ആറന്മുളയില്‍ വിത്തുവിതച്ചു; വിമാനത്താവളം അനുവദിക്കില്ലെന്ന് പിണറായി
text_fieldsആറന്മുള: ഒരു കാരണവശാലും ആറന്മുളയില്‍ വിമാനത്താവളം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിക്കായി നടത്തിയ വ്യവസായ മേഖലാ പ്രഖ്യാപനം റദ്ദാക്കാനുള്ള നടപടികള്‍ ഉടൻ ആരംഭിക്കും. വിമാനത്താവള പദ്ധതി പ്രദേശത്തെ മണ്ണിട്ട് നികത്തിയ കോഴിത്തോട് പുനഃസ്ഥാപിക്കും. കോടതിയില്‍ വിമാനക്കമ്പനി കെ.ജി.എസിന്‍റെ വാദം നടക്കുന്നുണ്ട്. അതിനര്‍ഥം സര്‍ക്കാര്‍ നിലപാട് മാറിയെന്നല്ലെന്നും പിണറായി വ്യക്തമാക്കി.
നെൽക്കൃഷിക്കായി 1.53 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇത് ഘട്ടങ്ങളായി സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിത്തുവിതറിയാണ് മുഖ്യമന്ത്രി കൃഷിയിറക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്തത്. കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍, ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ്, ആറന്മുള എം.എൽ.എ വീണാ ജോര്‍ജ്, റാന്നി എം.എല്‍.എ രാജു എബ്രഹാം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ആദ്യഘട്ടത്തില്‍ 40 ഹെക്ടര്‍ സ്ഥലത്താണ് കൃഷി ചെയ്യുക.
അതേസമയം, മുഖ്യമന്ത്രിയുടെ കൃഷിയിറക്കല്‍ ചടങ്ങ് യു.ഡി.എഫ് ബഹിഷ്കരിച്ചു. ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തിനുള്ളിലെ കെ.ജി.എസ് ഗ്രൂപ്പിന്‍െറ കൈവശമല്ലാതെയുള്ള സ്വകാര്യ വസ്തുക്കളില്‍ കൃഷിയിറക്കാതെ ഒന്നര കിലോമീറ്റര്‍ മാറിയുള്ള എന്‍ജിനീയറിങ് കോളജിന്‍െറ സ്ഥലത്ത് കൃഷിയിറക്കല്‍ നടത്തുന്നതിന്‍െറ പിന്നിൽ നിഗൂഢതയുണ്ടെന്ന് ആരോപിച്ചായിരുന്നു ബഹിഷ്കരണം. ഈ വിഷയത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട യു.ഡി.എഫ് ജില്ല കണ്‍വീനര്‍ ബാബു ജോര്‍ജ് മുഖ്യമന്ത്രിയുടെ കൃഷിയിറക്കല്‍ ചടങ്ങ് രാഷ്ട്രീയ തട്ടിപ്പാണെന്ന് ആരോപിച്ചു.
വ്യവസായ മേഖല പ്രഖ്യാപനം റദ്ദുചെയ്യല്‍, ലാന്‍ഡ് ബോര്‍ഡ് രൂപവത്കരണം എന്നിവക്കുവേണ്ടി ഒരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും ആരംഭിച്ചിട്ടില്ല വിമാനത്താവള പദ്ധതി പ്രദേശത്തെ തോടും പുറമ്പോക്കും പൂര്‍വസ്ഥിതിയിലെത്തിക്കാന്‍ പൂര്‍ണമായും കഴിഞ്ഞിട്ടില്ല. ഈ പദ്ധതി പ്രദേശത്താണ് കൃഷിയിറക്കുന്നതെന്ന തരത്തിലാണ് പ്രചാരണം. എന്‍ജിനീയറിങ് കോളജിനു വേണ്ടിയുള്ള സ്ഥലത്താണ് നിലം ആദ്യം ഒരുക്കിയത്. പിന്നീടത് തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് വിത്ത് എറിയല്‍ ചടങ്ങ് മാറ്റിയതെന്ന് ബാബു ജോര്‍ജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.