മുഖ്യമന്ത്രിയുടെ പരാമർശം തന്നെ ഏറെ വേദനിപ്പിച്ചു -ഉമാ തോമസ് എം.എൽ.എ
text_fieldsകൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സൗഭാഗ്യമാണെന്ന മുഖ്യമന്ത്രിയുടെ പരാമർശം തന്നെ ഏറെ വേദനിപ്പിച്ചെന്ന് ഉമാ തോമസ് എം.എൽ.എ. തനിക്കെതിരെ കനത്ത സൈബർ ആക്രമണമാണ് തെരഞ്ഞെടുപ്പ് കാലത്ത് നടന്നത്. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
മുമ്പ് ഭർത്താവ് മരിച്ചാൽ സ്ത്രീകൾ ചിതയിൽ ചാടും എന്നാൽ ഇപ്പോൾ രാഷ്ട്രീയത്തിലേക്കാണ് ചാടുന്നതെന്നായിരുന്നു സൈബർ പോരാളികളുടെ ആക്രമണം. എന്‍റെ ഭർത്താവിന് ഭക്ഷണം മാറ്റിവയ്ക്കുന്നതിനെ പരിഹസിച്ചും എതിരാളികൾ രംഗത്തെത്തിയിരുന്നു. ഇതൊക്കെ ഓരോരുത്തരുടെയും സ്വകാര്യ വിഷയങ്ങളാണെന്ന് മാനിക്കാനുള്ള സാമൂഹിക ബോധം പോലും ഇല്ലാതായിരിക്കുന്നു. തെരഞ്ഞെടുപ്പിൽ എതിർസ്ഥാനാർഥിയായിരുന്ന ജോ ജോസഫിനെതിരേ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് നടക്കാൻ പാടില്ലാത്ത സംഭവമാണ്. ഇതിനുപിന്നിലുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും അവർ പറഞ്ഞു.
തൃക്കാക്കര മണ്ഡലത്തിലെ അടിസ്ഥാന പ്രശ്നങ്ങളായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും മാലിന്യസംസ്കരത്തിനുമായിരിക്കും മുൻഗണന നൽകുകയെന്നും ഉമ തോമസ് പറഞ്ഞു. കുടിവെള്ളക്ഷാമം, ഗതാഗതക്കുരുക്ക്, മാലിന്യനീക്കം, പൊതുഗതാഗത സംവിധാനം തുടങ്ങിയ നിരവധി പ്രശ്നങ്ങൾ മണ്ഡലം അഭിമുഖീകരിക്കുന്നുണ്ട്. എന്നാൽ, ഈ വിഷയങ്ങളെല്ലാം ആഴത്തിൽ പഠിക്കാൻ സമയം വേണമെന്നും പ്രശ്നങ്ങൾ പഠിച്ചുവരികയാണെന്നും ഉമ തോമസ് പറഞ്ഞു.
ഇപ്പോഴും കുടിവെള്ളം എത്താത്ത വീടുകൾ മണ്ഡലത്തിലുണ്ട്. പി.ടി തോമസ് കുടിവെള്ള പ്രശ്നപരിഹാരത്തിനായി ഒരു പദ്ധതി തുടങ്ങിവച്ചിരുന്നു. അതിന്‍റെ നിലവിലത്തെ പുരോഗതി അന്വേഷിച്ചുകൊണ്ട് ജില്ലാഭരണകൂടത്തിന് കത്ത് നൽകിയിട്ടുണ്ട്. ആ പദ്ധതി എത്രയും വേഗം പൂർത്തീകരിക്കാൻ ശ്രമിക്കും. പരിസ്ഥിതി വിഷയങ്ങളിൽ പി.ടിയുടെ നിലപാടു തന്നെയായിരിക്കും താൻ പിന്തുടരുകയെന്നും പരിസ്ഥിതിവിഷയവും പഠിച്ചുവരികയാണെന്നും അവർ പറഞ്ഞു. ഇൻഫോ പാർക്കിലേക്ക് നീളുന്ന കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം വേഗത്തിലാക്കാൻ ആവശ്യപ്പെടും. കൊച്ചി മെട്രോയുടെ ആഢംബര നികുതി പിരിവിനെതിരേ ശക്തമായി രംഗത്ത് വരും. അത് നടപ്പാക്കാനാകില്ലെന്നും അവർ പറഞ്ഞു.
കടമ്പ്രയാറിനെ മാലിന്യമുക്തമാക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്. തൃക്കാക്കര മണ്ഡലത്തിലെ വികസന പദ്ധതികൾ വേഗത്തിൽ പൂർത്തീകരിക്കുമോ എന്ന ചോദ്യത്തിന് ഉമ തോമസ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു: 'തെരഞ്ഞെടുപ്പ് കാലത്ത് മന്ത്രിമാരൊക്കെ മണ്ഡലത്തിൽ വന്ന് നിരവധി ഓഫറുകളാണ് വോട്ടർമാർക്ക് നൽകിയത്. അവർ വാഗ്ദാനം ചെയ്ത പദ്ധതികൾ പൂർത്തീകരിച്ചാൽ തന്നെ മണ്ഡലത്തിന്‍റെ മുഖം മാറും. അതുകൊണ്ട് തനിക്ക് കൂടുതൽ പണിയുണ്ടാകില്ല. തെരഞ്ഞെടുപ്പ് കാലം തനിക്ക് ഗുണം ചെയ്തു'.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.