സി.എം. രവീന്ദ്രൻ ഇ.ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി
text_fieldsസി.എം. രവീന്ദ്രനെ ചോദ്യം ചെയ്തു
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ എൻേഫാഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. മുമ്പ് മൂന്ന് തവണ നോട്ടീസ് നൽകിയെങ്കിലും നാലാമത് നൽകിയ നോട്ടീസിനെത്തുടർന്നാണ് വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ കൊച്ചിയിലെ ഇ.ഡി ഓഫിസിൽ ഹാജരായത്.
രാവിലെ പത്തിന് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി വൈകിയാണ് അവസാനിച്ചത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ അനധികൃത സ്വത്ത് സമ്പാദനം, സ്വർണക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്. മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് പുറമെ മുഖ്യമന്ത്രിയുടെ ഓഫിസിലെ മറ്റ് ചിലർക്കും സ്വർണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നു എന്ന് സ്വപ്ന സുരേഷ് മൊഴി നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് രവീന്ദ്രനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ, സ്വർണക്കടത്തിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നാണ് രവീന്ദ്രെൻറ നിലപാട്. ഇദ്ദേഹം നൽകിയ മൊഴിയിലെ പല കാര്യങ്ങളിലും അവ്യക്തതയുള്ളതായി ഇ.ഡി അധികൃതർ പറയുന്നു.
ചോദ്യം ചെയ്യലിൽ ഇളവ് തേടി നൽകിയ ഹരജി ഹൈകോടതി വ്യാഴാഴ്ച പരിഗണിക്കുന്നതിന് ഏതാനും മണിക്കൂർ മുമ്പാണ് രവീന്ദ്രൻ ഹാജരായത്. വ്യാഴാഴ്ച പുലർച്ച തന്നെ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് രാവിലെ ഒമ്പത് മണിയോടെ കൊച്ചിയിലെ ഇ.ഡി ഓഫിസിൽ എത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.