ഹണി ട്രാപ് പോലുള്ള ചതികളില്‍ പെടുന്നത് പൊലീസ് സേനക്കാകെ കളങ്കം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളുമായുള്ള അടുപ്പത്തിൽ ജാഗ്രത പാലിക്കണമെന്നും അടുപ്പം വേണ്ടാത്തവരുമായി അകലം പാലിക്കുക തന്നെ വേണമെന്നും പൊലീസിനോട് മുഖ്യമന്ത്രി പിണറായി വിജയൻ. പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഞായറാഴ്ച പൊലീസ് ആസ്ഥാനത്ത് വിളിച്ചുചേർത്ത സ്റ്റേഷന് ഹൗസ് ഓഫിസര്‍മാര്‍ മുതല്‍ ഡി.ജി.പി വരെയുള്ളവരുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കും. ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. ഇൻറലിജന്‍സ് വിഭാഗത്തിെൻറ പരിശോധന ഇല്ലാത്ത പരിപാടികളില്‍ െപാലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത്. സ്വകാര്യ പരിപാടികളിൽ പങ്കെടുക്കുമ്പോൾ ഉദ്യോഗസ്ഥർ യൂനിഫോമിൽ പോകാതിരിക്കാൻ ശ്രദ്ധിക്കണം. പെരുമാറ്റത്തിലും പ്രവൃത്തിയിലും സൂക്ഷ്മതവേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തങ്ങളുടെ എല്ലാ പ്രവൃത്തികളും സമൂഹം വീക്ഷിക്കുന്നുണ്ടെന്ന ബോധം എല്ലാ ഉദ്യോഗസ്ഥര്‍ക്കും വേണം. വിമര്‍ശനം ഉണ്ടാകാനിടയുള്ള പ്രവൃത്തികളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ വിട്ടുനില്‍ക്കണം. ഹണി ട്രാപ് മുതലായ ചതികളില്‍ െപാലീസ് പെടുന്നത് സേനക്കാകെ കളങ്കം ഏല്‍പ്പിക്കുന്നതാണ്. പൊലീസ് ഉദ്യോഗസ്ഥരുടെ അഴിമതിയും നിയമവിരുദ്ധ പ്രവര്‍ത്തനവും അതിഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. മണ്ണുമാഫിയ, റിയല്‍ എസ്റ്റേറ്റ് എന്നിവയുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് വെച്ചുപൊറുപ്പിക്കില്ല. സംസ്ഥാനത്ത് കസ്റ്റഡി മര്‍ദനവും കസ്റ്റഡി മരണവും ഉണ്ടാകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
െപാലീസിനെ അനാവശ്യമായി കുറ്റപ്പെടുത്തുന്ന പ്രവണത പൊതുവേ കണ്ടുവരുന്നു. സേനയെ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഒരു വിഭാഗമാണ് ഇതിനുപിന്നില്‍. പൊലീസിനെതിരെ പരാതികള്‍ ഉയരുമ്പോള്‍ ജില്ല െപാലീസ് മേധാവിമാരും സബ്ഡിവിഷന് ഓഫിസര്‍മാരും പരിശോധിച്ച് തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. യോഗത്തില്‍ ഡി.ജി.പി അനില്‍ കാന്ത് സ്വാഗതവും എ.ഡി.ജി.പി കെ. പത്മകുമാര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.