മുഖ്യമന്ത്രിക്ക് എത്ര ഉപദേശകരുണ്ട്, ശമ്പളമെത്ര?
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എത്ര ഉപദേശകരുണ്ട്? ആറോ, അതോ എട്ടോ, ഇവരുടെ ശമ്പളമെത്ര. ചോദ്യം മുഖ്യമന്ത്രി പിണറായി വിജയനോടാണെങ്കിലും അദ്ദേഹത്തിനോ മുഖ്യമന്ത്രിയുടെ ഓഫിസിനോ ഇതിനെക്കുറിച്ച് ഒരു വ്യക്തതയുമില്ല. മുഖ്യമന്ത്രിയുടെ ഉപദേശകരെയും അവരുടെ ശമ്പളത്തെയും കുറിച്ച് അന്വേഷിച്ച മൂന്ന് പ്രതിപക്ഷ എം.എൽ.എമാർക്കും മുഖ്യമന്ത്രി നൽകിയ വ്യത്യസ്ത മറുപടികളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഏപ്രിൽ 25 നാണ് മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകിയത്.
മുഖ്യമന്ത്രിക്ക് വിവിധ മേഖലകളിലായി ഇപ്പോൾ എത്ര ഉപദേശകരുണ്ടെന്നായിരുന്നു ലീഗ് എം.എൽ.എമാരായ പാറക്കൽ അബ്ദുല്ലയുടെയും ടി.വി. ഇബ്രാഹിമിെൻറയും ചോദ്യം. ആഭ്യന്തരം-രമൺ ശ്രീവാസ്തവ, ശാസ്ത്രം-എം.സി. ദത്തൻ, നിയമം-ഡോ.എൻ.കെ. ജയകുമാർ, സാമ്പത്തികം-ഗീതാ ഗോപിനാഥ്, മീഡിയ- ജോൺ ബ്രിട്ടാസ്, പ്രസ് -പ്രഭാവർമ എന്നിങ്ങനെ ആറുപേെരന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉത്തരം. ഇതിൽ പ്രഭാവർമക്ക് 93,000-1,20,000 ശമ്പള സ്കെയിലിലും ഡോ.എൻ.കെ. ജയകുമാറിന് 77,400-1,15,200 രൂപയും പ്രതിഫലം നൽകുന്നുണ്ട്. ബാക്കിയുള്ളവരെ പ്രതിഫലം കൂടാതെ സേവനമനുഷ്്ഠിക്കണമെന്ന വ്യവസ്ഥയിലാണ് നിശ്ചയിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.
എന്നാൽ 25ന് ഇതേ ചോദ്യം ഉന്നയിച്ച എം. വിൻസൻറിനോട് തെൻറ ഓഫിസില്‍ എട്ട് ഉപദേശകരുണ്ടെന്നും ഇതില്‍ അഞ്ചുപേര്‍ക്ക് പ്രതിഫലമില്ലെന്നുമാണ് മുഖ്യമന്ത്രി അറിയിച്ചത്. വികസനകാര്യ ഉപദേശകന് 92,922 രൂപയും നിയമ ഉപദേശകന് 1,01,756 രൂപയും മാധ്യമ ഉപദേശകന് 1,04,870 രൂപയും പ്രതിമാസം നല്‍കുന്നുണ്ട്. ശാസ്ത്ര ഉപദേഷ്ടാവിന് 36,097 രൂപയും വികസന ഉപദേഷ്ടാവിന് 37,736 രൂപയും പ്രതിമാസം യാത്രബത്തയായി നൽകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഉപദേഷ്ടാക്കളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയെൻറ മറുപടിയിലെ വൈരുധ്യം ചൂണ്ടിക്കാട്ടി വി.ഡി. സതീശൻ ക്രമപ്രശ്നം ഉന്നയിച്ചു. എന്നാൽ, ഇതിൽ എന്ത് ക്രമപ്രശ്നമാണുള്ളതെന്ന് സ്പീക്കർ ചോദിച്ചത് സതീശനെ പ്രകോപിപ്പിച്ചു. ക്രമപ്രശ്നമല്ല, അവകാശ ലംഘനത്തിന് നോട്ടീസ് നൽകണമെന്നും പരിശോധിച്ച് നടപടിയെടുക്കാമെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സഭയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.