മതസൗഹാർദം നിലനിർത്തുന്നതിൽ ഊന്നിയ സമീപനമായിരുന്നു ഹൈദരലി തങ്ങളുടേതെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.
മലപ്പുറം ജില്ലാ ലീഗ് അധ്യക്ഷൻ എന്ന നിലയിലും സംസ്ഥാന അധ്യക്ഷൻ എന്ന നിലയിലും കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു ഇക്കാലമത്രയും അദ്ദേഹം. മതസൗഹാർദം നിലനിർത്തുന്നതിൽ ഊന്നിയ സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. രാഷ്ട്രീയമായി വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുമ്പോഴും വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നതിൽ എന്നും ശ്രദ്ധിച്ചിരുന്നു.
രാഷ്ട്രീയ പ്രവർത്തനത്തിന് പുറമേ മറ്റു നിരവധി സംഘടനകളുടെ നേതൃത്വത്തിലും അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചു. അനാഥ മന്ദിരങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലും അദ്ദേഹം ഉണ്ടായിരുന്നു. മത നേതാവ് എന്ന നിലയിലും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഉന്നത നേതാവ് എന്ന നിലയിലും അദ്ദേഹത്തിന്റെ പ്രവർത്തനം ശ്രദ്ധേയമായിരുന്നു. ഇസ്ലാമിക പണ്ഡിതനായ തങ്ങൾ അനേകം മഹല്ലുകളുടെ ഖാസി എന്ന നിലയിലും ഏറെ ആദരവ് പിടിച്ചുപറ്റിയിരുന്നു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കുടുംബത്തെയും സഹപ്രവർത്തകരെയും അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന എല്ലാവരെയും അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കെ. രാധാകൃഷ്ണൻ അനുശോചിച്ചു
ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ മന്ത്രി കെ. രാധാകൃഷ്ണൻ അനുശോചിച്ചു. ഹൈദരലി തങ്ങളുടെ കുടുംബത്തെയും സഹപ്രവർത്തകരെയും അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന എല്ലാവരെയും അനുശോചനം അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.