വാക്സിൻ: ഇന്ന് മാത്രം സി.എം.ഡി.ആര്‍.എഫിലേക്ക് എത്തിയത് ഒരു കോടി; കേരളീയനായതിൽ അഭിമാനം തോന്നുന്ന നിമിഷമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കേന്ദ്ര സർക്കാരിെൻറ പുതിയ വാക്സിൻ നയത്തിനെതിരെ കേരളം ഒരുമിക്കുന്നു. കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് പിന്തുണയര്‍പ്പിച്ച് സി.എം.ഡി.ആര്‍.എഫിലേക്ക് വെള്ളിയാഴ്ച്ച ദിവസം മാത്രമെത്തിയത് ഒരു കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധി ഘട്ടങ്ങളില്‍, തങ്ങളുടെ സഹോദരങ്ങളുടെ സുരക്ഷയ്ക്കും നാടിന്‍റെ നന്മയ്ക്കും വേണ്ടി ഒത്തൊരുമിക്കുന്ന കേരള ജനത ഈ ലോകത്തിനു തന്നെ മാതൃകയായി മാറിയിരിക്കുന്നുവെന്ന് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കേരളീയന്‍ എന്ന നിലയില്‍ അഭിമാനം തോന്നുന്ന മറ്റൊരു സന്ദര്‍ഭമാണിത്. ആരുടെയും ആഹ്വാനമനുസരിച്ചല്ല, ജനങ്ങള്‍ സ്വയമേവ മുന്നോട്ടുവന്നാണ് സംഭാവനകള്‍ നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്
കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച പുതിയ വാക്സിന്‍ നയം സംസ്ഥാനങ്ങള്‍ക്കു മേല്‍ വലിയ ഭാരം അടിച്ചേല്‍പ്പിക്കുന്നതാണ്. ഇക്കാര്യം പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സില്‍ വ്യക്തമായി പറഞ്ഞിരുന്നു. വാക്സിന്‍ വില നിശ്ചയിക്കാനുള്ള അധികാരം കമ്പനികള്‍ക്ക് കൈമാറിയതാണ് പ്രശ്നം. കേന്ദ്ര സര്‍ക്കാരിനു 150 രൂപയ്ക്ക് നല്‍കുന്ന വാക്സിന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപയ്ക്കാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാനങ്ങള്‍ക്ക് ക്വോട്ട നിശ്ചയിക്കാത്തതിനാല്‍ വാക്സിനു വേണ്ടിയുള്ള മത്സരവും ഉടലെടുക്കും. ലക്ഷക്കണക്കിനു മനുഷ്യരെ നിത്യേന രോഗികളാക്കുന്ന മഹാമാരിയെ നേരിടുമ്പോള്‍ ഒട്ടും ആശാസ്യമായ അവസ്ഥയല്ല ഇത്. സാമ്പത്തിക പ്രതിസന്ധികളില്‍ ഉഴലുന്ന സംസ്ഥാനങ്ങളെ കൂടുതല്‍ വിഷമകതകളിലേയ്ക്ക് തള്ളിവിടുന്നതാണ് വാക്സിന്‍ നയം. കയ്യില്‍ പണമുള്ളവര്‍ മാത്രം വാക്സിന്‍ സ്വീകരിച്ചോട്ടെ എന്ന നിലപാട് നമുക്ക് സ്വീകരിക്കാനാകില്ല.
സ്വതന്ത്ര ഇന്ത്യയില്‍ ഇത്ര കാലം തുടര്‍ന്നു വന്ന സൗജന്യവും സാര്‍വത്രികവുമായ വാക്സിനേഷന്‍ എന്ന നയം നടപ്പിലാക്കാന്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം. ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കുക തന്നെ ചെയ്യും. ഈ മഹാമാരിയെ തടയാന്‍ നമുക്ക് മുന്‍പിലുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് വാക്സിനേഷന്‍. ഭൂരിഭാഗം പേരും വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ മാത്രമേ, സമൂഹത്തിനും പ്രതിരോധം ആര്‍ജ്ജിക്കാന്‍ സാധിക്കൂ. ജനങ്ങളുടെ ജീവന്‍ കാക്കുന്നതിനോടൊപ്പം, നമ്മുടെ സാമ്പത്തിക വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും വാക്സിനേഷന്‍ എത്രയും പെട്ടെന്ന് പരമാവധി ആളുകളിലേക്ക് എത്തണം. അതിനായി പ്രതിബദ്ധതയോടെ സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കും.
ഇക്കാര്യത്തില്‍ സര്‍ക്കാരിനേറ്റവും വലിയ പിന്തുണയായി മാറുന്നത് ജനങ്ങള്‍ തന്നെയാണ്. ഇന്നലെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുത്തരമായി യുവതലമുറയുടെ ആവേശകരമായ പ്രതികരണത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. വാക്സിനുകള്‍ വാങ്ങുന്നതിലേയ്ക്കായി സിഎംഡിആര്‍എഫിലേക്ക് സംഭാവനകള്‍ ഇന്നലെ മുതല്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇന്നുമാത്രം ഒരുകോടിയിലധികം രൂപയാണ് ഇങ്ങനെ എത്തിയത്. പ്രതിസന്ധി ഘട്ടങ്ങളില്‍, തങ്ങളുടെ സഹോദരങ്ങളുടെ സുരക്ഷയ്ക്കും നാടിന്‍റെ നന്മയ്ക്കും വേണ്ടി ഒത്തൊരുമിക്കുന്ന കേരള ജനത ഈ ലോകത്തിനു തന്നെ മാതൃകയായി മാറിയിരിക്കുന്നു. കേരളീയന്‍ എന്ന നിലയില്‍ അഭിമാനം തോന്നുന്ന മറ്റൊരു സന്ദര്‍ഭമാണിത്. ആരുടെയും ആഹ്വാനമനുസരിച്ചല്ല, ജനങ്ങള്‍ സ്വയമേവ മുന്നോട്ടുവന്നാണ് സംഭാവനകള്‍ നല്‍കുന്നത്.
ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍നിന്നും വാക്സിന്‍ വാങ്ങാനുള്ള സംഭാവന എത്തുകയാണ്. ഇത്തരത്തില്‍ വാക്സിന്‍ വാങ്ങുന്നതിനായി ജനങ്ങള്‍ നല്‍കുന്ന തുക സംഭരിക്കുന്നതിന് സിഎംഡിആര്‍എഫില്‍ പ്രത്യേക അക്കൗണ്ട് ഉണ്ടാകും. ആ തുക വാക്സിനേഷനു വേണ്ടി മാത്രം ചെലവഴിക്കും. ഇപ്പോള്‍ വാക്സിനേഷന്‍ സ്വീകരിച്ചവരാണ് സംഭാവന അയക്കുന്നത്. എല്ലാവരും ഇതിന് സന്നദ്ധരാകണം. ഈ മുന്നേറ്റത്തില്‍ കൂടുതല്‍ ആളുകള്‍ പങ്കാളികളാകണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. വ്യക്തികള്‍ മാത്രമല്ല, സംഘടനകളും സ്ഥാപനങ്ങളും ഈ ലക്ഷ്യത്തിനായി കൈകോര്‍ക്കണം. വാക്സിനേഷന്‍ ശക്തമായി നടപ്പിലാക്കി എത്രയും പെട്ടെന്ന് ഈ മഹാമാരിയില്‍ നിന്നും മുക്തമാവുക എന്ന ലക്ഷ്യം നമുക്ക് സഫലീകരിക്കണം. സാമ്പത്തികമായ വേര്‍തിരിവുകളെ മറികടന്ന് വാക്സിന്‍ ഏറ്റവും സാധാരണക്കാരനും ലഭ്യമാക്കണം. അതിനായി നമുക്കൊരുമിച്ചു നില്‍ക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.