ഇതേതാ ഈ പുതിയ ട്രോളൻ? മുഖ്യമന്ത്രിയുടെ പോസ്റ്റുകണ്ട് നെറ്റിസൺസിന് സംശയം
text_fieldsകൊച്ചിയുടെ ഏറെക്കാലത്തെ സ്വപ്നമായ വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ ഉത്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങൾ വൈറലായി. പാലത്തെകുറിച്ച് ഉയർന്ന ആരോപണങ്ങളെ പരോക്ഷമായി വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് മുഖ്യമന്ത്രി പങ്കുവച്ചത്. വൈറ്റില മേൽപ്പാലത്തിലൂടെ കണ്ടെയ്നർ ലോറികൾ പോകുേമ്പാൾ മെട്രോയുടെ റെയിൽ ബ്രിഡ്ജിൽ തട്ടുമെന്നായിരുന്നു പ്രധാനമായും ആരോപണം ഉയർന്നിരുന്നത്. ഇവിടെ വലുപ്പമുള്ള കണ്ടെയ്നർ ലോറികൾക്ക് 'കുനിഞ്ഞു' പോകേണ്ടിവരും എന്നും പ്രചരണം നടന്നിരുന്നു.
ചില യൂ ട്യൂബർമാരാണ് പ്രധാനമായും ഇത് പ്രചരിപ്പിച്ചിരുന്നത്. ഇതിനെ ട്രോളിയാണ് മുഖ്യമന്ത്രി പാലം ഉദ്ഘാടനവിശേഷം ഫേസ്ബുക്കിൽ പങ്കുവച്ചത്. പാലത്തിലൂടെ പോകുന്ന കൂറ്റൻ കണ്ടെയ്നർ ലോറിയുടെ ചിത്രമാണ് മുഖ്യമന്ത്രി പങ്കുവച്ചത്. 'വൈറ്റില കുണ്ടന്നൂർ പാലങ്ങൾ ഉദ്ഘാടനം ചെയ്തു' എന്നും ചിത്രത്തോടൊപ്പം കുറിച്ചിട്ടുണ്ട്. പോസ്റ്റിനെ പിന്തുണച്ച് നിരവധിപേരും രംഗത്ത് എത്തിയിട്ടുണ്ട്. നേരത്തേ പാലം ഉത്ഘാടന പ്രസംഗത്തിലും മുഖ്യമന്ത്രി സർക്കാർ വിമർശകർക്കെതിരേ രൂക്ഷമായി പ്രതികരിച്ചിരുന്നു. വൈറ്റില പാലം തുറന്നുകൊടുത്ത വി4 കേരളക്കെതിരെ രൂക്ഷമായ രീതിയിലാണ് മുഖ്യമന്ത്രി സംസാരിച്ചത്.
'മികച്ച രീതിയിൽ നിർമിച്ച മേൽപ്പാലം സർക്കാർ ഉദ്ഘാടനം ചെയ്യുന്നതിൽ അസ്വസ്ഥപ്പെടുന്ന ചിലരുണ്ടാകാം. ആസൂത്രണ ഘട്ടത്തിലോ പ്രതിസന്ധി ഘട്ടത്തിലോ ഇവരെ കാണാനാകില്ല. ഫണ്ടില്ലാതെ പദ്ധതി ഉപേക്ഷിച്ചപ്പോൾ ഇവരുടെ രോഷം കണ്ടില്ല. തൊട്ടടുത്തുള്ള മറ്റൊരു പാലത്തിൽ അഴിമതിയുടെ ഭാഗമായി ബലക്കുറവ് സംഭവിച്ചപ്പോഴും ഇവരുണ്ടായില്ല. മുടങ്ങിക്കിടന്ന പദ്ധതി പ്രതിസന്ധികൾ തരണം ചെയ്ത് പൂർത്തീകരിച്ചപ്പോൾ ഇവർ കുത്തിത്തിരിപ്പുമായി പ്രത്യക്ഷപ്പെടുന്നതാണ് കണ്ടത്. പ്രശ്നങ്ങൾ സൃഷ്ടിച്ച് അതിലൂടെ പ്രശസ്തി നേടുകയാണ് ഇവരുടെ തന്ത്രം. കേവലം ചെറിയ ആൾക്കൂട്ടം മാത്രമാണവർ. നീതിപീഠത്തിൽ ഉന്നത സ്ഥാനം അലങ്കരിച്ചവർ വരെ ഇത്തരം ചെയ്തികൾക്ക് കുടപിടിക്കുകയാണ്. ഇവരോട് സഹതാപം മാത്രമേയുള്ളൂ' -മുഖ്യമന്ത്രി പറഞ്ഞു.
വൈറ്റില ജങ്ഷന് മുകളില്‍ മെട്രോ പാലത്തിന് കീഴെ അപ്രോച്ച് റോഡ് അടക്കം 717 മീറ്റര്‍ നീളത്തിൽ 85 കോടി െചലവിട്ടാണ് പാലം പണിതത്. 2017 ഡിസംബര്‍ 11നാണ് നിർമാണം തുടങ്ങിയത്. 2018 മാര്‍ച്ചിലാണ് കുണ്ടന്നൂർ പാലത്തിന്‍റെ നിർമാണം തുടങ്ങിയത്. കൊച്ചി- ധനുഷ്കോടി ദേശീയപാതക്ക് മുകളിലൂടെ അപ്രോച്ച് റോഡ് അടക്കം 701 മീറ്റര്‍ നീളത്തിൽ 74 കോടിയിലധികം െചലവിട്ടാണ് കുണ്ടന്നൂര്‍ പാലം നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.