മുഖ്യമന്ത്രിക്ക് വേണ്ടി കണ്ണൂരിൽ വന്‍ സുരക്ഷാസന്നാഹം, ഓരോ 500 മീറ്ററിലും പൊലീസ്
text_fieldsകണ്ണൂര്‍: സ്വപ്നയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധം കടുപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രിക്ക് പൊലീസ് ഒരുക്കുന്നത് വന്‍ സുരക്ഷാസന്നാഹം. പൊതുപരിപാടി നടക്കുന്ന തളിപ്പറമ്പിലും കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. സുരക്ഷക്കായി 500ൽപരം പൊലീസുകാരെയാണ് നഗരത്തിൽ വിന്യസിക്കുക.
ഞായറാഴ്ച രാത്രി ജില്ലയിലെത്തിയ മുഖ്യമന്ത്രിക്ക് തിങ്കളാഴ്ച തളിപ്പറമ്പിലാണ് പൊതുപരിപാടി. മുഖ്യമന്ത്രിയുടെ സഞ്ചാരപാതയിലും പൊതുപരിപാടി നടക്കുന്ന കില തളിപ്പറമ്പ് കാമ്പസിലും പ്രതിഷേധ സാധ്യതയുണ്ട്. സഞ്ചാരപാതയില്‍ എവിടെയൊക്കെ പ്രതിഷേധമുണ്ടാകുമെന്നത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
തിങ്കളാഴ്ച രാവിലെ പത്തുകഴിഞ്ഞാണ് കരിമ്പം കില കാമ്പസിൽ അന്താരാഷ്ട്ര പഠനകേന്ദ്രം ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ തളിപ്പറമ്പിലെത്തുന്നത്. കേന്ദ്രത്തിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ് കോളജിന്റെയും ഹോസ്റ്റലിന്റെയും തറക്കല്ലിടലും മുഖ്യമന്ത്രി നിർവഹിക്കും.
ധർമശാല മുതൽ കരിമ്പം വരെ റോഡുകളിലും ഇടറോഡുകളിലും പൊലീസിനെ വിന്യസിക്കും. കണ്ണൂർ റൂറൽ ജില്ല പൊലീസ് മേധാവി പി.ബി. രാജീവിനാണ് സുരക്ഷചുമതല. പരിപാടി തുടങ്ങുന്നതിന് ഒരുമണിക്കൂർ മുമ്പ് തന്നെ പങ്കെടുക്കുന്ന പ്രതിനിധികളും മാധ്യമപ്രവർത്തകരും കില കാമ്പസിൽ എത്തണമെന്നാണ് പൊലീസ് നിർദേശം. വേദിയിൽ ഇരിക്കുന്നവരുടെ വാഹനങ്ങൾ മാത്രമേ അകത്തേക്ക് കടത്തിവിടൂ.
കർശന പരിശോധനക്കുശേഷമേ പ്രവേശനം അനുവദിക്കൂ. കൂടാതെ പൊതുപരിപാടി നടക്കുന്ന സ്ഥലത്ത് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തും. ജില്ലയിൽ മുഖ്യമന്ത്രിയുടെ സഞ്ചാരപാതയില്‍ ഓരോ 500 മീറ്ററിലും പൊലീസിനെ വിന്യസിക്കും.
മുഖ്യമന്ത്രിയുടെ പരിപാടി കോൺഗ്രസും ബി.ജെ.പിയും ബഹിഷ്കരിക്കും
തളിപ്പറമ്പ്: കരിമ്പം കില കാമ്പസിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി ബഹിഷ്കരിക്കുമെന്ന് കോൺഗ്രസും ബി.ജെ.പിയും അറിയിച്ചു. മുഖ്യമന്ത്രിക്കെതിരെ സംസ്ഥാനത്തുടനീളം നടക്കുന്ന പ്രതിഷേധങ്ങളുടെ സാഹചര്യത്തിലാണ് ഇരു പാർട്ടികളും ഈ തീരുമാനം കൈക്കൊണ്ടത്. തളിപ്പറമ്പിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന തിങ്കളാഴ്ചത്തെ പരിപാടി ബഹിഷ്കരിക്കുമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.വി. രവീന്ദ്രൻ അറിയിച്ചു.
പരിപാടി ബഹിഷ്കരിക്കുമെന്ന് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് രമേശൻ ചെങ്ങുനിയും അറിയിച്ചു.
തളിപ്പറമ്പിൽ ഗതാഗത നിയന്ത്രണം
തളിപ്പറമ്പ്: മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലുള്ള സാഹചര്യത്തിൽ സംസ്ഥാന പാതയിൽ മന്ന മുതൽ പൊക്കുണ്ട് വരെ രാവിലെ മുതൽ ഉച്ചക്ക് മുഖ്യമന്ത്രിയുടെ പരിപാടി തീരുന്നതുവരെ വാഹനഗതാഗതത്തിന് പൊലീസ് നിയന്ത്രണമേർപ്പെടുത്തി.
ബസ് ഉൾപ്പെടെ വാഹനങ്ങൾക്കാണ് നിയന്ത്രണമേർപ്പെടുത്തിയത്. എന്നാൽ, ആംബുലൻസുകളും ആശുപത്രിയിലേക്കുള്ള വാഹനങ്ങളും കടത്തിവിടുമെന്നും പൊലീസ് അറിയിച്ചു.
ശ്രീകണ്ഠാപുരത്തുനിന്നും വരുന്ന വാഹനങ്ങൾ പൊക്കുണ്ടിൽനിന്നും കൂനം-പൂമംഗലം-കാഞ്ഞിരങ്ങാട്-മന്നയിലെത്തണം. തിരിച്ചും ഇതുവഴിയാണ് ബസ് ഉൾപ്പെടെ പോകേണ്ടത്. എന്നാൽ, ചിറവക്ക് മുതൽതന്നെ ഗതാഗതം നിയന്ത്രിക്കുമെന്നും സൂചനയുണ്ട്.
ബ്ലാക്ക് മാർച്ച് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
കറുത്ത വസ്ത്രങ്ങളും മാസ്കും ധരിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കലക്ടറേറ്റിലേക്ക് ഞായറാഴ്ച പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടും പരിപാടികളിൽ കറുത്ത മാസ്കിനും വസ്ത്രങ്ങൾക്കും വിലക്കേർപ്പെടുത്തിയ നിലപാടിൽ പ്രതിഷേധിച്ചുമായിരുന്നു പ്രകടനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.