ജെ.ഡി.ടി ഇസ്ലാം ശതാബ്ദി ആഘോഷത്തിന് പ്രൗഢ തുടക്കം
text_fieldsകോഴിക്കോട്: 'കരുണയുടെ നൂറ്റാണ്ട്, സമഗ്രതയുടെ ദർശനം' എന്ന പ്രമേയത്തിൽ ഒരു വർഷം നീളുന്ന ജെ.ഡി.ടി ഇസ്ലാം ശതാബ്ദി ആഘോഷങ്ങൾക്ക് പ്രൗഢ തുടക്കം. മലബാർ സമര ചരിത്രത്തിന്റെ ഭാഗമായി 1922ലാണ് ജെ.ഡി.ടി ഇസ്ലാം എന്ന ധാർമിക വിദ്യാഭ്യാസ സാംസ്കാരിക നവോത്ഥാന കേന്ദ്രം ആരംഭിച്ചത്. ശതാബ്ദി വർഷത്തിൽ നഗരത്തിൽ പുതിയ മെഡിക്കൽ കോളജ് തുടങ്ങലടക്കം ആയിരം കോടിയുടെ നവീകരണ വികസന പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തത്.
ശതാബ്ദി വർഷ പ്രഖ്യാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ശതാബ്ദി ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. ജെ.ഡി.ടി ഇസ്ലാം പ്രസിഡന്റ് സി.പി. കുഞ്ഞിമുഹമ്മദ് അധ്യക്ഷതവഹിച്ചു. ശതാബ്ദി വർഷ പത്തിന പദ്ധതി മലബാർ ഗ്രൂപ് ഓഫ് കമ്പനീസ് ചെയർമാൻ എം.പി. അഹമ്മദ് വിശദീകരിച്ചു. ഡിജിറ്റൽ ഹൈടെക് ലൈബ്രറി പ്രഖ്യാപനം മന്ത്രി പി.എ. മുഹമ്മദ് റിയാസും ജെ.ഡി.ടി ഗ്ലോബൽ അലൂംനി പ്രഖ്യാപനം പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും നൂറ് ഇഖ്റ ഫാർമസികളുടെ പ്രഖ്യാപനം എം.കെ. രാഘവൻ എം.പിയും ഇഖ്റ കമ്യൂണിറ്റി ക്ലിനിക്കുകളുടെ പ്രഖ്യാപനം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയും നിർവഹിച്ചു.
എം.ഇ. മീരാൻ മെമ്മോറിയൽ ടീച്ചിങ് ഹോസ്പിറ്റൽ ശിലാസ്ഥാപനം ഈസ്റ്റേൺ സി.ഇ.ഒ നവാസ് മീരാൻ, നഫീസ മീരാൻ, ഫിറോസ് മീരാൻ എന്നിവർ ചേർന്നും ഇഖ്റ കല്ലായി ക്ലിനിക് റീലോഞ്ചിങ് ദാഫിർ ടെക്നോളജീസ് എം.ഡി ഇ.വി. ലുഖ്മാനും നിർവഹിച്ചു. ശതാബ്ദിയോടനുബന്ധിച്ചുള്ള വികസന പ്രവർത്തനത്തിലേക്ക് മലബാർ ഗ്രൂപ് നൽകുന്ന അമ്പതു കോടി രൂപയുടെ ചെക്ക് ചെയർമാൻ എം.പി. അഹമ്മദിൽനിന്ന് മുഖ്യമന്ത്രി ഏറ്റുവാങ്ങി ജെ.ഡി.ടി പ്രസിഡന്റിന് കൈമാറി. ജെ.ഡി.ടിക്ക് സംഭാവനയായി നൽകുന്ന നാദാപുരത്തെ 44 സെന്റ് ഭൂമിയുടെ ആധാരം ഹംസ നാദാപുരവും സുൽത്താൻ ബത്തേരി ദേശീയ പാതയിലുള്ള 63 സെന്റ് ഭൂമിയുടെ ആധാരം സക്കീന താഹിറും ഭാരവാഹികൾക്ക് കൈമാറി. സെറിബ്രൽ പൾസി ബാധിച്ചിട്ടും ഉന്നതങ്ങൾ കീഴടക്കിയ പത്താം ക്ലാസ് വിദ്യാർഥി അമൽ ഇഖ്ബാലിനെ ചടങ്ങിൽ അനുമോദിച്ചു. കോർപറേഷൻ കൗൺസിലർ ഫെനിഷ കെ. സന്തോഷ് സംസാരിച്ചു. പി.കെ. അഹമ്മദ്, ഹുസൈൻ മടവൂർ, എൻ.പി. ഹാഫിസ് മുഹമ്മദ്, പി. മോഹനൻ, കെ.വി. കുഞ്ഞഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു. ജെ.ഡി.ടി സെക്രട്ടറി ഡോ. പി.സി. അൻവർ സ്വാഗതവും ജോയന്റ് സെക്രട്ടറി എം.പി. അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.