ സമരത്തിനോ നിലപാടെടുക്കാനോ യു.ഡി.എഫ് എം.പിമാർ ഭയക്കുന്നെന്നാണ് നിയമസഭയിൽ മുഖ്യമന്ത്രി അന്ന് വിമർശിച്ചത്. മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗത്തിൽ ഒന്നിച്ച് കാണാമെന്നതടക്കം എല്ലാം സമ്മതിച്ച് പോയെങ്കിലും നിവേദനത്തിൽ ഒപ്പിടാൻ പോലും യു.ഡി.എഫ് എം.പിമാർ തയാറായില്ലെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രതികരിച്ചത് വിവാദമായിരുന്നു.
‘വിളിക്കേണ്ട വിധം വിളിക്കണമെന്നും നടക്കുന്നതെല്ലാം ഓൺലൈൻ യോഗങ്ങളാണെന്നും എം.പിമാരെ നേരിട്ട് കാണാൻ പോലും മുഖ്യമന്ത്രി തയാറാകുന്നില്ലെന്നുമാണ് പ്രതിപക്ഷ വിമർശനം. ഒരുപടി കൂടി കടന്ന് ബി.ജെ.പിയും സി.പി.എമ്മും തമ്മിലാണ് കൂട്ടുകെട്ടെന്നും കേന്ദ്രവിരുദ്ധ സമരത്തിന് മുഖ്യമന്ത്രി തയാറുണ്ടോയെന്നുമുള്ള വെല്ലുവിളികൂടി മുൻ പ്രതിപക്ഷ നേതാവ് മുന്നോട്ടുവെച്ചു. ഇത്തരത്തിൽ കേന്ദ്രനിലപാടിനെച്ചൊല്ലി കൊണ്ടും കൊടുത്തും മുന്നോട്ടുപോകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ അനുനയ നീക്കം. സംസ്ഥാനത്തെ പൊതുവായി ബാധിക്കുന്ന വിഷയമെന്ന നിലയാണ് അഭിപ്രായ ഭിന്നതകൾ മാറ്റിവെച്ച് യോഗത്തിൽ പങ്കെടുക്കാൻ പ്രതിപക്ഷം സന്നദ്ധമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.