അനന്തപുരി എഫ്.എമ്മിലെ മാറ്റങ്ങൾ തിരുത്തണമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഉചിതമല്ലാത്തതും ഭാഷ വിരുദ്ധവും സംസ്കാര വിരുദ്ധവുമായ മാറ്റങ്ങളാണ് അനന്തപുരി എഫ്.എമ്മിൽ പ്രസാര്‍ ഭാരതി വരുത്തുന്നതെന്നും ഇത് ആശാസ്യമല്ലെന്നും മുഖ്യമന്ത്രി. തെറ്റുകള്‍ തിരുത്താൻ ആവശ്യപ്പെടും. സര്‍ക്കാര്‍ ഇക്കാര്യത്തിൽ ഇടപെടുമെന്നും വി.കെ. പ്രശാന്തിന്റെ സബ്മിഷന് മറുപടി നൽകി. മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി എം.വി. ഗോവിന്ദനാണ് മറുപടി പറഞ്ഞത്.
'ബഹുജന ഹിതായ, ബഹുജന സുഖായ' എന്ന ആകാശവാണി അംഗീകരിച്ച ആപ്തവാക്യത്തിന് വിരുദ്ധമായ നടപടികളാണ് ഉണ്ടാകുന്നത്. ഭാഷാപരവും സാംസ്കാരികവുമായി കേരളത്തിനും മലയാളിക്കും പ്രിയപ്പെട്ടത് ഇല്ലായ്മ ചെയ്യപ്പെടുകയോ പിന്‍വലിക്കപ്പെടുകയോ ആണ്. അനന്തപുരി എഫ്.എം നിലയം നിര്‍ത്തലാക്കുക, അതിലുണ്ടായിരുന്ന പരിപാടികളുടെ ഉള്ളടക്കവും രൂപവും പേരും മാറ്റുക, അതിനെ വിവിധ് ഭാരതി മലയാളം എന്നതുകൊണ്ട് പകരം വെക്കുക, മലയാള പരിപാടികള്‍ കുറക്കുക, ഹിന്ദി പരിപാടികള്‍ കൂട്ടുക തുടങ്ങിയ നടപടികളുണ്ടായി.
സാംസ്കാരിക രംഗത്തുനിന്ന് വലിയ പ്രതിഷേധമുണ്ടായപ്പോൾ ചെറിയ ചില മാറ്റങ്ങള്‍ മാത്രം വരുത്തി. പരിപാടിയുടെ പേര് അനന്തപുരി വിവിധ് ഭാരതി മലയാളം എന്നാക്കി. പരിപാടികളുടെ സ്വഭാവത്തിലും രൂപത്തിലുമുള്ള മാറ്റം കേരളീയരുടെ താല്പര്യങ്ങള്ക്ക് വിരുദ്ധമായ സ്ഥിതിയില്‍തന്നെ നിലനിര്‍ത്തി. വൈവിധ്യമാര്‍ന്ന ഭാഷാ-കലാ-സംസ്കാര രൂപങ്ങളെയാകെ ഇല്ലായ്മ ചെയ്ത് അവിടെ ഏകശില രൂപത്തിലുള്ള സമ്പ്രദായം സ്ഥാപിക്കുകയാണ്. ബഹുജനഹിതത്തിന് വിലയില്ലാത്ത സ്ഥിതി കേരളത്തിന് അംഗീകരിക്കാനാകില്ല.
പല മലയാള പരിപാടികളും പ്രക്ഷേപണം ചെയ്യുന്നത് നിര്‍ത്തി. രാവിലെ ഒമ്പതിന് ഹിന്ദി റിലേ ആക്കി. തിരുവനന്തപുരം, ആലപ്പുഴ നിലയങ്ങളിലെ ശാസ്ത്രീയ സംഗീതത്തിന്റെയും കഥകളിപ്പദത്തിന്റെയും സമയം വെട്ടിക്കുറച്ചു. ആ വേളകളിലൊക്കെ ചലച്ചിത്ര ഗാനമാക്കി. ഏതെങ്കിലും സർവേയുടെയോ പഠനത്തിന്റെയോ അടിസ്ഥാനത്തിലല്ല നടപടി. സംഗീതസുധ എന്ന അരമണിക്കൂര്‍ പരിപാടി അപ്പാടെ വേണ്ടെന്നുവെച്ചു. രാഗാമൃതം എന്ന ശാസ്ത്രീയ സംഗീത പരിപാടി തിരുവനന്തപുരം - ആലപ്പുഴ നിലയങ്ങളില്‍ രാവിലെ 9.15ന് പ്രക്ഷേപണം ചെയ്തിരുന്നു. അതും റദ്ദാക്കി. രാവിലത്തെ മലയാള പ്രഭാഷണം അപ്രധാന സമയത്തേക്ക് മാറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.